ഇന്ത്യ സാമ്പത്തിക തകര്‍ച്ചയിലേക്കെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഇന്ത്യ വന്‍ സാന്പത്തിക തകര്‍ച്ചയിലേക്ക് പൊയ്കൊണ്ടിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം റഥിന്‍ റോയ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്, പ്രതീക്ഷിക്കുന്നതിലും ആഴത്തിലുള്ള പ്രതിസന്ധികളാണ് നിലവില്‍ ഉള്ളത്. ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ നേരിടേണ്ടി വന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് രാജ്യം നീങ്ങികൊണ്ടിരിക്കുന്നത്. അത് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി വർധിക്കുവാന്‍ ഇടയാക്കുമെന്നും റഥിന്‍ റോയ് പറഞ്ഞു.
1991 മുതൽ കയറ്റുമതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുന്നേറി കൊണ്ടിരുന്നത്. ജനസംഖ്യയിലെ 10 കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് സമ്പദ് ഘടനയുടെ വളർച്ച ഉണ്ടായികൊണ്ടിരുന്നത്. അത് അതിന്‍റെ പരമാവധിയില്‍ എത്തിനില്‍ക്കുകയാണ്. സാമ്പത്തിക വളർച്ച ഒരു നിശ്ചിത ഘട്ടത്തിലെത്തുമ്പോൾ മുരടിപ്പു നേരിടേണ്ടി വരുന്ന സാമ്പത്തികാ വസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങികൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ ഉപഭോഗം വര്‍ധിച്ചു വരുകയാണ് എന്നാല്‍ അതിനനുസരിച്ചുള്ള വളര്‍ച്ച നേടിയെടുക്കാന്‍ നമ്മള്‍ക്ക് സാധിച്ചിട്ടില്ല. ചൈനയും കൊറിയയും നേരിട്ട പോലെ ഈ പ്രതിസന്ധികള്‍ നേരിടാന്‍ സാധിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നത്തിലേക്ക് അത് നയിക്കും.
നോട്ടുനിരോധനവും യാതൊരു മുന്‍കരുതലുമില്ലതെ നടപ്പിലാക്കിയ ജിഎസ് ടിയും ഇന്ത്യന്‍ ജനതയുടെ ക്രയവിക്രയശേഷിയെ തകര്‍ത്തു. ജനസംഖ്യയിലെ നല്ലൊരു ശതമാനം ജനങ്ങളും ദാരിദ്രത്തിൽ കഴിയുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ ഉപഭോകൃത കപ്പാസിറ്റിറ്റിയില്‍ ഉണ്ടായിരിക്കുന്ന മരവിപ്പ് ഇന്ത്യയെ മിഡിൽ ഇൻകം ട്രാപ്പ് എന്ന് പേരിട്ടു വിളിക്കുന്ന പ്രതിഭാസത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. അതില്‍ പെട്ടുപോയാല്‍ കരകയറുക അത്ര എളുപ്പമല്ല എന്നും രതിന്‍ റോയ് പറയുന്നു. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളെല്ലാം പരാജയമായിരുന്നു വെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. അതിന്‍റെ പിന്നാലെയാണ് പധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ തന്നെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.
ഇന്ത്യ ലോകത്തിൽ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണെന്ന വാദം ശരിയാണെങ്കിലും അത് ആശാവഹമല്ല. ചൈന അതിവേഗം വളരുന്ന സാമ്പത്തിക ശക്തി അല്ലാത്തതു കൊണ്ടു മാത്രമാണ് ഇന്ത്യയ്ക്ക് ആ പദവി ലഭിച്ചത്. 6.1 മുതൽ 6.6 ശതമാനം വരെയാണ് ഇന്ത്യയുടെ വളർച്ചാനിരക്ക്. മികച്ച വളർച്ചാനിരക്ക് തന്നെയാണ് ഇത്. എന്നാൽ ആഭ്യന്തര ഉപഭോഗത്തിലുണ്ടാകുന്ന തളര്‍ച്ച ഇന്ത്യന്‍ സമ്പത്ത് വളര്‍ച്ചയെ തളര്‍ത്തും.
ഇപ്പോള്‍ ഉണ്ടെന്ന് പറയുന്ന വളര്‍ച്ചാ നിരക്ക് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. വളര്‍ച്ചാ നിരക്ക് പെരുപ്പിക്കാന്‍ മോദി സര്‍ക്കാര്‍ വ്യാജ കണക്കുകള്‍ സൃഷ്ടിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ (എന്‍എസ്എസ്ഒ) റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മോദി സര്‍ക്കാര്‍ പറഞ്ഞ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) കണക്കുകള്‍ അടിസ്ഥാനരഹിതമാണെന്ന ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി തന്നെ പുറത്തു വിട്ട റിപ്പോർട്ട്. മോദി സര്‍ക്കാര്‍ പുറത്തുവിട്ട ജിഡിപി നിരക്ക് തെറ്റാണെന്ന് അന്താരാഷ്ട്ര നാണയനിധിയിലെ മുഖ്യ സാമ്പത്തിക വിദഗ്ധയായ ഗീതാ ഗോപിനാഥും വ്യക്തമാക്കിയിരുന്നു.
ഈ സഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തികോപദേശക സമിതി അംഗവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആന്റ് പോളിസിയുടെ ഡയറക്ടറും കൂടിയായ റഥിന്‍ റോയിയുടെ നിലപാട് 2022ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വളര്‍ച്ചാനിരക്കുള്ള രാജ്യമാകുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശവാദത്തിന് തിരിച്ചടി ആയിരിക്കുകയാണ്.