വേട്ട തുടര്‍ന്നാല്‍ നിലവിലുള്ള സ്ഥാപനങ്ങളും പറിച്ചുമാറ്റേണ്ടി വരും. തുറന്നടിച്ച് സാബു ജേക്കബ്.

Print Friendly, PDF & Email

കാലം മാറുന്നത് നാം അറിയുന്നില്ല. നമ്മള്‍ ഇപ്പോഴും 50 വര്‍ഷം പുറകിലാണ്. കേരളത്തെ ഉപേക്ഷിച്ചതല്ല. നിവൃത്തികേടുകൊണ്ടാണ് പോകുന്നത്. താന്‍ പ്രോജക്ട് പോലും വച്ചില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. വേലി തന്നെ വിളവ് തിന്നുന്നു!. ആരോട് പരാതിപ്പെടും ?. ഒരു വാര്‍ഡ് നേതാവ് തീരുമാനിച്ചാല്‍ ഒരു വ്യവസായത്തെ പൂട്ടിക്കുവാന്‍ കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതിനൊക്കെ ഒരു പരിധിയുണ്ട്. രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും അണികളുടെ തലത്തിലും മാറ്റം വരണം. അല്ലാതെ മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ വിചാരിച്ചിട്ട് കാര്യമില്ല. വ്യവസായ സംരഭത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തെലുങ്കാനക്കു പുറപ്പെടുന്നതിനു മുന്പ് മാധ്യമപ്രവര്‍ത്തകരുമായി നെടുംബാശ്ശേരി വിമാനതാവളത്തില്‍ വച്ച് സംസാരിക്കവേയാണ് വ്യവസായികളോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരെ കിറ്റക്സ് എംഡി സാബു എം ജേക്കബ് തുറന്നടിച്ചത്.

‘എന്നെ മൃഗത്തെപ്പോലെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. കേരളം വിട്ടുപോകുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. വിട്ടുപോകണമെന്ന് കരുതിയതുമല്ല. എന്നെ ചവുട്ടി പുറത്താക്കുകയായിരുന്നു. വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല. എന്‍റെ കാര്യം നോക്കാൻ എനിക്കറിയാം. പക്ഷേ കേരളത്തിൽ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാരായ സംരംഭകരെ ഓർത്ത് എനിക്ക് വേദനയുണ്ട്. 53 വര്‍ഷമായിട്ട് കേരളത്തില്‍ ഒരു വ്യവസായിക ചരിത്രം സൃഷ്ടിച്ച, വിപ്ലവം സൃഷ്ടിച്ച ഒരു വ്യവസായിയുടെ അവസ്ഥ ഇതാണെങ്കില്‍ 10000 വും 20000 ഒക്കെ മുടക്കി ജീവിതം തന്നെ പണയം വെച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ എന്തായിരിക്കും. ഇന്ന് കേരളത്തില്‍ നിന്ന് 53 ലക്ഷം ആളുകളാണ് തൊഴില്‍ തേടി പുറം രാജ്യങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും പോയിരിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഒരു 25 വര്‍ഷം കഴിയുമ്പോഴേക്കും കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറും. ഒറ്റകുട്ടികള്‍ പോലും ഈ കേരളത്തില്‍ ഉണ്ടാകില്ല. ഇങ്ങനെ പോയാൽ പുതിയ തലമുറയെ ഓർത്ത് നമ്മൾ ദുഃഖിക്കേണ്ടി വരും. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് ഏഴ് ലക്ഷം മലയാളികളാണ് തൊഴില്‍ തേടി പോയിരിക്കുന്നത്. എന്നാല്‍ 2020 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ജോലിക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാളികള്‍ അന്യസംസ്ഥാനങ്ങളില്‍ പോയി ജോലിചെയ്ത് ജീവിക്കേണ്ട സാഹചര്യമാണുള്ളത്.

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവർ സ്വകാര്യ ജെറ്റയച്ച് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ഇങ്ങോട്ട് ക്ഷണിച്ചു. അതുകൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാൻ തീരുമാനിച്ചത്. ”3500 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിച്ചുവെന്ന് താൻ പറഞ്ഞപ്പോൾ ഒരാൾ പോലും തന്നെ വിളിച്ചില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ യോഗം വിളിച്ചുവെന്ന് പറഞ്ഞു. എന്നിട്ടെന്തുണ്ടായി? യോഗശേഷം പുറത്തുവന്ന വ്യവസായമന്ത്രി ഉദ്യോഗസ്ഥർ ചെയ്തതെല്ലാം ശരിയാണെന്ന് പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. ആരോട് പരാതി പറയാൻ? എത്രയോ ദിവസമായി വേദനയോടെ ഇതെല്ലാം സഹിക്കുന്നു. ഇനിയില്ല”. എന്നെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്നില്ല എങ്കില്‍ നിലവിലുള്ള സ്ഥാപനങ്ങളും പറിച്ചുമാറ്റുന്നതിനെ കുറിച്ച് ആലോചിക്കേണ്ടിവരും. കെട്ടിടങ്ങള്‍ പണിഞ്ഞത് നഷ്ടമാണെങ്കില്‍ അതിനുള്ള പണം തരാമെന്ന് മറ്റ് സംസ്ഥാനങ്ങള്‍ പറഞ്ഞെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.