ഒന്നരപതറ്റാണ്ട് നീണ്ട വസൂരിക്കെതിരെയുള്ള മഹായുദ്ധം…!

Print Friendly, PDF & Email

ഇന്ന് രാജ്യത്തിലെ പൗരന്മാര്‍ വാക്സിനു വേണ്ടിയുള്ള യുദ്ധത്തിലാണ്. വാക്സിന്‍ കേന്ദ്രങ്ങളുടെ മുന്പില്‍ വയോജനങ്ങളടക്കം വാക്സിനു വേണ്ടി മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നു. പലരും കുഴഞ്ഞു വീഴുന്നു. മണിക്കൂറുകളുടെ കാത്തിരിപ്പിനു ശേഷം വാക്സിന്‍ കിട്ടാതെ നിരാശയോടെ മടങ്ങുന്നു. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനായി വാക്സിനു വേണ്ടിയുള്ള നിലവിളികളാണ് രാജ്യമെങ്ങും മുഴങ്ങുന്നത്. എന്നാല്‍ അരനൂറ്റാണ്ടിനു മുന്പ് വാക്സിനേഷന്‍ എന്നു കേട്ടാല്‍ ഓടിയൊളിക്കുന്ന ഒരു ജനതക്ക് വിജയകരമായി വാക്സിനേഷന്‍ നടത്തി നൂറ്റാണ്ടുകളോളം നിലനിന്ന കോടിക്കണക്കിന് മനുഷ്യ ജീവനെടുത്ത വസൂരിയെ പിടിച്ചുകെട്ടിയ ഒരു ചരിത്രം ഇന്ത്യക്കുണ്ട്. അതിനു നേതൃത്വം നല്‍കിയതാകട്ടെ ഇന്ത്യയുടെ ഉരുക്കു വനിതയായ പ്രിയദര്‍ശനി ഇന്ദിര ഗാന്ധിയും. വസൂരിക്കെതിരെയുള്ള യുദ്ധത്തില്‍ നാം നേടിയ വിജയത്തിന്‍റെ കഥ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്ന്.

വാക്സിന്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തിരുന്ന കാലത്ത് നാല് വാക്സിന്‍ നിര്‍മ്മാണശാലകള്‍ സ്ഥാപിച്ച് രാജ്യത്തെ മൊത്തം ആവശ്യവും നിറവേറ്റാന്‍ തക്ക അളവില്‍ വാക്സിന്‍ നിര്‍മ്മിക്കുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട്, 1962 ല്‍ മൂന്ന് വര്‍ഷത്തിനള്ളില്‍ ഇന്ത്യന്‍ ജനതക്ക് മൊത്തം വാക്സിന്‍ കൊടുക്കുക എന്നു ഉദ്ദേശിച്ചു ദേശീയ വസൂരി നിര്‍മ്മാര്‍ജ്ജന പദ്ധതി ആരംഭിച്ചു. 1962 –67 വരെ നീണ്ടു നിന്ന സൗജന്യ മാസ് വാക്സിനേഷന്‍ കാമ്പെയിന്‍റെ ആരംഭം അങ്ങനെ കുറിക്കപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകര്‍വീടുവീടാന്തിരം കയറിഇറങ്ങി. തട്ടിന്‍പുറത്ത് ഒളിപ്പിച്ച കുട്ടികളെ അട്ടംപരതി കണ്ടുപിടിച്ചും ഓടി രക്ഷപെട്ടവരെ ഓടിച്ചിട്ടു പിടിച്ചും എല്ലാ സ്കൂളുകളിലും എത്തി കുട്ടികളെ നിര്‍ബ്ബന്ധിച്ചും അവര്‍ വാക്സിന്‍ നല്‍കി.

പിന്നീടാണ് വസൂരിക്കെതിരെയുള്ള യുദ്ധത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. 1968മുതല്‍ 1972വരെ നീണ്ടുനിന്ന ഫോര്‍മുലേഷന്‍ ഓഫ് സൗണ്ട് സ്റ്റ്രാറ്റജി(FORMULATION OF A SOUND STRATEGY) എന്ന് പേരിട്ട ഈ പദ്ധതിയില്‍ രോഗം ഉള്ളവരെ നേരത്തെ കണ്ടെത്താന്‍ ഉള്ള നടപടികള്‍ കൂടി ഉള്‍പ്പെടുത്തി. രോഗം പൊട്ടിപ്പുറപ്പെടുന്നത് റിപ്പോര്‍ട്ട്‌ ചെയ്യാനും നിയന്ത്രിക്കാനും നടപടികളെടുത്തു.

1973 – 75 കാലഘട്ടത്തിലാണ് മൂന്നാം ഘട്ടമായ തീവ്ര ക്യാമ്പെയിന്‍ നടത്തുന്നത്. ഈ ഘട്ടത്തില്‍ രോഗം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിച്ചു, ശക്തമായ നിരീക്ഷണ സംവിധാനത്തിലൂടെ രോഗം സംശയിക്കുന്നവരെ വരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചു. രോഗ സ്ഥിരീകരണത്തിനു രാജ്യത്ത് പുതിയതായി ആറ് ലാബ് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിച്ചു. രോഗം സംശയിക്കുന്നവരുടെ ശ്രവങ്ങള്‍ അവിടെ എത്തിച്ച് രോഗം സ്ഥിരീകരിച്ചു. വസൂരിയുടെ ഒടുക്കത്തിന്റെ തുടക്കമായിരുന്നു ഈ തീവ്ര യജ്ഞം.

തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് വസൂരിയെന്ന മഹാമാരിയെ തുടച്ചു നീക്കുന്ന മഹായത്നത്തിന്‍റെ അവസാന ഘട്ടം ആരംഭിച്ചു. ഓപ്പറേഷന്‍ സ്മാള്‍ പോക്സ് സീറോ (OPERATION SMALLPOX ZERO എന്നു പേരിട്ട ഈ അവസാന യുദ്ധം 1975 മുതല്‍ 77വരെ നീണ്ടു നിന്നു. 1975 ലാണ് ഇന്ത്യയില്‍ അവസാന വസൂരി കേസ് റിപ്പോര്‍ട്ട്‌ ചെയ്തത്. എന്നാല്‍ വസൂരിയുടെ മേല്‍ അവസാന വിജയം നേടാന്‍ രണ്ടു വര്‍ഷം നീളുന്ന ശക്തമായ നിരീക്ഷണ പരിപാടികള്‍ ആണ് ഏര്‍പ്പെടുത്തിയത്. ഏതു അസുഖവുമായും പനിയും ശരീരത്ത് പാടുകളും ബാധിച്ചു വരുന്നവരെ എല്ലാം നിരീക്ഷണത്തിനു വിധേയമാക്കി റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത് നിര്‍ബന്ധമാക്കി. കേസുകള്‍ ഒളിച്ചു വെക്കപ്പെടാതെയിരിക്കാന്‍ രോഗം പൊട്ടിപ്പുറപ്പെട്ട വിവരം അറിയിക്കുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രോത്സാഹനമായി 10 രൂപ മുതല്‍ 50 രൂപ വരെ പാരിതോഷികം നല്‍കി പ്രോത്സാഹിപ്പിച്ചു. 1975 ല്‍ ഈ തുക 1000രൂപ ആയി ഉയര്‍ത്തി.

വസൂരി വിമുക്ത ഇന്ത്യയ്ക്കായി 6 ലക്ഷം ഗ്രാമങ്ങളിലെ 10 കോടിയോളം മനുഷ്യര്‍ക്ക്‌ വാക്സിന്‍ നല്‍കി എന്നാണ് ഏകദേശ കണക്ക്. അവസാനമായി വസൂരി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1975നു ശേഷം രണ്ടു വര്‍ഷം പുതുതായി യാതൊരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ 1977 ഏപ്രില്‍ 23ന് ഇന്ത്യ വസൂരി വിമുക്തമായി പ്രഖ്യാപിച്ചു. പിന്നീട് നീണ്ട 44 സംവത്സരങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഒരു പുതിയ ഒരു വസൂരി കേസു പോലും രാജ്യത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയ ലോകത്തിന് അപരിചിതമായ വിധം വസൂരി എന്ന മാരകരോഗത്തെ നിർമ്മാർജനം ചെയ്യുവാന്‍ 15 വര്‍ഷം നീണ്ടു നിന്ന ഈ യുദ്ധത്തില്‍ ഇന്ത്യയിലെ ഒരു പൗരനില്‍ നിന്നും ഒരു ചില്ലികാശുപോലും വാക്സിന്‍റെ വിലയായോ വാക്സിനേഷന് സംഭാവനയായോ മേടിച്ചിട്ടില്ല. കോവിഡ് എന്ന മഹാമാരിക്കാലത്ത് തെരുവുകളില്‍ ജനകോടികള്‍ ചത്തുവീഴുന്പോഴും ദരിദ്രനാരായണന്മാരായ ഇന്ത്യന്‍ പൗരനോട് വാക്സിനുവേണ്ടി വിലപേശുന്ന നവയുഗ ഭരണനേതൃത്വത്തിന് മുമ്പില്‍ ഇന്ത്യയുടെ ഉരുക്കു വനിതയായ ഇന്ദിരാഗന്ധി മാഹാമേരുവായി ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്നു എന്ന സത്യം നാം തിരിച്ചറിയുന്നത്.