ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു; കാവല്‍ പ്രധാനമന്ത്രിയായി തുടരും

Print Friendly, PDF & Email

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്ഥാനം രാജിവെച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവെച്ചതിന്‍റെ പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനം കൂടി രാജിവച്ചത്. ഇതോടെ ബ്രിട്ടനില്‍ ബോറീസ് യുഗം അവസാനിച്ചു. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും, അതുവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും അതിനായി പുതിയ മന്ത്രിസഭയെ നിയമിച്ചതായും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ അടക്കം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഏകദേശം അമ്പതോളം പേര്‍ ദിവസങ്ങള്‍ക്കുള്ളില്‍ രാജിവെച്ചതോടെയായിരുന്നു ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയായിരുന്നു ഇവരുടെ രാജി. ഇതേതുടര്‍ന്ന് വലിയ പ്രതിന്ധിയിലേക്ക് ആയിരുന്നു ബോറിസ് മന്ത്രിസഭ എത്തപ്പെട്ടത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് ഒരു മാസത്തിന് ശേഷമാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തത്. പാര്‍ട്ടി ഗേറ്റ് വിവാദമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പാര്‍ട്ടി നടത്തിയെന്ന വിഷയത്തിലും ബോറിസ് ജോണ്‍സണ്‍ കള്ളം പറഞ്ഞു എന്നും എംപിമാര്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിലും പ്രധാനമന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് രാജിക്ക് കാരണമെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിമാരുടെ രാജിക്ക് പിന്നാലെ മുതിര്‍ന്ന കാബിനറ്റ് മന്ത്രി മൈക്കല്‍ ഗോവിനെ ബോറിസ് ജോണ്‍സണ്‍ പുറത്താക്കുകയും ചെയ്തിരുന്നു. ബ്രെക്‌സിറ്റ് വിഷയങ്ങളിലടക്കം ബോറിസ് ജോണ്‍സന്റെ വലംകയ്യായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു മൈക്കല്‍ ഗോവ്.

വിവാദങ്ങളുടെ വലിയൊരു നിര തന്നെയാണ് ബോറിസ് സര്‍ക്കാരിനെ പിടിച്ചുലച്ചത്. പാര്‍ട്ടി ഗേറ്റ് വിവാദം മുതല്‍ ലൈംഗിക പീഡനപരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറിന് അനുകൂലമായി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ച നിലപാട് വരെ രാജിയിലേക്ക് നയിച്ച കാരണങ്ങളാണ്. ബോറിസ് ജോണ്‍സണെ താഴെയിറക്കിയ വിവാദങ്ങളില്‍ ചിലതാണ് താഴെ പറയുന്നത്.

പിഞ്ചര്‍ വിവാദം:
ലൈംഗിക പീഡനപരാതികളില്‍ ആരോപണ വിധേയനായ ക്രിസ്ഫിഞ്ചറിന് അനുകൂലമായി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ച നിലപാട് സ്വീകരിച്ചതോടെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ലൈംഗിക ആരോപണം നേരിട്ട ക്രസ്റ്റഫര്‍ പിഞ്ചറിനെ ഫെബ്രുവരിയിലാണ് ബോറിസ് ജോണ്‍സണ്‍ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചത്. പിഞ്ചറിനെതിരെ രണ്ട് പുരുഷന്മാരാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ഇത് സമ്മതിച്ച പിഞ്ചറിനെ കഴിഞ്ഞയാഴ്ച പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിഞ്ചറിനെതിരെ മുന്‍കാലങ്ങളിലും ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നിരുന്നുവെന്ന വാര്‍ത്ത പിന്നീട് പുറത്തുവന്നു. ഈ ആരോപണങ്ങളെ കുറിച്ച് ബോറിസ് ജോണ്‍സണ് അറിവില്ലായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആദ്യവാദം. എന്നാല്‍ പിഞ്ചറിനെ നിയമിക്കുന്ന സമയത്ത് തന്നെ തനിക്ക് ഈ ആരോപണങ്ങള്‍ സംബന്ധിച്ച അറിവുണ്ടായിരുന്നതായി ബോറിസ് ജോണ്‍സണ്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. തുടര്‍ന്ന് ജോണ്‍സണ്‍ മാപ്പ് പറഞ്ഞെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങാന്‍ അത് ഉപകരിച്ചില്ല. 2019ല്‍ ആരോപണങ്ങള്‍ അന്വേഷിച്ച് ശരിവെച്ചതാണെന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും വിവാദങ്ങള്‍ക്ക് ശക്തികൂട്ടി. ഇതോടെയാണ് മന്ത്രിമാരുടെയുള്‍പ്പടെ രാജി വെക്കുവാന്‍ ആരംഭിച്ചത്.

‘പാര്‍ട്ടിഗേറ്റ്’:
കൊവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടികള്‍ നടത്തിയതാണ് പാര്‍ട്ടിഗേറ്റ് വിവാദം. ബോറിസ് ജോണ്‍സന്റെ ഡൗണിങ് സ്ട്രീറ്റ് ഓഫീസില്‍ നടത്തിയ പിറന്നാള്‍ സല്‍ക്കാരം കര്‍ശന കൊവിഡ് ലോക്ക്ഡൗണ്‍ നിയമ ലംഘനമാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് ബോറിസ് ജോണ്‍സണില്‍ നിന്നും ഭാര്യയില്‍ നിന്നുമുള്‍പ്പടെ പിഴ ഈടാക്കി. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകളുടെ തലേന്ന് ജീവനക്കാരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിന് ബോറിസ് ജോണ്‍സണ്‍ എലിസബത്ത് രാജ്ഞിയോട് ക്ഷമ ചോദിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ബോറിസ് ജോണ്‍സണെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഇതിന് പിന്നാലെയുണ്ടായി. പാര്‍ട്ടികളെ കുറിച്ച് അറിവില്ലായിരുന്നുവെന്ന ബോറിസ് ജോണ്‍സന്റെ വാദം ശരിയാണോയെന്ന പാര്‍ലമെന്റിന്റെ അന്വേഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല.

ലൈംഗിക ആരോപണങ്ങള്‍:
തന്റെ പാര്‍ട്ടിയിലുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളും ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ആരോപണം നേരിട്ട രണ്ട് നിയമനിര്‍മ്മാതാക്കള്‍ രാജിവെച്ചു. ഇതേതുടര്‍ന്ന് നടത്തിയ പ്രത്യേക തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായി. 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മറ്റൊരു കണ്‍സര്‍വേറ്റീവ് നേതാവും രാജിവെച്ചിരുന്നു. സമാന ആരോപണത്തില്‍ മറ്റൊരു നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

‘മോടി പിടിപ്പിക്കല്‍ അഴിമതി’:
ബോറിസ് ജോണ്‍സന്റെ ഫ്ലാറ്റ് മോടി പിടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതിയും സര്‍ക്കാരിനെ പിടിച്ചുലച്ചിരുന്നു. സെലബ്രിറ്റി ഡിസൈനറിനെ ഉപയോഗിച്ച് നടത്തിയ മോടിപിടിപ്പിക്കലില്‍ ഫ്ലാറ്റ് അലങ്കരിക്കാന്‍ സ്വര്‍ണ വാള്‍പേപ്പര്‍ വരെ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് 17,800 പൗണ്ട് ബ്രിട്ടണ്‍ ഇലക്ട്രല്‍ കമ്മീഷന്‍ പിഴ ഈടാക്കിയിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •