കേന്ദ്രത്തിന്റെ നിരീക്ഷണ കണ്ണ് അടുക്കളകളിലേക്ക്…
ആദ്യഘട്ടമെന്ന നിലയില്‍ രാജ്യത്തു പുതുതായി സ്ഥാപിക്കുന്ന എല്ലാ ഡിടിഎച്ച് കണക്ഷനുകള്‍ക്കൊപ്പമുള്ള സെറ്റ് ടോപ് ബോക്‌സുകളിലും ടെലികോം റെഗലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) ഒരു ഇലക്ട്രോണിക് ചിപ് കൂടി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം ട്രായ്ക്കു നല്‍കി. ഉപഭോക്താക്കള്‍ ടിവിയില്‍ ഏതെല്ലാം ചാനലുകള്‍ കാണുന്നു, എത്ര സമയം കാണുന്നു എന്നെല്ലാം അറിയാന്‍ വേണ്ടിയാണിതെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പറയുന്നു.
പരസ്യദാതാക്കളെ സഹായിക്കാന്‍ വേണ്ടയാണിതെന്നാണ് മന്ത്രാലയത്തിന്റെ ന്യായീകരണം. പരസ്യദാതാക്കള്‍ക്കും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി(ഡിഎവിപി)യ്ക്കും ഇതുവഴി തങ്ങളുടെ പണം ഫലപ്രദമായി വിനിയോഗിക്കാനാകുമെന്നും മന്ത്രാലയം പറയുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഡിറ്റിഎച് സെറ്റ് ടോപ് ബോക്‌സുകളിലും പിന്നീട് കേബിള്‍ കണക്ഷനുകളടക്കമുള്ള എല്ലാ ടിവി സെറ്റ് ടോപ് ബോക്‌സുകളിലും ചിപ്പ് ഘടിപ്പിച്ച് പ്രക്ഷകരെ നിരീക്ഷിക്കുവാനാണ് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ നീക്കം.
എന്നാല്‍ സ്വകാര്യത അടിസ്ഥാന അവകാശമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തു ഇത് ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്ന്നാണ് സൈബര്‍ വിദഗ്ധരുടെ വിലയിരുത്തല്‍.
ജനങ്ങള്‍ എന്തെല്ലാമാണ് ടിവിയില്‍ കാണുന്നതെന്നറിയാന്‍ ഒട്ടേറെ വഴികളുണ്ട്. ചില വീടുകളില്‍ മാത്രം, അവരുടെ അനുവാദത്തോടെ, പ്രത്യേക തരം മീറ്ററുകള്‍ സ്ഥാപിച്ചുള്ള കണക്കെടുപ്പാണ് നിലവില്‍ നടത്തുന്നത്. പക്ഷേ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) നേതൃത്വത്തിലുള്ള ഈ കണക്കെടുആധികാരികമല്ലെന്നാണു സര്‍ക്കാര്‍ നിലപാട്. അതു നടപ്പാക്കുന്നതിനു പകരം ചിപ് ഘടിപ്പിച്ച് വിവരം ശേഖരിക്കുന്നത് സ്വകാര്യതയിന്മേലുള്ള കടന്നു കയറ്റമാണ്. ഒരേസമയം വ്യക്തിയുടെയും അവരുടെ ഡേറ്റയുടെയും സ്വകാര്യതയിലേക്കാണ് ഈ ചിപ് കടന്നുകയറ്റം നടത്തുന്നത്. ഇന്റര്‍ നെറ്റില്‍ അധിഷ്ഠിതമായ സ്മാര്‍ട് ടിവി വ്യാപകമാകുന്ന ഇക്കാലത്ത ഈ ചിപ്പിലൂടെ മറ്റു പല വിവരങ്ങളും ശേഖരിക്കാന്‍ കഴിയും.
ഓരോ വ്യക്തിയും എന്തു കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നതും അവര്‍ ടിവിയില്‍ എന്തു തിരയുന്നുവെന്നുമെല്ലാമുള്ള വിവിവരങ്ങള്‍ ചിപ്പിലൂടെ ശേഖരിക്കാവുന്ന അവസരമുണ്ടായാല്‍ ഏറ്റവുമധികം പേര്‍ കാണുന്ന ചാനലുകള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുവാനും അ്ത്തരം ചാനലുകളെ പ്രമോട്ട് ചെയ്യാനും സര്‍ക്കാരുകളെ വിമര്‍ശിക്കുന്ന ചാനലുകളെ തകര്‍ക്കാനും ഇതുവഴി ഭരണകൂടങ്ങള്‍ക്ക് കഴിയും. ഇതോടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ മരണമണിയായിരിക്കും മുഴങ്ങുക. ഇതു തന്നെയാണ് കേന്ദ്ര സര്‍്ക്കാരിന്റെ ലക്ഷ്യവും.
ഒരു വിഭാഗം ജനത്തില്‍ നിന്നുള്ള കണക്കെടുപ്പ് എന്ന പരമ്പരാഗത രീതി; മൊത്തം പ്രേക്ഷകരുടെ വിവരശേഖരണത്തിലേക്കു മാറുന്നത് അപകടകരമാണെന്നാണ് വിദഗ്ധരുടെ പക്ഷം. സെറ്റ് ടോപ് ബോക്‌സുകള്‍ അധികം വൈകാതെ തന്നെ ഒരു നിരീക്ഷണ ഉപകരണമായി മാറുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തങ്ങള്‍ ഏത് ചാനലുകളാണ് സ്ഥിരമായി കാണുന്നതെന്ന കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്ന സര്‍ക്കാരുകള്‍ക്ക് പ്രേക്ഷകന്റെ രാഷ്ട്രീയ ചായ്‌വ് പോലും മനസ്സിലാക്കാന്‍ കഴിയും. ഇത്തരം വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്ന സര്‍ക്കാരുകള്‍ക്ക് ഭാവിയില്‍ പൗരന്റെ മേല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ചെലത്തുവാനും കഴിയും. ഇത് പൗരന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഏല്‍പ്പിക്കുന്ന ആഘാതം കനത്തതായിരിക്കും.
വീടിന്റെ സ്വകാര്യതയിലിരുന്ന് ഒരാള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്ന കാര്യങ്ങളുടെ കണക്കെടുക്കുന്നത് അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇതില്‍ സര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യം ശക്തമാണ്. പൗരന്റെ മൗലിക അവകാശങ്ങളും ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ടും മറ്റ് സുപ്രധാന നിയമങ്ങളും ഹനിക്കുന്ന ഇത്തരം നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായും പിന്മാറണമെന്ന ആവശ്യം ശക്തമായി ഉയരേണ്ടിയിരിക്കുന്നു.
മറ്റൊരപകടം ഉള്ളത്, സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടുന്ന ഡേറ്റ എന്തിനെല്ലാം ഉപയോഗിക്കുവെന്ന കാര്യത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യത ഉറപ്പാക്കേണ്ടി വരും. പ്രേക്ഷകരുടെ ഡാറ്റ കൃത്യമായി ലഭിക്കുന്ന പരസ്യദാതാക്കള്‍ അതിനെ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തിലും വ്യക്തത ഉണ്ടാക്കണം. സെര്‍വ്വറുകളില്‍ നിന്ന് ഡേറ്റ ഹാക്ക് ചെയ്യപ്പെടുവാനും സാധ്യതകളേറെയാണ് അതിന് തടയിടുവാനുള്ള സംവിധാനവും ഉണ്ടാക്കണം. എന്നാല്‍ ഇത്തരം ഒരു തയ്യാറെടുപ്പുമില്ലാതെ വീടുകളുടെ അടുക്കളയിലേക്കുവരെ നിരീക്ഷണം നടത്തുവാനും നിയന്ത്രണം കൊണ്ടുവരുവാനമുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അടുത്ത ദേശീയ തിരഞ്ഞെടുപ്പിനു മുമ്പ് വിഷ്വല്‍ മീഡിയകളുടെ വായ് മൂടിക്കെട്ടുവാനുള്ള തത്രപ്പാടിന്റെ ഭാഗമാണെന്ന് വിദഗ്ദര്‍ ആശങ്കപ്പെടുന്നു.