“മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ കോണ്‍. സർക്കാരുകൾക്കു രക്ഷയില്ല”- രാഹുൽ ഗാന്ധി
മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്‍ഗ്രസ് സർക്കാരുകൾക്കു രക്ഷയില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 10 മുതൽ 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ബിജെപി ഭരണം അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പണം മാത്രമല്ല ജനാധിപത്യത്തിന്റെ തൂണുകളായ ജുഡീഷറിയും മാധ്യമങ്ങൾ പോലും ഇത്തരം അട്ടിമറിക്കു കൂട്ടുനിൽക്കുകയാണ്. തൂത്തുക്കുടിയിൽ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ വിമർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുംശക്തമായ വിമർശനമാണ് രാഹുൽ ഉയര്‍ത്തിയത്. പ്രധാനമന്ത്രി ഉപകാരപ്രദമാണോ അല്ലയോ എന്നതല്ല ചോദ്യം. ആർക്കാണ് അദ്ദേഹം ഉപകാരപ്പെടുന്നത് എന്നതാണു ചോദ്യം. അദ്ദേഹത്തെ ഉപയോഗിച്ചു സന്പത്ത് വർധിപ്പിക്കുന്ന രണ്ടു പേർക്കു മാത്രമാണു പ്രധാനമന്ത്രിയെക്കൊണ്ടു ഗുണമുള്ളതെന്നും രാഹുൽ വിമർശിച്ചു. കുറച്ചു പേരുടെ താത്പര്യങ്ങൾക്കായി മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

