വിടവാങ്ങിയത് മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരൻ

Print Friendly, PDF & Email

മലബാറിന്റെ സാമൂഹ്യ-സാംസ്ക്കാരിക-സാഹിത്യ മേഖലയിലെ നിറസാന്നിധ്യമായിരുന്നു യു.എ ഖാദർ. വടക്കൻമലബാറിന്റെ സാംസ്ക്കാരിക തനിമ ലോകത്തോട് വിളിച്ചു പറഞ്ഞ മഹാനായ സാഹിത്യകാരന്റെ വിയോ​ഗം മലയാള സാഹിത്യത്തിന് നികത്താനാവാത്ത നഷ്ടമാണ്. കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, നോവലുകൾ തുടങ്ങി 40ലേറെ കൃതികൾ രചിച്ചിട്ടുണ്ട്. തൃക്കോട്ടൂർ പെരുമ, തൃക്കോട്ടൂർ നോവെല്ലകൾ, കഥപോലെ ജീവിതം, ഒരുപിടി വറ്റ്, തൃക്കോട്ടൂർ കഥകൾ, വായേ പാതാളം, ഖാദർ കഥകൾ, ഒരു പടകാളി പെണ്ണിന്റെ ചരിത്രം, ഖുറൈശിക്കൂട്ടം, ഓർമ്മകളുടെ പഗോഡ എന്നിവയാണ് പ്രധാനകൃതികൾ. കുറുമ്പ്റനാടിന്റെ ചൂടും ചൂരുമുള്ള അദ്ദേഹത്തിന്റെ കൃതികൾ ആരേയും ആകർഷിക്കുന്നതായിരുന്നു.തൃക്കോട്ടൂർ പെരുമയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും തൃക്കോട്ടൂർ നോവെല്ലകൾക്ക് 2009ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കഥപോലെ ജീവിതത്തിന് 1993ലെ എസ്.കെ. പൊറ്റെക്കാട് അവാർഡും ലഭിച്ചു. 2009ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്‌കാരവും 2017ൽ കേരള സാഹിത്യ അക്കാദമിയുടെ പരമോന്നത പുരസ്‌കാരമായ വിശിഷ്ടാംഗത്വവും നൽകി ആദരിച്ചു. നിരവധി കഥകൾ ഇതരഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ചിത്രകാരൻ എന്ന നിലയിലും കഴിവു തെളിയിച്ചു.

കൊയിലാണ്ടിക്കാരനായ മൊയ്തീന്‍കുട്ടി ഹാജിയുടെയും ബര്‍മക്കാരിയായ മാമെദിയുടെയും മകനായി ബര്‍മയിലാണ് യു.എ. ഖാദര്‍ ജനിച്ചത്. കുട്ടിക്കാലത്തെ അമ്മമരിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് അഭയാര്‍ഥിയായി പിതാവിന്റ നാടായ കൊയിലാണ്ടിയില്‍ എത്തുമ്പോള്‍ ഏഴുവയസ്സ്. ബാപ്പയുടെ ഉമ്മയുടെ വീട്ടിലായിരുന്നു ആദ്യകാലം. അവര്‍ മരിച്ചതോടെ രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറി. മലയാളം എഴുതാനോ വായിക്കാനോ പോലും അറിയാത്ത ബര്‍മക്കാരന്‍ ബാലന്‍ സഹപാഠികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടുത്ത ഒറ്റപ്പെടല്‍ അനുഭവിച്ചാണ് വളര്‍ന്നത്. പലപ്പോഴും മുറിയില്‍ ഒറ്റയ്ക്കിരുന്നു. നെയ്തുകാരുടെ തെരുവിലെ കുട്ടികളുമായി ചങ്ങാത്തം കൂടി. രണ്ടാനമ്മയുടെ വീട്ടില്‍ താമസം തുടങ്ങിയതോടെയാണ് യു.എ. ഖാദറിന് സാഹിത്യത്തിലുള്ള താത്പര്യം വളരുന്നത്. സൂളില്‍ കെയെഴുത്തുമാസികകളിലും മറ്റും എഴുതുമായിരുന്നു. സ്‌കൂള്‍ ജീവിതകാലത്ത് എഴുതിയ ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’ എന്ന കഥ ആദ്യമായി പ്രസദ്ധീകരിച്ചത് ചന്ദ്രികയില്‍. യുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പുകളില്‍ എവിടെയെങ്കിലും തന്നെ ഉപേക്ഷിക്കാതെ നാട്ടിലെത്തിച്ചതില്‍ അച്ഛനോടുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •