ജനുവരി മുതല്‍ രാജ്യത്ത് വാക്സിനേഷന്‍ ആരംഭിക്കും. ഒക്ടോബറോടെ ജനജീവിതം സാധാരണ നിലയിലാകും..?

Print Friendly, PDF & Email

രാജ്യം എന്ന് സാധാരണ നിലയിലാവും. ഓരോ ഇന്ത്യക്കാരനും ചോദിക്കുന്ന ചോദ്യമാണിത്. എന്നാല്‍ അടുത്ത ഒക്ടോബറോടെ മാത്രമേ രാജ്യം സാധാരണ ജീവിത നിലയിലേക്ക് എത്തുകയുള്ളൂ എന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല പ്രതീക്ഷിക്കുന്നത്. ഓക്‌സ്ഫോഡ് സർവകലാശാലയും മരുന്നു കമ്പനിയായ അസ്ട്രാസെനകയും സംയുക്തമായി നിർമിക്കുന്ന വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മ്മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്സിന്‍റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. ഡിസംബർ അവസാനത്തോടെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് അദാർ പൂനാവാല പറഞ്ഞു. അടുത്ത വർഷം സെപ്തംബർ– ഒക്ടോബറോടെ എല്ലാവർക്കും ആവശ്യാനുസരണമുള്ള വാക്‌സീനുകളും ലഭ്യമായി സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാകും. എന്നാല്‍ 20% ഇന്ത്യക്കാർക്ക് വാക്‌സീൻ ലഭ്യമായിക്കഴിയുമ്പോൾ തന്നെ രാജ്യത്ത് ആത്മവിശ്വാസം തിരികെ വരുന്നത് കാണാനാകും. അതിന് മാര്‍ച്ച ഏപ്രില്‍ വരെ കാത്തിരിക്കേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു.

വാക്സിന്‍ വിതരണത്തിന് തയ്യാറെടുപ്പുകള്‍ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്. വാക്സിസിന്‍ വിതരണത്തിനുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു. വാക്സിന്‍ കുത്തിവയ്പ് കേന്ദ്രങ്ങള്‍ വഴിയായിരിക്കും ജനങ്ങളിലേക്ക് വാക്സിന്‍ എത്തിക്കുക. ഒരു സ്ഥലത്ത് ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളാവാം. എന്നാല്‍, ഒരു ജില്ലയില്‍ ഒരു കമ്പനിയുടെ വാക്‌സിന്‍ മാത്രമേ ഉപയോഗിക്കാവു. ഒരു കേന്ദ്രത്തില്‍ നിന്ന് ഒരു ദിവസം 100 പേര്‍ക്ക് മാത്രമേ വാക്സിന്‍ കുത്തിവയ്പ് നടത്തുകയുള്ളൂ. കുത്തുവയ്പ് കഴിഞ്ഞാല്‍ കുത്തിവയ്പ് എടുത്തയാള്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ ആയിരിക്കുന്നതിനാലാണ് എണ്ണം നിയന്ത്രിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വാക്‌സിന്‍ കുത്തിവയ്ക്കുക. ഒരു കുത്തിവെപ്പ് കേന്ദ്രത്തില്‍ ഡോക്ടര്‍ക്ക് പുറമെ നേഴ്‌സ്, ഫര്‍മസിസ്റ്റ്, പോലീസ്, ഗാര്‍ഡ് എന്നിങ്ങനെ അഞ്ച് പേരായിരിക്കും ഉണ്ടാകുക.

കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ 12 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ലഭ്യത കുറവായതിനാല്‍ വാക്‌സിന്റെ ചെറിയ മോഷണം പോലും തടയാന്‍ ഉള്ള കര്‍ശന നടപടി സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കയച്ച മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡിന് എതിരായ മുന്നണി പോരാളികള്‍, അമ്പത് വയസ്സിന് മുകളില്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് ആണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇവര്‍ക്ക് പുറമെ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ശ്വാസകോശ അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കും. അമ്പത് വയസ്സിന് മുകളില്‍ ഉള്ളവരെ ഏറ്റവും പുതിയ വോട്ടര്‍ പട്ടിക ഉപയോഗിച്ചാകും കണ്ടെത്തുക എന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനം കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തരം, പ്രതിരോധം, റെയില്‍വെ, വ്യോമയാനം, ഊര്‍ജ്ജം, തൊഴില്‍, സ്‌പോര്‍ട്ട്‌സ്, ന്യൂനപക്ഷ ക്ഷേമം, വനിത – ശിക്ഷു ക്ഷേമം തുടങ്ങി 20 മന്ത്രാലയങ്ങള്‍ വഹിക്കുമെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ അധ്യക്ഷനായ ദേശിയ വിദഗ്ധ സംഘത്തിനാണ് വാക്‌സിന്‍ വിതരണത്തിന്റെ ഏകോപന പ്രവര്‍ത്തനങ്ങളുടെ ചുമതലഎന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയ മാര്‍ഗ്ഗരേഖയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.