കണ്‍സള്‍ട്ടന്‍സി ഭരണമെന്ന പേരുദോഷത്തില്‍ നിന്ന് രക്ഷപെടുവാന്‍ നീക്കം. പിഡബ്ലുസിയെ പുറത്താക്കി.
സംസ്ഥാന സര്‍ക്കാരിന്‍റെ കണ്‍സള്‍ട്ടന്‍സികളില്‍ ഏറ്റവും (കു)പ്രസിദ്ധി നേടിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ്‌കൂപ്പേഴ്‌സിനെ(PwC) സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. പദ്ധതികളില്‍നിന്ന് രണ്ടുവര്‍ഷത്തേക്ക് വിലക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജറായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടരി ശിവശങ്കര്‍ നിയമിച്ചത് പിഡബ്ല്യുസി വഴിയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ പേരുയര്‍ന്നതോടെ ഈ നിയമനവും വിവാദമായി. സ്വപ്‌നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തി. എന്നാല്‍ ഇക്കാര്യം നേരിട്ട് സൂചിപ്പിക്കാതെ യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ ഗുരുതര വീഴ്ച വരുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
സര്‍ക്കാരിന്‍റെ ഏതാണ്ടെല്ലാ പദ്ധതികളിലും പ്രൈസ് വാട്ടര്‍ ഹൗസ്‌കൂപ്പേഴ്‌സ് നിത്യ സാന്നിദ്ധ്യമായിരുന്നു. ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായിരുന്നപ്പോൾ രൂപംനൽകിയ പദ്ധതികളുടെ പിന്നാമ്പുറങ്ങളിലെല്ലാം പിഡബ്ലുസി ഉണ്ടായിരുന്നു. ഈ കണ്‍സള്‍ട്ടന്‍സി ഇടപാടുകളിലെല്ലാം വന്‍തുകയുടെ കോഴയിടപാടുകളും നടന്നിരുന്നു. ശിവശങ്കറിന്‍റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴിയൊരുക്കുന്ന ഏജൻസി എന്ന നിലയിൽ പി.ഡബ്ല്യു.സി. പ്രവർത്തിച്ചുവെന്ന സംശയം ബലപ്പെടുത്തിയ ആദ്യ സംഭവം ആയിരുന്നു സ്വപ്നയുടെ നിയമനത്തട്ടിപ്പ്. പി.ഡബ്ല്യു.സി.വഴി സ്വപ്നയ്ക്ക് സർക്കാർ സംവിധാനത്തിൽ ഇടംകൊടുത്തത് കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു. അതിനാൽ, സർക്കാർ സംവിധാനത്തിന്റെ നിയന്ത്രണങ്ങൾക്കു പുറത്ത് കമ്മിഷൻ ഇടപാടിന്റെ സാധ്യത തുറന്നിടാനുള്ള പ്രവർത്തനം ഈ പദ്ധതികളിൽ ശിവശങ്കർ നടത്തിയിട്ടുണ്ടാകാമെന്നാണ് ഇഡി കരുതുന്നത്. ഇതോടെ പിഡബ്ലുസിയെ കണ്‍സള്‍ട്ടന്‍റായി നിയമിച്ച സര്‍ക്കാരിന്‍റെ മറ്റ് പദ്ധതികളിലേക്കും ഏന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം നീണ്ടു.
അന്വേഷണത്തില്‍ ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. യാതൊരു ടെണ്ടറോ മറ്റ് മാനദണ്ഡങ്ങളോ കൂടാതെ ശിവശങ്കര്‍ നേരിട്ട് പിഡബ്ലുസിയെ പല പദ്ധതികളുടേയും കണ്‍സള്‍ട്ടന്‍റായി നിയമിക്കുകയായിരുന്നു. പി.ഡബ്ല്യു.സി.യോട് കൺസൾട്ടൻസി ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കാൻ അങ്ങോട്ട് ആവശ്യപ്പെട്ട സംഭവം പോലും ഉണ്ടായിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഉദാഹരണത്തിന് സര്‍ക്കാരിന്റെ മറ്റൊരു വലിയ പദ്ധതിയായ ഇമൊബിലിറ്റിയുടെ കാര്യം മാത്രം എടുക്കാം. ഗതാഗതവകുപ്പിന് കീഴിൽ നടപ്പാക്കുന്ന ഇ-മൊബിലിറ്റി പദ്ധതിയുടെ ഫയൽ തുറക്കുന്നത് ഗതാഗത വകുപ്പ് മന്ത്രി പോലും അറിയാതെ ഐ.ടി.വകുപ്പിൽ നിന്ന് ശിവശങ്കറാണ്. ഏതാണ്ട് 3000ത്തോളം വൈദ്യുത ബസ് വാങ്ങുന്നതിന് സ്വിസ് കമ്പനിയായ ഹെസ്സുമായി ധാരണയുണ്ടാക്കുന്നത് ഒരു ടെൻഡർ നടപടി പോലും ഇല്ലാതെയാണ്. ഹെസ്സിനെ എങ്ങനെ തിരഞ്ഞെടുത്തുവെന്നും ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരു പഠനം നടത്തിയിട്ടുണ്ടോയെന്നും ധനവകുപ്പ് അന്വേഷിച്ചു. ഈ ഘട്ടത്തില്‍ പി.ഡബ്ല്യു.സി.യോട് കൺസൾട്ടൻസി ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കാൻ ശിവശങ്കരന്‍ അങ്ങോട്ട് ആവശ്യപ്പെട്ടതിന്‍ പ്രകാരം പി.ഡബ്ല്യു.സി അപേഷ സമര്‍പ്പിക്കുകയും ടെണ്ടറോ മറ്റ് നടപടി ക്രമങ്ങളോ കൂടാതെ സാധ്യത പഠനത്തിനുള്ള കണ്‍സള്‍ട്ടന്‍സി അവര്‍ക്ക് കൊടുക്കുകയായിരുന്നു.
ഇ-മൊബിലിറ്റിക്കൊപ്പം മറ്റ് മൂന്ന് പദ്ധതികളിലെ ഇടപാടുകളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയം പ്രകടിപ്പിക്കുന്നത്. അതില്‍ നേരത്തെ തന്നെ ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്നും പിഡബ്യൂസിയെ ഒഴിവാക്കിയിരുന്നു. കൂടാതെ നിലവിലുള്ള കെ-ഫോണിലെ കണ്‍സള്‍ട്ടന്‍സി കരാറും പുതുക്കി നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ വിവാദമായ ഇത്തരം കണ്‍സള്‍ട്ടന്‍സി കച്ചവടങ്ങളില്‍ ഇഡിയുടെ അന്വേഷണം ശക്തപ്പെടുകയും സര്‍ക്കാര്‍ കൂടതല്‍ പ്രതിരോധത്തിലാവുകയും ചെയ്യുന്ന സാഹചര്യം ആണ് ഉണ്ടാകുവാന്‍ പോകുന്നതെന്ന് ഉറപ്പായതോടെയാണ് പ്രൈസ് വാട്ടര്‍ ഹൗസ്‌കൂപ്പേഴ്‌സിനെ പുറത്താക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നത്. സംസ്ഥാനം കണ്‍സള്‍ട്ടന്‍സി ഭരണത്തിലാണെന്ന പേരുദോഷത്തില്‍ നിന്ന് രക്ഷപെടുവനുള്ള നീക്കമാണ് ഇതുവഴി സര്‍ക്കാര്‍ നടത്തുന്നത്.