INDIANEWS MAIN

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷം.

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷം. ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.1038 മരണവും രേഖപ്പെടുത്തി. ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആറ് മാസത്തിന് ശേഷം ആദ്യമായാണ് മരണം ആയിരം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 1,73,123 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്സിനേഷൻ മുടങ്ങും. കൊവിഷീൽഡ് വാക്സിന്റെ സ്റ്റോക്ക് കുറഞ്ഞതോടെ ക്യാംപുകൾ തൽക്കാലം നിർത്തിവെക്കാൻ തീരുമാനിച്ചു. ഇന്ന് അടുത്തബാച്ച് വാക്സിൻ എത്തിയാലേ നാളെ ക്യാംപുകൾ പുനരാരംഭിക്കാനാകു. തിരുവനന്തപുരത്തും എറണാകുളത്തുമുൾപ്പെടെ അഞ്ച് ജില്ലകളിൽ കൊവിഷീൽഡ് വാക്സിൻ സ്റ്റോക്ക് തീർന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യമെങ്ങും കടുത്ത നിയന്തണത്തിലേക്കാണ് കടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. രാജസ്ഥാനിലും കര്‍ണാടകത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കേരളത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കോവിഡ് പരിശോധന, വാക്സിന്‍, നിയന്ത്രണങ്ങള്‍ എന്നീ ക്യാമ്പയിനുകളാണ് കോവിഡ് പ്രതിരോധത്തിനായി കേരളം മുന്നോട്ടുവെയ്ക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് 2-2.5 ലക്ഷം ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പൊതുസ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികള്‍ മുന്‍കൂറായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പൊതുപരിപാടികളില്‍ പരമാവധി 150 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതിയുള്ളത്. മാളുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കൂട്ടം കുറയ്ക്കണം. ഹോം ഡെലിവറി സംവിധാനം വര്‍ധിപ്പിക്കണം. തീയറ്ററുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. രാത്രി 9 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന നിര്‍ദേശം തീയറ്ററുകള്‍ക്കും ബാറുകള്‍ക്കുംബാറുകള്‍ക്കും ബാധകമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

0