ഡല്‍ഹി കലാപം: മെല്ലപ്പോക്കുമായി ഹൈക്കോടതി
ഡൽഹി കലാപത്തിന്‍റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിട്ടും ഡല്‍ഹി ഹൈക്കോടതി അവരുടെ മെല്ലപ്പോക്കു നയം തുടരുകയാണ്. ഹര്‍ജികള്‍ ഇന്നലെ (12-ാം തീയതി) ഹൈക്കോടതി പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമയം നീട്ടി ചോദിച്ചത് 2-3 ദിവസം. എന്നാല്‍, അനുവദിച്ചത് 7 ദിവസം. ഡല്‍ഹി കാലാപത്തോടനുബന്ധിച്ച് സമര്‍പ്പിച്ചിരിക്കുന്ന എല്ലാ ഹര്‍ജികളും മാർച്ച് 20ലേക്കു മാറ്റിവച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോടുള്ള തങ്ങളുടെ വിധേയത്വം പ്രകടിപ്പിച്ചിരിക്കുന്നത്.
ഇന്നലെ ഡൽഹി ഹൈക്കോടതി ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമയം നീട്ടിച്ചോദിച്ചത്. ഹര്‍ജികളില്‍ മറുപടി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാൽ, ഇന്നലെ നടന്ന സംഭവവികാസങ്ങൾ കൂട്ടിച്ചേർത്ത് പരിഷ്‌കരിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കുറച്ച് സമയം വേണമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. 2-3 ദിവസത്തെ സമയമാണ് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടത്.
ഡല്‍ഹിയില്‍ കലാപാഹ്വാനം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, പര്‍വേശ് ശര്‍മ്മ, അഭയ് വര്‍മ്മ അടക്കമുള്ള ബിജെപി നേതാക്കളുടെ പേരിലും കലാപകാരികള്‍ക്ക് അനുകൂല നിലപാടെടുത്ത ഡല്‍ഹി പോലീസിന്‍റെ പേരിലും നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച ജസ്റ്റിസ് മുരളീധര്‍ന്‍റെ ബഞ്ച്ന്‍റെ നിലപാട് കേന്ദ്രസര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. ഡല്‍ഹി പോലീസിനേയും കേന്ദ്ര ആഭ്യന്തര വകുപ്പിനെ തന്നേയും പ്രതികൂട്ടില്‍ നിര്‍ത്തിയ ജസ്റ്റിസ് മുരളീധര്‍നെ അന്നു രാത്രി തന്നെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. കേന്ദ്രസര്‍ക്കാരിന്‍റെ ഈ നടപടികള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് രാജ്യത്തുണ്ടായത്.
പിറ്റേന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് അക്രമത്തിന്ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് ഡല്‍ഹിയുടെ സമാധാന അന്തരീക്ഷത്തിന് ഭംഗംവരുത്തുകയും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയും കലാപം വീണ്ടും ആളിപടരുവാന്‍ ഇടയാക്കും ചെയ്യുമെന്ന് ഡലഹി പോലീസിനു വേണ്ടി ഹാജാരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദഗതി അംഗീകരിക്കുകയും കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 13ലേക്ക് മാറ്റിവക്കുകയായിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ ഈ നിലപാടിനെ ശക്തമായി വിമര്‍ശിച്ച സുപ്രിം കോടതി അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജികള്‍ പരിഗണിക്കുവാന്‍ ഡല്‍ഹി ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.