സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ പിസി ജോർജിന് ജാമ്യം.
സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ മുൻ എംഎൽഎ പിസി ജോർജിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിസി ജോർജിന് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ് പിസി ജോർജ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും, കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പി സി ജോർജിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ, പ്രതി മത സ്പർദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണെന്നും കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചയാളാണെന്നും വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ രാഷ്ട്രീയ സ്വാധീനമുള്ള പ്രതി ആവലാതിക്കാരിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തും. പുറത്തിറങ്ങിയാൽ പ്രകോപന പ്രസംഗങ്ങൾ നടത്തി ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവര്‍ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പി സി ജോർജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോർജിന്റെ അഭിഭാഷകന്‍ വാദിച്ചു. സോളർ കേസ് പ്രതിയായ യുവതിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (A) വകുപ്പുകൾ പ്രകാരമാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. ഈ കേസിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷമാണ് പീഡനക്കേസിൽ ജോർജിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസിൽ സാക്ഷിയായ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

