കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും

Print Friendly, PDF & Email

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തേ, കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. മാസങ്ങള്‍ പിടിച്ചുവെച്ചതിനു ശേഷമാണ് കെ.എം ജോസഫിന്റെ നിയമനം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. കേന്ദ്ര നയം അംഗീകരിക്കാതെ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുകയും സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ പരസ്യമായി തന്നെ രംഗത്തുവരികയും ചെയ്ത സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണ് നിയമന ശുപാര്‍ശ മോഡി സര്‍ക്കാര്‍ അംഗീകരിക്കുന്നത്. ഉന്നത ജുഡീഷ്യറിയിലും ജോസഫിന്റെ നിയമനം വൈകുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ഒരു മലയാളിയെ കൂടി സുപീംകോടതി ജഡജിയാക്കിയാല്‍ പ്രാദേശിക പ്രാതിനിധ്യത്തിന്റെ സന്തുലനമില്ലാതാകും എന്നതടക്കമുള്ള വാദങ്ങളുന്നയിച്ചാണ് ജസ്റ്റിസ് ജോസഫിനെ ജഡ്ജിയാക്കുന്നതിന് കേന്ദ്ര ഗവര്‍മെന്റ് എതിരു നിന്നത്.
ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ മോദി സര്‍ക്കാറിന്റെ നടപടി റദ്ദാക്കിയതോടെയാണ് ജസ്റ്റിസ് ജോസഫ് ബി.ജെ.പിയുടെ കണ്ണിലെ കരടായത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെക്കൂടാതെ ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ. സിക്രി എന്നിവരുമുള്‍പ്പെട്ട കൊളീജിയമാണ് ഇവരെ ശുപാര്‍ശ ചെയ്തിരുന്നത്.