പോലീസ് സേവനം വില്‍പ്പനക്ക്: പോലീസ് സേവനം വിറ്റ് സ്വകാര്യ ഏജന്‍സി നേടുന്നത് കോടികള്‍

Print Friendly, PDF & Email

ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പോലീസ് വകുപ്പില്‍ നടക്കുന്ന കൂടുതല്‍ കള്ളകളികള്‍ പുറത്തുവരുന്നു. പോലീസ് സേവനം വിറ്റ് സ്വകാര്യ കമ്പനി കോടികള്‍ തട്ടുന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പ് കെട്ടിഘോഷിച്ച് നടപ്പിലാക്കിയ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്) ന്‍റെ വില്‍പ്പനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വലിയ സാമ്പത്തിക-വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ, ജൂവലറികൾ, വീടുകള്‍  തുടങ്ങിയ സ്ഥലങ്ങളെ സി.സി.ടി.വി. നിരീക്ഷണത്തിലാക്കി പോലീസ് സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്.

ഈ പദ്ധതയില്‍ ചേരുന്ന സ്ഥാപനങ്ങളിലോ വീടുകളിലോ മോഷണശ്രമമോ മറ്റോ ഉണ്ടായാല്‍ അപ്പോള്‍തന്നെ കൺട്രോൾ റൂമിൽ അപായമണി മുഴങ്ങും. ഞൊടിയിടയിൽ സമീപത്തെ പോലീസ് സ്റ്റേഷനിൽനിന്ന് പോലീസുകാരെത്തുന്നതാണ് പദ്ധതിയുടെ രീതി. വ്യക്തികൾക്ക് ഈ സേവനം ലഭിക്കാൻ മാസം 2750 രൂപവരെ നൽകണം. ക്യാമറ, സെൻസർ തുടങ്ങിയ ഉപകരണങ്ങൾ ഘടിപ്പിക്കാനുള്ള പണം വേറെയും. ശരാശരി 80,000 രൂപ യാണ് ഈ പദ്ധതിയില്‍ ചേര്‍ന്ന് പോലീസ് സംരക്ഷണം ഉറപ്പു വരുത്തുന്നതിനു ചിലവാക്കേണ്ടിവരുക. സ്ഥാപനത്തിന്റെയോ വീടിന്റെയോ വലുപ്പം, സുരക്ഷാ ക്രമീകരണത്തിന്റെ എണ്ണം എന്നിവയൊക്കെ അടിസ്ഥാനമാക്കി ചിലവില്‍ ഏറ്റകുറച്ചിലുണ്ടാകാം.

നടത്തിപ്പ് ചുമതല രഹസ്യമായി സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച് പോലീസിനെ അവരുടെ തൊഴിലാളികളാക്കി മാറ്റിയത് ഈ പദ്ധതിയിലൂടെയാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ സുരക്ഷാ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ, അവിടെ കമ്പനിയുടെ തന്നെ സേനയാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. ഇന്ത്യയിൽ സ്വകാര്യസേന രൂപവത്കരിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇതു മറികടക്കാനാണ് പോലീസിനെ തന്നെ സുരക്ഷയ്ക്കു നിയോഗിച്ച്, സ്വകാര്യ പദ്ധതി നടപ്പാക്കുന്ന പരിഷ്‌കാരം കേരള ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്. ‘ഗാലക്‌സോൺ’ എന്ന സ്വകാര്യ കമ്പനിയാണ് സിംസ്സ് കേരളത്തില്‍ നടപ്പിലാക്കുന്നത്. പോലീസ് ആസ്ഥാനത്ത് തന്നെയുള്ള കണ്‍ട്രോള്‍ റൂമില്‍ ‘ഗാലക്‌സോൺ’ പതിനിധികള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു.

പോലീസ് നടപടികള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നേരിട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പിന് കഴിയില്ല. അതിനാല്‍ പ്രത്യക്ഷത്തില്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണുമായാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപാടുകളെല്ലാം. സിംസ് പദ്ധതി നടപ്പിലാക്കുന്നതിനായി പോലീസ് ആസ്ഥാനത്ത് 2000 ചതുരശ്രയടി വലുപ്പമുള്ള കെട്ടിടവും കെൽട്രോണിന് സർക്കാർ വിട്ടുനൽകി. കെട്ടിടത്തിനു മാറ്റം വരുത്തുന്നത് ഉൾപ്പെടെ കൺട്രോൾ റൂമിലെ എല്ലാ വിവരങ്ങളും ഉപയോഗിക്കാനും നിയന്ത്രിക്കാനും 15 വർഷത്തേക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും അധികാരവും നല്‍കി. വരുമാനത്തിന്റെ മൂന്നുശതമാനം പോലീസിനും 97 ശതമാനം കെല്‍ട്രോണിനും പങ്കുവെക്കാം എന്നതായിരുന്നു കെല്‍ട്രോണുമായി ആഭ്യന്ത വകുപ്പിന്‍റെ വ്യവസ്ഥ. വലിയ സാമ്പത്തികബാധ്യത വരുന്ന പദ്ധതിയായതിനാൽ സംസ്ഥാനത്ത് മറ്റൊരു സുരക്ഷാ ഏജൻസിക്കും ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകരുതെന്ന ഉറപ്പും സര്‍ക്കാരില്‍ നിന്നു നേടി.

എന്നാല്‍, കെട്ടിടമുള്‍പ്പെടെ കെല്‍ട്രോണിനു സര്‍ക്കാര്‍ നല്‍കിയ ഈ അധികാരങ്ങളും സ്വാതന്ത്ര്യവും എല്ലാം ‘ഗാലക്‌സോൺ’ന് കെല്‍ട്രോണ്‍ മറിച്ചു നല്‍കി. സർക്കാരിന്‍റേതടക്കം ഏതു സ്ഥാപനങ്ങൾക്കും വീടുകൾക്കും സുരക്ഷാ ക്രമീകരണമൊരുക്കുന്ന പണി ‘ഗാലക്‌സോൺ’ന് ഏറ്റെടുക്കാമെന്നും കെൽട്രോൺ ഉറപ്പുനൽകി. കെല്‍ട്രോണിനു ലഭിക്കുന്ന 97 ശതമാനം വരുമാനം കെൽട്രോണിന്റെ കണക്കിൽ വരും. എന്നാല്‍ അത് കെൽട്രോണ്‍ ഗാലക്‌സിയോണുമായി പങ്കുവെക്കും. ഈ പങ്കുവെക്കലിന്റെ അനുപാതം എത്രയാണെന്നു വ്യക്തമല്ല. പോലീസിലേക്കുള്ള സന്ദേശങ്ങള്‍ ഗാലക്‌സോണ് നേരിട്ട് നടത്താതെ കെല്‍ട്രോണ്‍ വഴി മാത്രം നടത്തണമെന്നും വരുമാനം കെൽട്രോണിന്റെ കണക്കിലൂടെ മാത്രം നടക്കണമെന്നും കെൽട്രോൺ നിഷ്‌കർഷിച്ചിട്ടുണ്ട്. പോലീസ് രേഖകളിൽ സ്വകാര്യ പങ്കാളിത്തം മറച്ചുവെക്കുന്നതിനായിരുന്നു കെല്‍ട്രോണിന്‍റെ ഈ നീക്കം.

ഗാലക്‌സോണുമായി കെല്‍ട്രോണ്‍ നടത്തിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഗാലക്‌സോണ് അവരുടെ ജീവനക്കാരെ തികച്ചും സുരക്ഷിതമായ പോലീസ് ആസ്ഥനത്തെ കണ്‍ട്രോള്‍ റൂമില്‍ നിയമിച്ചു. സാങ്കതിക സഹായം നല്‍കുന്നതിനു മാത്രമാണ് തങ്ങളുടെ പ്രതിനിധികള്‍ അവിടെ ഉള്ളതെന്നാണ് അതിനു ഗാലക്‌സോണ് നല്‍കുന്ന വിശദീകരണം. പോലീസിനെ സുരക്ഷയ്ക്കു നിയോഗിച്ച്, സ്വകാര്യ പദ്ധതി നടപ്പാക്കുന്ന പരിഷ്‌കാരം കേരളത്തിൽ ആവിഷ്‌കരിച്ചത് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണെന്നാണ് പുറത്തുവരുന്ന വിവരം. സ്വകാര്യ ഏജന്‍സികള്‍ക്ക് പോലീസിന്‍റെ സേവനം വിറ്റ് കോടികള്‍ നേടുവാന്‍ ഉതകുന്ന പുതിയ തന്ത്രത്തിന്‍റെ പിന്നണിയില്‍ ആരെല്ലാം ഉണ്ടെന്നാണ് ഇനി പുറത്തറിയുവാനുള്ളത്.

  •  
  •  
  •  
  •  
  •  
  •  
  •