സാമ്പത്തിക രംഗം കൂപ്പുകുത്തുമ്പോള്‍ വിദേശ കടം കുത്തനെ ഉയരുന്നു…

Print Friendly, PDF & Email

രാജ്യത്തെ സാമ്പത്തിക മാന്ദ്യം കൂടുതല്‍ ഗുരുതരമായി കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യം സാന്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു എന്ന മുന്നറിയിപ്പു നല്‍കി രാജ്യത്തെ വ്യാവസായിക ഉത്പാദനം വീണ്ടും താഴ്ന്നു. വ്യവസായ മേഖലയില്‍ 0.3 ശതമാനത്തിന്റെ വീഴ്ചയാണ് ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശീയ സ്റ്റാറ്റിസ്റ്റികല്‍ ഓഫീസിന്‍റെ (എന്‍.എസ്.ഒ) കണക്കുകള്‍ പ്രകാരം 2018 ഡിസംബറില്‍ വ്യാവസായിക ഉത്പാദന സൂചിക 2.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിച്ചിരുന്നതെങ്കില്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ വ്യാവസായിക മേഖലയില്‍ 1.2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി ഉത്പാദന നിരക്കിലും ഗണ്യമായ കുറവുണ്ടായിരിക്കുകയാണ്. 2018 ഡിസംബറില്‍ വൈദ്യുതി ഉത്പാദനം 4.5 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 0.1 ശതമാനത്തിലേക്ക് എത്തി. ഖനന മേഖലയില്‍ വളര്‍ച്ച നിരക്ക് മുന്പ് 7.8 ശതമാനം വരെ എത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത് 5.4 ശതമാനം മാത്രം.

കഴിഞ്ഞ ആറര വര്‍ഷത്തെ ഏറ്റവും മോശം സ്ഥിതിയിലാണ് രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച എത്തി നില്‍ക്കുന്നത്. 2020ന്റെ ഒന്നാം പാദത്തില്‍ അഞ്ചുശതമാനമായിരുന്ന ജി.ഡി.പി ഇപ്പോള്‍ 4.5 ശതമാനമാണ്. 2019ലെ ഒന്നാംപാദത്തില്‍ 7.95 ശതമാനമായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച. രണ്ടാം പാദത്തില്‍ അത് ഏഴു ശതമാനത്തിലേക്കും മൂന്നാം പാദത്തില്‍ 6.8 ശതമാനത്തിലേക്കും ഇടിഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അത് 5.83 ശതമാനമായി.

ചില്ലറ മേഖലയിലെ പണപ്പെരുപ്പം കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.9 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. ചില്ലറ വില്‍പ്പനയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഉപഭോക്തൃ വില സൂചിക ഡിസംബറില്‍ 7.35 ശതമാനമായിരുന്നു. വ്യക്തിഗത ഉപഭോഗം കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 5.8% ശതമാനത്തിലെത്തി. ഉല്‍പാദന മേഖലയില്‍ വളര്‍ച്ച 2% മാത്രം. ഇത് 15 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലവാരമാണ്. കാര്‍ഷിക മേഖലയില്‍ വളര്‍ച്ച 2.8% മാത്രം. നിക്ഷേപ രംഗത്തും കഴിഞ്ഞ 17 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ തകര്‍ച്ചയെ ആണ് ഇപ്പോള്‍ രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്.

സാമ്പത്തിക രംഗം കൂപ്പുകുത്തുമ്പോള്‍ രാജ്യത്തിന്‍റെ വിദേശ കടം കുത്തനെ ഉയരുകയാണ്. രാജ്യത്തിന്‍റെ വിദേശകടം 39.76 ലക്ഷം കോടി രൂപ (55,752 കോടി ഡോളർ) കവിഞ്ഞു. 2019 മാർച്ച് അവസാനം ഇത് 54,300 കോടി ഡോളർ (38.72 ലക്ഷം കോടി രൂപ) ആയിരുന്നു. അതായത് ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള ആറുമാസക്കാലത്ത് 1452 കോടി ഡോളറിന്റെ (1.04 ലക്ഷം കോടി രൂപ) വർധനവാണ് വിദേശ കടത്തില്‍ ഉണ്ടായത്. വിവിധ ആവശ്യങ്ങൾക്കായി എടുത്തിട്ടുള്ള ദീർഘകാലവായ്പകൾ 44,840 കോടി ഡോളർ (31.98 ലക്ഷം കോടി രൂപ) യില്‍ എത്തിനില്‍ക്കുന്നു. 2019 ജൂൺ മാസത്തെക്കാൾ 103 കോടി ഡോളറിന്റെ വർധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 2014 ല്‍ മോദി സര്‍ക്കാര്‍ ഭരണത്തില്‍ വരുമ്പോള്‍ 31.82ലക്ഷം കോടി രൂപയായിരുന്നു വിദേശ കടമെങ്കില്‍ 2019 സെപ്തംബറായപ്പോഴേക്കും 38.75ലക്ഷം കോടിരൂപിലെത്തിനില്‍ക്കുന്നു. സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം 76.66 ലക്ഷം കോടി രൂപയുടെ ആഭ്യന്തര കടബാധ്യത അടക്കം; രാജ്യത്തെ മൊത്തം കടബാധ്യത 91.01 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. (രാജ്യത്തെ നിലവിലെ സാന്പത്തിക സ്ഥിതി മറച്ചു വെക്കുവാനായി 2020 സാമ്പത്തിക വർഷത്തെ ബഡ്ജറ്റില്‍, 2019 സെപ്റ്റംബർ വരെയുള്ള കണക്കാണ് ധനകാര്യ മന്ത്രലയം പുറത്തുവിട്ടിട്ടുള്ളത്.)

  •  
  •  
  •  
  •  
  •  
  •  
  •