തുണി തുന്നുന്ന കമ്പനി കാമറയും നല്‍കി. ബെഹ്റ വീണ്ടും കുരുക്കില്‍. സംരക്ഷിച്ച് മുഖ്യമന്ത്രി

Print Friendly, PDF & Email

വെടിയുണ്ടകൾ കാണാതായ സംഭവത്തിലും സിംസ് പദ്ധതിയിലും നടന്ന ക്രമക്കേടുകള്‍ വെളിച്ചത്ത് വരുന്നതിനിടെ ഡിജിപി ലോക്നാഥ് ബെഹ്റയെ സംശയത്തിന്‍റെ നിഴലിലാക്കുന്ന മറ്റൊരു ഇടപാടിന്‍റെ കഥ കൂടി പുറത്ത്. തണ്ടര്‍ ബോൾട്ടിന് വേണ്ടി 95 ലക്ഷം രൂപ മുടക്കി നൈറ്റ് വിഷൻ റിമോട്ട് ക്യാമറകൾ വാങ്ങിയതിലാണ് പുതിയ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. വാങ്ങിയ ക്യാമറകള്‍ ആകട്ടെ ഉപയോഗിക്കാനാവാതെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി മലപ്പുറം അരീക്കോട് ആൻറി ടെററിസ്റ്റ് യൂണിറ്റിലെ സ്റ്റോറിലിൽ ഇപ്പോഴും പൊടിപൊടിച്ചുകിടക്കുകയാണ്. ബെഹ്റ പൊലീസ് ആസ്ഥാനത്ത് നവീകരണ ചുമതലയുള്ള എഡിജിപിയായിരിക്കുമ്പോഴാണ് നൈറ്റ് വിഷൻ ക്യാമറകൾ വാങ്ങിയത്.

കോർ ഇ.എൽ.ടെക്നോളജീസ് എന്ന സ്ഥാപനം മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്. ഒറ്റ കമ്പനി മാത്രം ടെണ്ടറിൽ പങ്കെടുക്കുകയാണെങ്കിൽ വീണ്ടും ടെണ്ടർ വിളിക്കുകയോ കമ്പനിയുമായി വീണ്ടും വിലപേശൽ നടക്കുകയോ ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ കാമറകള്‍ക്ക് മുന്‍കൂര്‍ പണം നല്‍കാനും ഉത്തരവിട്ടു. പൊലീസിന് യൂണിഫോം തുണി നൽകുന്ന തലസ്ഥാനത്ത സ്ഥാപനത്തിൻറെ ബിനാമി സ്ഥാപനമാണ് ബിനാമി പേരിൽ ടെണ്ടറിൽ പങ്കെടുത്തതെന്ന് ആഭ്യന്തര പരിശോധനയിൽ തെളിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.