പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതി ഇന്നു പരിഗണിക്കും

Print Friendly, PDF & Email

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അതോടൊപ്പം നിയമം ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നിയമം ചോദ്യം ചെയ്ത് 144 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികളില്‍ ഡിസംബര്‍ 18ന് പ്രാഥമിക വാദം കേട്ട കോടതി വിഷയം ജനുവരി രണ്ടാംവാരത്തിലേക്ക് നീട്ടി വയ്ക്കുകയായിരുന്നു.

1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ട് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് നിയമം. ഭേദഗതിക്കു മുന്പ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായ ഏവര്‍ക്കു പൗരത്വം നല്‍കണമെന്നതായിരുന്നു നിയമം. 2020 ജനുവരി 10 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഭേദഗതി പ്രകാരം പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാക്കി മാറ്റി. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീം വിഭാഗത്തെ മാറ്റി നിര്‍ത്തി.

ഇങ്ങനെ പൗരത്വം നല്‍കുന്നത് മതാടിസ്ഥാനത്തിലുള്ള വിവേചനം ആണ് എന്നതാണ് മിക്ക ഹര്‍ജികളും ആരോപിക്കുന്നു. മതാടിസ്ഥാനത്തില്‍ പൗരത്വം വിഭജിച്ചു നല്‍കുന്നത് രാജ്യത്തിന്‍റെ മതേതര സങ്കല്‍പ്പങ്ങള്‍ക്ക് യോജിച്ചതല്ല എന്നു ഹര്‍ജികള്‍ പറയുന്നു. ഇത് ഭരണഘടനയുടെ വകുപ്പ് 14ന്റെ ലംഘനമാണ് എന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്താനിലെ അഹ്മദിയ്യ വിഭാഗം, മ്യാന്മറിലെ റോഹിന്‍ഗ്യകള്‍, ശ്രീലങ്കയിലെ തമിഴര്‍ എന്നിവരെല്ലാം പീഡിതരായ ന്യൂനപക്ഷ വിഭാഗങ്ങളാണ് എന്നും ഇവര്‍ക്ക് എന്തു കൊണ്ടാണ് പൗരത്വം നല്‍കാത്തത് എന്നും ഹര്‍ജിക്കാര്‍ ചോദിക്കുന്നു. 1986 ലെ അസം കരാറിന്റെ ലംഘനമാണ് നിയമം എന്ന് ചില ഹര്‍ജികള്‍ പറയുന്നു. അസം അക്കോര്‍ഡ് പ്രകാരം 1974 മാര്‍ച്ച് 2ന് ശേഷം ബംഗ്ലാദേശില്‍ നിന്ന് സംസ്ഥാനത്തേക്ക് വന്ന എല്ലാവരും അനധികൃത കുടിയേറ്റക്കാരാണ്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം 2014 ഡിസംബര്‍ 31ന് മുമ്പ ഇന്ത്യയിലേക്ക് വന്ന മുസ്ലീമുകള്‍ ഒഴികെ ഉള്ളവര്‍ക്ക് പൗരത്വം നല്‍കുവാന്‍ കഴിയും. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് അസമില്‍ ഉണ്ടായത്.

2019 ഡിസംബര്‍ 4 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പൗരത്വ ഭേദഗതി ബില്‍ 2019 ഡിസംബര്‍ 10 ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബര്‍ 11 ന് രാജ്യസഭയിലും പാസാക്കി. ഡിസംബര്‍ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും. കാര്യമായ ചര്‍ച്ചകള് കൂടാതെ തിടുക്കപ്പെട്ടു പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ നാല് എം.പിമാര്‍ നല്‍കിയ ഹര്‍ജിയാണ് സി.എ.എയ്ക്ക് എതിരെ സമര്‍പ്പിക്കപ്പെട്ട ആദ്യ പരാതി. ടി.എം.സി എം.പി മെഹുവ മൊയ്ത്ര, കോണ്‍ഗ്രസ് എം.പി ജയ്‌റാം രമേശ്, പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ, ജന്‍ അധികാര്‍ പാര്‍ട്ടി, ഒരു മുന്‍ ഇന്ത്യന്‍ അംബാസഡര്‍, രണ്ട് റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍, ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍, അസം പ്രതിപക്ഷ നേതാവ് ദെബാബ്രത സൈകിയ, സിറ്റിസണ്‍ എഗന്‍സ്റ്റ് ഹേറ്റ്, റിഹായ് മഞ്ച്, ലോക്‌സഭാ എം.പി അസദുദ്ദീന്‍ ഉവൈസി, കേരള എം.പി ടി.എന്‍ പ്രതാപന്‍, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം, യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്, ത്രിപുര നേതാവ് പ്രദ്യുത് ദേബ് ബര്‍മന്‍, അസം ഗണപരിഷത്ത്, കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.വൈ.എഫ്.ഐ, ഡി.എം.കെ, സാമൂഹിക പ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, ഇര്‍ഫാന്‍ ഹബീബ്, നിഖില്‍ ദേ, പ്രഭാത് പട്‌നായിക്, അസം ജംഇയ്യത്തുല്‍ ഉലമ, രാജ്യസഭാ എം.പി മനോജ് കുമാര്‍ ഝാ തുടങ്ങിയവര്‍ നിയമത്തിനെതിരെ ഹര്‍ജി നല്‍കിയവരില്‍ ചിലരാണ്. ഇതുവരെ 144 ഹര്‍ജികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇതുവരെ സുപ്രീം കോടതിയിയില്‍ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.