പൗരത്വ ഭേദഗതി ബില്: പ്രതിക്ഷേധം പടരുന്നു

Print Friendly, PDF & Email

പൗരത്വ ഭേദഗതി ബില് ലോകസഭ പാസ്സാക്കിയതോടെ വടക്കുകിഴക്കന് സംസ്ഥാനങ്ങളില് പൊട്ടിപ്പുറപ്പെട്ട പ്രതിക്ഷേധം രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാകട്ടെ പ്രതിക്ഷേധം നിയന്ത്രണാതീതമായി വളരുകയാണ്. അസമില് തെരുവിലിറങ്ങിയ ജനക്കൂട്ടം കേന്ദ്രമന്ത്രി രാമേശ്വര് തെലിയുടെ വീട് ആക്രമിച്ചു. അസമിലും ത്രിപുരയിലും സൈന്യമിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചു വിടാന് നടത്തിയ വെടിവെപ്പില് ഏഴ് വിദ്യാര്ഥികള്ക്ക് പരിക്കേറ്റു. 4പേര്‍ മരിച്ചതായി വാര്ത്ത ഏജന്സികള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ടെങ്കിലും 2പേരുടെ മരണമേ അധികൃതര് സ്ഥിരീകരിച്ചിട്ടള്ളൂ.

വിദ്യാര്ഥി പ്രക്ഷോഭം ശക്തമായ അസമില് ഇന്നലെ രാത്രിയാണ് കേന്ദ്രമന്ത്രി രാമേശ്വര് തെലിയുടെ വീടിനു നേര്ക്ക് ആക്രമണമുണ്ടായത്. പ്രക്ഷോഭകാരികളെ പിരിച്ചു വിടാന് പട്ടാളം നടത്തിയ വെടിവെപ്പില് ഏഴ് പേര്ക്ക് പരിക്കേറ്റു. ഇതില് രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്ട്ടുകളുണ്ട്. എ.ജി.പി രാജ്യസഭാംഗം ബീരേന്ദ്ര പ്രസാദിന്റെ വീടിനു നേര്ക്കും കല്ലേറുണ്ടായി. തിസ്പൂരിലെയും കര്ബി ആങ്ലോംഗിലെയും ബി.ജെ.പി ഓഫീസുകള് ജനക്കൂട്ടം അടിച്ചു തകര്ത്തു. ബാമുനി മൈതാനിയിലും ഗോഹട്ടി ക്ളബ്ബ് പരിസരത്തും പട്ടാളവും വിദയാര്ഥികളും ഇപ്പോഴും ഏറ്റുമുട്ടുന്നുണ്ട്. ഗുവാഹത്തിയിലെ പാര്ട്ടിയുടെ പണി പൂര്ത്തിയായി വരുന്ന മുഖ്യ കാര്യാലയത്തിനു നേര്ക്കും ആക്രമണം അരങ്ങേറി.

നഗരത്തില് രണ്ടിടത്ത് ജനക്കൂട്ടത്തിനു നേര്ക്ക് വെടിവെപ്പ് നടന്നതായി വാര്ത്തകളുണ്ട്. ഗുവാഹത്തിയിലെ മുഴുവന് കോളജുകളെയും സ്തംഭിപ്പിച്ചാണ് വിദ്യാര്ഥികള് റോഡിലിറങ്ങിയത്. ഗുവാഹത്തി ഫാന്സി ബസാറിലെ കോട്ടണ് കോളജില് നിന്നും ആരംഭിച്ച പ്രക്ഷോഭം വൈകുന്നേരത്തോടെ നഗരത്തിലെ എല്ലാ കോളജുകളിലേക്കും വ്യാപിച്ചു. നഗരത്തിലേക്കുള്ള രണ്ട് ദേശീയ പാതകളും ഉപരോധിച്ച വിദ്യാര്ഥികള് ബി.ജെ.പിയുടെ ഓഫീസുകള്ക്കു നേരെ കല്ലെറിയുകയും നേതാക്കളുടെ വീടുകളിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.നിരവധി വാഹനങ്ങളും സര്ക്കാര് ഓഫീസുകളുമാണ് അഗ്നിക്കിരയാക്കി. വിദ്യാര്ഥി സംഘടനകള്ക്ക് പുറമെ നടന്മാരും ഗായകരും സാംസ്കാരിക നേതാക്കളും ഉള്പ്പടെ ആള് അസം സ്റ്റുഡന്സ് യൂണിയന് വിളിച്ച ചേര്ത്ത അതിജീവന സമരത്തില് നഗരത്തില് നിലനില്ക്കുന്ന കര്ഫ്യൂ ഉത്തരവ് ലംഘിച്ച് പങ്കെടുക്കാനെത്തി.ആരും അഹ്വാനം ചെയ്യാതെയുള്ള വലിയ ജനകീയ പ്രക്ഷോഭത്തിനാണ് അസം സാക്ഷ്യം വഹിക്കുന്നത്.

ഇന്റര്നെറ്റ് ബന്ധങ്ങള് നിര്ത്തിവെച്ചും പട്ടാളത്തെ ഇറക്കിയും വാര്ത്താ മാധ്യമങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയും കേന്ദ്രം സുരക്ഷ തീര്ക്കുമ്പോഴും ഇതെല്ലാം അവഗണിച്ച് ജനത്തിന്റെ പ്രതിഷേധം അലയടിക്കുകയാണ്. തെരുവിലറങ്ങിയ ആയിരങ്ങള് പോലീസുമായി നേര്ക്കുനേര് ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് ആണ് കാര്യങ്ങള് വളരുന്നത്. ഗുവഹാട്ടിയില് സൈന്യം ഫ്ലാഗ് മാര്ച്ച് നടത്തി. നേരത്തെ പത്ത് ജില്ലകളില് ഇന്റര്നെറ്റ് സര്വീസ് റദ്ദാക്കിയ നടപടി സംസ്ഥാനം മുഴുവന് 48 മണിക്കൂര് നേരത്തേക്ക് വ്യാപിപ്പിച്ചു. ദീബ്രുഘട്ടിലേക്കും ഗുവഹാട്ടിയിലേക്കുമുള്ള മിക്ക സര്വീസുകളും സ്വകാര്യ വിമാനക്കമ്പനികള് റദ്ദാക്കി. പ്രചബുവ, പാനിറ്റോള റെയില്വേ സ്റ്റേഷനുകളില് കേടുപാടുകള് വരുത്തുകയും തീവെക്കുകയും ചെയ്തു.സുരക്ഷ മുന്നിര്ത്തി അസമിലെയും ത്രിപുരയിലെയും തീവണ്ടി സര്വീസുകള് ബുധനാഴ്ച രാത്രി മുതല് നിര്ത്തിവെച്ചിരിക്കുകയാണ്.

അസമിനു പുറമെ മറ്റു വടക്കുകിഴക്കന് സംസ്ഥാനങ്ങളിലലേക്കും പ്രക്ഷോഭം വളരുകയാണ്. ആസാമിനു പുറമേ സി ആര് പി എഫ്, ബി എസ് എഫ്, സശസ്ത്ര സീമാ ബല് എന്നീ സൈനിക വിഭാഗങ്ങളിലുള്പ്പെട്ട 5000 അര്ധ സൈനികരെ കേന്ദ്ര സര്ക്കാര് മറ്റു വടക്കു കിഴക്കന് സംസ്ഥാനങ്ങളില് വിന്യസിപ്പിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന 1000ലേറെവരുന്ന ജനക്കൂട്ടം പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് റെയില്‍വേ സ്റ്റേഷന് തീവെയ്ക്കുകയും ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹി തെരുവ് യുദ്ധക്കളമായി മാറി. ത്രിപുര അടക്കം പല സംസ്ഥാനങ്ങളിലും ഇന്റര്നെറ്റ് ബന്ധം വിഛേദിച്ചുകൊണ്ട് കലാപം വളരുന്നത് തടയുവാനുള്ള ശ്രമത്തിലാണ് സര്ക്കാര്.