പ്രധാനമന്ത്രിക്കു പിന്നാലെ പച്ചക്കള്ളങ്ങള്‍ വിളിച്ചു പറഞ്ഞ് അമിത്ഷായും

Print Friendly, PDF & Email

കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ചരിത്ര വിരുദ്ധമായ പച്ചക്കള്ളങ്ങള്‍ കുപ്രസിദ്ധി നേടിയിരുന്നു. വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയ ആ പ്രസ്താവനകളൊന്നും തിരുത്താന്‍ അദ്ദേഹം നാളിതുവരെ തയ്യാറായിട്ടുമില്ല. ഇപ്പോഴിതാ മോദിക്കു പിന്നാലെ അമിത് ഷായും പച്ചക്കള്ളള്‍ പറഞ്ഞുകൊണ്ട് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമത്തിലാണ്.

പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പാകിസ്താനിലെ മുസ്‌ലിം ഇതര മതവിഭാഗങ്ങളുടെ ജനസംഖ്യാ വളര്‍ച്ചയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് പച്ചക്കള്ളം. സ്വാതന്ത്ര്യം നേടിയ വേളയില്‍ 23 ശതമാനമുണ്ടായിരുന്ന മുസ്‌ലിം ഇതര മതവിഭാഗങ്ങള്‍ 2011ല്‍ 3.7 ശതമാനമായി ചുരുങ്ങി എന്നാണ് ഷാ പറഞ്ഞത്. ബംഗ്ലാദേശില്‍ 1947ല്‍ മുസ്‌ലിം ഇതരര്‍ 22 ശതമാനമായിരുന്നത് 2011ല്‍ 7.08 ശതമാനമായി കുറഞ്ഞു എന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മത ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ വളര്‍ച്ചയില്‍ 20 ശതമാനത്തിന്റെ കുറവുണ്ടായി എന്നായിരുന്നു മന്ത്രിയുടെ വാദം. ഇത്തരം വിഭാഗങ്ങള്‍ അവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നതു കൊണ്ടാണ് പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഷായുടെ അവകാശ വാദങ്ങള്‍ എത്രത്തോളം ശരിയാണ്…?

അമിത് ഷായുടെ പ്രസ്താവന കള്ളമാണ് എന്ന് പാക് സെന്‍സസ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. 1947ല്‍ അഖണ്ഡ ഭാരതം വിഭജിതമായ വേളയില്‍ പാകിസ്താനിലെ മത ജനസംഖ്യയെ കുറിച്ച് ആധികാരികമായ രേഖകളില്ല. അന്നുവരെ യുടെ ഭാഗമായിരുന്ന ഇന്നത്തെ പാക്കിസ്ഥാന്‍ പ്രദേശത്ത് പ്രത്യേകമായി യാതൊരു വിധ ജനസംഖ്യ കണക്കെടുപ്പും ഉണ്ടായിട്ടില്ല. വിഭജനത്തിന് മുന്പ് അവസാനമായി നടത്തിയ സെന്‍സസ് 1941ലേതാണ്. ഇത് അവിഭക്ത ഇന്ത്യയുടേത് ആണ് താനും. 23 ശതമാനം ജനസംഖ്യ എന്ന് അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞ ഈ കണക്ക് എവിടെനിന്ന് കിട്ടി… അമിത് ഷാ ആകട്ടെ ഉദ്ധരിച്ചതിന്റെ സ്രോതസ്സ് വെളിപ്പെടുത്തിയിട്ടുമില്ല. 1947ന് ശേഷമുള്ള സാമൂഹിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഈ രേഖയ്ക്ക് പ്രസക്തിയുമില്ല.

1951ലാണ് പാകിസ്താന്‍ ആദ്യമായി സെന്‍സസ് നടത്തുന്നത്. ഇന്ന് ബംഗ്ലാദേശ് കൂടി ഉള്‍പ്പെടുന്നതായിരുന്നു (കിഴക്കന്‍ പാകിസ്താന്‍) അന്നത്തെ പാകിസ്താന്‍. 1951ല്‍ 85.80 ശതമാനമാണ് അവിഭക്ത പാകിസ്താനിലെ മുസ്‌ലിം ജനസംഖ്യ. മുസ്‌ലിം ഇതര മതവിഭാഗങ്ങള്‍ 14.20 ശതമാനവും. പടിഞ്ഞാറന്‍ പാകിസ്താനില്‍ (ഇപ്പോഴത്തെ പാകിസ്താന്‍) മുസ്‌ലിം ഇതര മതവിഭാഗങ്ങള്‍ 3.44 ശതമാനം മാത്രമായിരുന്നു. കിഴക്കന്‍ പാകിസ്താനില്‍ (ബംഗ്ലാദേശ്) അത് 23.20 ശതമാനവും.

1961ലാണ് രണ്ടാം സെന്‍സസ് നടന്നത്. പടിഞ്ഞാറന്‍ പാകിസ്താനിലെ മുസ്‌ലിം ഇതര ജനസംഖ്യ ഇക്കാലത്ത് 2.83 ശതമാനമായി ചുരുങ്ങി. 1972ല്‍ മൂന്നാം സെന്‍സസ് നടത്തി. അപ്പോഴേക്കും കിഴക്കന്‍ പാകിസ്താന്‍ ബംഗ്ലാദേശ് എന്ന പേരില്‍ പുതിയ രാഷ്ട്രമായി മാറിക്കഴിഞ്ഞിരുന്നു.

1972ലെ സെന്‍സസ് പ്രകാരം പാകിസ്താനിലെ മുസ്‌ലിം ഇതരര്‍ ജനസംഖ്യയുടെ 3.25 ശതമാനമാണ്. ഇത് 1961നേതാക്കള്‍ കൂടുതലാണ് എന്നതാണ് ശ്രദ്ധേയം. 1981 ലെ സെന്‍സസ് പ്രകാരം ഇത് അല്‍പ്പം കുറഞ്ഞ് 3.25 ശതമാനമായി. 1981ല്‍ 3.30 ശതമാനവും. 1981ന് ശേഷം പതിനഞ്ചു വര്‍ഷം കഴിഞ്ഞ് 1998ലാണ് അടുത്ത സെന്‍സസ് നടന്നത്. ഈ സെന്‍സസില്‍ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ ജനസംഖ്യയുടെ 3.7 ശതമാനമായിരുന്നു. അതിനു ശേഷം, 2017ല്‍ നടത്തിയ സെന്‍സസിലെ മതാടിസ്ഥാന വിവരങ്ങള്‍ പാക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ചുരുക്കത്തില്‍, പാകിസ്താനിലെ മുസ്‌ലിം ഇതര ജനസംഖ്യ അമിത് ഷാ അവകാശപ്പെട്ട പോലെ ഒരിക്കല്‍ പോലും 23 ശതമാനം ആയിരുന്നില്ല. അവിഭക്ത പാകിസ്താനില്‍ പോലും ഇത് 15 ശതമാനത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നില്ല. ഏകദേശം 3.5 ശതമാനമാണ് ഇക്കാലയളവുകളില്‍ പാകിസ്താനിലെ മുസ്‌ലിം ഇതര ജനസംഖ്യ.

ഇന്നത്തെ ബംഗ്ലാദേശായ കിഴക്കന്‍ പാകിസ്താനിലെ സ്ഥിതി 1951ല്‍ പാകിസ്താന്റെ ഭാഗമായിരിക്കുമ്പോള്‍ 23.20 ശതമാനമായിരുന്നു കിഴക്കന്‍ പാകിസ്താനിലെ മുസ്‌ലിം ഇതര ജനസംഖ്യ. 1961ല്‍ അത് 19.57 ശതമാനവും 1974ല്‍ 14.60 ശതമാനവുമായി. 1981ല്‍ 13.70 ശതമാനമായ ജനസംഖ്യ 91ല്‍ 11.70 ശതമാനമായി. 2001ല്‍ 10.40 ശതമാനമാണിത്. എന്നാലും ബി.ജെ.പി അവകാശപ്പെട്ട പോലെയുള്ള ജനസംഖ്യാ ഇടിവ് ബംഗ്ലാദേശിലും ഉണ്ടായിട്ടില്ല. 2011ല്‍ 9.60 ശതമാനമാണ് ബംഗ്ലാദേശിലെ മുസ്‌ലിം ഇതര മതസ്ഥര്‍. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പച്ചക്കള്ളങ്ങള്‍ പറ‍ഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഭരണാധികാരികള്‍ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത്…???.