ഇവിഎം ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷിനോ..?
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വോട്ട് വിഹിതം ദുരൂഹതയുയര്‍ത്തുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടു വിഹതമാണ് ഇപ്പോള്‍ ദുരൂഹത ഉയര്‍ത്തുന്നത്. എസ്പിയും ബിഎസ്പിയും ആര്‍ജെഡിയും ഒപ്പം നിന്ന് മത്സരിച്ച ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ 50 ശതമാനത്തിലേറെ വോട്ടുവിഹിതമാണ് നേടിയിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ടുവിഹിതത്തില്‍ മാത്രം അധികാരത്തിലേറിയ ബിജെപി, പ്രതിപക്ഷസഖ്യം ശക്തമായ മത്സരം ഉയര്‍ത്തിയിട്ടും മിക്ക മണ്ഡലങ്ങളിലും 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയത് സംശയമുയര്‍ത്തുന്നു. ബൂത്തുതലത്തില്‍ മുതല്‍ കണക്കുകള്‍ ശേഖരിച്ച് പഠനം നടത്തുവാനും വോട്ട് വിഹിതത്തിലെ ഈ ദുരൂഹത കണ്ടെത്തുവാനും കോണ്‍ഗ്രസ് ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കോണ്‍ഗ്രസും മഹാ സഖ്യവും കൂടിചേര്‍ന്നാലും വിജയിക്കാത്ത രീതിയിലാണ് ബിജെപി സ്ഥാനാര്‍ഥി സ്വാമി സാക്ഷി മഹാരാജിന്റ വോട്ട് വിഹിതം. നോട്ട് നിരോധനം ജിഎസ്ടി കര്‍ഷക രോക്ഷം തുടങ്ങി രാജ്യത്ത് മോദി വിരുദ്ധ തരംഗം നിലനില്‍ക്കുമ്പോളാണ് 50 ശതമാനത്തിലേറെ വോട്ടുവിഹിതവുമായി ബിജെപിയുടെ അനായാസ ജയം. ഉത്തര്‍പ്രദേശില്‍ മോദി മത്സരിച്ച വാരാണസിയില്‍ 63 ശതമാനം വോട്ട് വിഹിതമാണ് ബിജെപി നേടിയത്. എന്നാല്‍ ഫതേപൂര്‍ സിക്രിയില്‍ രാജ് കുമാര്‍ ചാഹര്‍ 62 ഉം ബുല്ലന്ത്ഷാ ഹൗറില്‍ ബോലാ സിങ് 60ഉം, ഉന്നാവോയില്‍ സ്വാമി സാക്ഷി മഹാരാജ് 57 ശതമാനവും വോട്ട് വിഹിതം നേടിയിട്ടുണ്ട്. കൂടാതെ ഷാജഹാന്‍ പൂര്‍ 58, സേലംപൂര്‍ 52, ആഗ്ര 53, അക്ബര്‍പൂര്‍ 57, അലിഗര്‍ 56, അലഹബാദ് 55, അമേതി 49, ഔല 51, ബഹ്‌റൈച്ച് 53, ബന്‍സ്ഗാവ് 56, ബറേലി 52 എന്നിങ്ങനെ 50 ശതമാനത്തിലേറെ വോട്ടുവിഹിതം നേടിയ മണ്ഡലങ്ങള്‍ നിരവധിയാണ്. എതിര്‍ കക്ഷികളെ അസ്ഥാനത്താക്കിയുള്ള ഈ സ്ഥാനാര്‍ഥികളുടെ വോട്ട് വിഹിതം ഇവിഎം എന്നത് ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷീനാണോ എന്ന ചോദ്യമാണുയര്‍ത്തുന്നത്.
2018ല്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഉജ്വല വിജയം നേടിയ കോണ്‍ഗ്രസിന്റെ പ്രകടനവും യുപിയിലേയും ബിഹാറിലേയും പശ്ചിമ ബംഗാളിലേയും ബിജെപി വിരുദ്ധ സഖ്യകക്ഷികളുടെ പ്രകടവും മോദിക്ക് തിരച്ചടി ആകുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് ബിജെപിയുടെ ഈ വന്‍ കുതിപ്പ്. യുപിക്ക് പുറമെ വോട്ട് വിഹിതത്തില്‍ പകുതിയേലെറെ നേടി ജയിച്ച അനേകം സ്ഥാനാര്‍ത്ഥികള്‍ ഗുജറാത്തിലും, കര്‍ണാടകയിലും, ബിഹാറിലും, പശ്ചിമ ബംഗാളിലും ഉണ്ടെന്ന് വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് എഎപി സഖ്യ സാധ്യത നിലനിന്നിരുന്ന ഡല്‍ഹിയിലെ മുഴുവന്‍ സീറ്റിലും ബിജെപിയെ വോട്ടുനില 50 ശതമാനം കടന്നിട്ടുണ്ട്. കോണ്‍ഗ്രസും എഎപിയും ഒറ്റക്ക് മത്സരിച്ച വടക്ക് പടിഞ്ഞാറ് ഡല്‍ഹിയില്‍ ബിജെപിയെ വോട്ടുശതമാനം 60 കടന്ന നിലയില്‍ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് ഇടയിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ വോട്ടുവിഹിതത്തിലെ ഉയര്‍ച്ച ചോദ്യ ചിഹ്നമാവുന്നത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ഓരോ നിയോജക മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് മെഷീനുകളിലെ റസീതി വോട്ടിങ് യന്ത്രങ്ങളിലെ കൃത്യത ഉറപ്പാക്കാന്‍ വിവിപാറ്റുകള്‍ ആദ്യം എണ്ണണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന് കമ്മീഷന്‍ ഒരു കാരണവും പറയുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിക്കുന്നുവെന്നും മോദിക്കും, അമിത് ഷായ്ക്കും ഒരു നീതി സാധാരണക്കാര്‍ക്ക് മറ്റൊരു നീതി എന്ന നിലപാട് സ്വീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബിഹാറില്‍ ഇവിഎം യന്ത്രങ്ങള്‍ കുട്ടികള്‍ കടത്തിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തലയിലേറ്റി പോകുന്ന ബാലന്‍മാരുടെ ചിത്രം ട്വിറ്ററിലൂടെ പങ്ക് വെച്ചു കൊണ്ടായിരുന്നു തേജസ്വിയുടെ വിമര്‍ശം. നിയമ വിരുദ്ധമായി രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളിലായി കൊണ്ടുപോയ ഇവിഎമ്മുകള്‍ പിന്നീട് ഹോട്ടല്‍ മുറിയിലെത്തിച്ചതായും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇത് ഹോട്ടലില്‍ നിന്നും കണ്ടെടുത്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇത്തരം ആരോപണങ്ങള്‍ക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പകരം വോട്ടു വിഹിതത്തിന്‍റെ കണക്കുകള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കുകയാണുണ്ടായത്. ഇത്തരം നടപടിള്‍ കമ്മീഷന്‍റേമേലുള്ള സംശയം വര്‍ദ്ധിപ്പിക്കുകയാണ്.

