സ്ത്രീ സൗന്ദര്യത്തിന്റെ മുടിയഴക്
സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുടിയഴക് പ്രധാനപ്പെട്ട ഒരു സൗന്ദര്യ സമ്പത്താണ്. തലമുടിയുടെ സംരക്ഷണവും അഴകും വാഗ്ദാനം ചെയ്യുന്ന നിരവധി ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവയിൽ പലതിലും ആകൃഷ്ടരായി നാം അവ വാങ്ങി പരീക്ഷിക്കാറുമുണ്ട്. എന്നാൽ, രാസവസ്തുക്കൾ അടങ്ങിയ ഇത്തരം വസ്തുക്കൾ നിരന്തരം ഉപയോഗിക്കുന്നത് നിങ്ങളുടെ തലമുടിക്ക് സ്ഥിരമായ ദോഷഫലങ്ങളായിരിക്കും നൽകുക. അതേസമയം, വീട്ടിൽ നിർമ്മിക്കാവുന്ന ചില കൂട്ടുകൾ നിങ്ങളുടെ മുടിക്ക് വേണ്ടത്ര അഴകും ആരോഗ്യവും നൽകുമെന്ന കാര്യം എത്ര പേർക്ക് അറിയാം?
ക്ഷമയോടെ സ്ഥിരമായി ഉപയോഗിച്ചാൽ മാത്രമേ സ്വാഭാവിക സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഫലം ലഭ്യമാകുകയുള്ളൂ. ആരോഗ്യവും അഴകുമുള്ള മുടിക്ക് വേണ്ടി എന്തു ചെയ്യണമെന്ന് നോക്കാം;
1. ഇളം ചൂടുള്ള എണ്ണകൊണ്ടുള്ള മസാജ്
നിങ്ങളുടെ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ തലയോട്ടിയിൽ വെളിച്ചെണ്ണയും ഒലിവെണ്ണയും ആൽമണ്ട് ഓയിലും (ബദാം എണ്ണ) ചേർന്ന മിശ്രിതം ഇളം ചൂടോടെ തേച്ചുപിടിപ്പിക്കുക. ഇത് തലയോട്ടിക്ക് സുഖം നൽകുന്നതിനൊപ്പം രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എണ്ണയുടെ മിശ്രിതത്തിൽ കുറച്ച് കറിവേപ്പില കൂടി ഇടുന്നത് നന്നായിരിക്കും. ഇത് മുടി വളരുന്നതിന് സഹായിക്കും.
എണ്ണ പുരട്ടിയ ശേഷം ഒരു ടവ്വൽ ഉപയോഗിച്ച് തല മൂടിക്കെട്ടുക. തലയോട്ടിയിൽ എണ്ണ പിടിക്കുന്നതിനായി മുപ്പത് മിനിറ്റ് നേരം കാത്തിരിക്കുക. അതിനു ശേഷം ഒരു ഹെർബൽ ഷാമ്പൂ ഉപയോഗിച്ച് തല കഴുകുക.
2. മുട്ട ലേപനം
മുട്ട ലേപനം ഉപയോഗിക്കുന്നത് വരണ്ട തലമുടിക്ക് തിളക്കവും നവോന്മേഷവും നൽകും. ഇത് നിർമ്മിക്കാൻ എളുപ്പമാണ്. ഒന്നോ രണ്ടോ മുട്ട (മുടിയുടെ അളവ് അനുസരിച്ച്) അടിച്ചു ചേർത്തതിൽ മൂന്ന് ടേബിൾസ്പൂൺ തൈരും ഒരു മുറി നാരങ്ങനീരും ചേർക്കുക. ഇവ നന്നായി കൂട്ടി യോജിപ്പിക്കണം. ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ഈ ലേപനം ഉണങ്ങുന്നതിനായി 40 മിനിറ്റു നേരം കാത്തിരിക്കുക. അതിനു ശേഷം ശക്തി കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകി കളയാം.
ഇപ്പോൾ നിങ്ങളുടെ തലമുടിയുടെ തിളക്കം ശ്രദ്ധിക്കൂ, സലൂണിൽ ലഭിക്കുന്ന പരിചരണത്തെക്കാളും മെച്ചമല്ലേ ഇത്?
3. കറ്റാർവാഴ ലേപനം
കറ്റാർ വാഴയുടെ ഒരു ഇല ഒടിച്ച ശേഷം അതിൽ നിന്നുള്ള പശപോലെയുള്ള നീര് പൂർണമായും ഊറ്റിയെടുക്കുക. ഇതിൽ നാല് സ്പൂൺ തൈര് ചേർത്ത് നന്നായി ഇളക്കി കുഴമ്പുപരുവത്തിലാക്കുക. ഈ മിശ്രിതം മുടിവേരുകളിൽ തേച്ചു പിടിപ്പിക്കുക. ഇത് നന്നായി ഉണങ്ങുന്നതിന് 30 അല്ലെങ്കിൽ 40 മിനിറ്റ് കാത്തിരിക്കുക. അതിനു ശേഷം കഴുകി കളയാം. ഇത് തലമുടിക്ക് നല്ല പോഷണത്തിനൊപ്പം തിളക്കവും നൽകുന്നു.
കറ്റാർവാഴയുടെ നീര് മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ അത് ഒരു കണ്ടീഷണറായി പ്രവർത്തിച്ചുകൊള്ളും.
4. തേനും വെളിച്ചെണ്ണയും ചേർത്ത ലേപനം
വെളിച്ചെണ്ണയും തേനും സമം ചേർത്ത് തലമുടിക്ക് ഗുണപ്രദമായ ഒരു ലേപനം ഉണ്ടാക്കാം. ചേരുവകൾ രണ്ടും നന്നായി ചേർത്തിളക്കിയ ശേഷം മുടിയിൽ തേച്ചുപിടിപ്പിക്കുക.
ധാരാളം വൈറ്റമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ വെളിച്ചെണ്ണ വരണ്ടതും പൊട്ടിയതുമായ മുടിക്ക് നവോന്മേഷം നൽകും. തേൻ മുടിയിഴകളിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഈ മിശ്രിതം തലയിൽ തേച്ചു പിടിപ്പിച്ച് 30 മിനിറ്റിനു ശേഷം ശക്തികുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
5. ആപ്പിൾ സൈഡർ വിനഗർ ലേപനം
ആപ്പിൾ സൈഡർ വിനഗർ (ആപ്പിൾ നീരിൽ നിന്നുള്ള വിനാഗിരി), ഒലിവെണ്ണ, മൂന്ന് മുട്ടയുടെ വെള്ള എന്നിവ ചേർത്ത് മുടിക്ക് പോഷണം നൽകുന്ന നല്ലൊരു ലേപനം നിങ്ങൾക്ക് വീട്ടിൽ നിർമ്മിക്കാവുന്നതാണ്. മിശ്രിതത്തിൽ ആപ്പിൾ സൈഡർ വിനാഗിരി എത്രത്തോളം ചേർക്കുന്നോ അതിന്റെ ഇരട്ടി ഒലിവെണ്ണ ചേർക്കണം. ഇത് മുടിയിൽ തേച്ചു പിടിപ്പിച്ച ശേഷം 30 മിനിറ്റിനു ശേഷം കഴുകി കളയാം.
സമീകൃതാഹാരം കഴിക്കുക, മുടി സ്റ്റൈൽ ചെയ്യുന്നതിന് താപം പുറത്തുവിടുന്ന സ്റ്റൈലിംഗ് ഉപാധികൾ (ഹെയർ ഡ്രൈയർ പോലെയുള്ളവ) സ്ഥിരമായി ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നവയാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും മുടിക്ക് വേണ്ടത്ര ജലീകരണം നടത്തേണ്ടതും അത്യാവശ്യമാണ്.