തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഉയര്‍ന്നമൂല്യമുള്ള നോട്ടുകളുടെ നിരോധനം രാജ്യത്തിന്റെ തൊഴില്‍മേഖലയ്ക്കുണ്ടാക്കിയ തളര്‍ച്ച വ്യക്തമാക്കി പഠനറിപ്പോര്‍ട്ട്. 2016ല്‍ 500, 1,000 രൂപയുടെ നോട്ടുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരോധിച്ചതിനു ശേഷം രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ- 2019 എന്ന പേരില്‍ അസീം പ്രേജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്റ്റെയ്‌നബ്ള്‍ എംപ്ലോയ്‌മെന്റ് ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. സമൂഹത്തില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും അനൗദ്യോഗികവും അസംഘടിതവുമായ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് കൂടുതല്‍ ജോലി നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്‍ഡ്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) സര്‍വെ വിവരങ്ങളനുസരിച്ചാണ് സര്‍വകലാശാല റിപ്പോര്‍ട്ട്. 1,60,000 വീടുകളില്‍ ഓരോ നാലു മാസങ്ങള്‍ക്കിടയിലുമാണ് സര്‍വ്വെ നടത്തിയിട്ടുള്ളത്.

നോട്ടുനിരോധനത്തിനുശേഷം 2018 ആയപ്പോഴേക്കും ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ആറുശതമാനമായി ഉയര്‍ന്നു. 2000 മുതല്‍ 2010 വരെയുള്ള പത്തുവര്‍ഷത്തില്‍ ഉണ്ടായ നിരക്കിന്റെ ഇരട്ടിയാണീ വര്‍ദ്ധനവ്. 2019 മാര്‍ച്ചില്‍തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. തൊഴിലില്ലായ്മയെ സംബന്ധിച്ച് ഔദ്യോഗിക കണക്കായ നാഷനല്‍ സാംപിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റെ (എന്‍.എസ്.എസ്.ഒ) തൊഴിലില്ലായ്മ സംബന്ധിച്ച സര്‍വെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. നോട്ട് നിരോധനം തൊഴില്‍മേഖലയെ തളര്‍ത്തിയെന്നു വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ട് കേന്ദസര്‍ക്കാര്‍ മുക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.