ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Print Friendly, PDF & Email

ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ പങ്കെടുക്കാതെ പ്രസിഡന്‍റ് ആരിഫ് ആൽവി അവധിയെടുത്തതോടെ സെനറ്റ് ചെയർമാൻ സാദ്ദിഖ് സഞ്ജറാണിക്ക് മുന്നിലാണ് ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പിഎംഎൽ (എൻ) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്‌ലിം ലീഗ് -നവാസ് (പിഎംഎൽ(എൻ) അധ്യക്ഷനുമാണ്.

സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ ഷഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തി. ഭീകരവിരുദ്ധ മേഖല സൃഷ്ടിക്കാൻ ഒരുമിച്ച് പോരാടാമെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതിന് പിന്നാലെ കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹബാസ് ഷെരീഫ് ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ആ​ഗ്രഹിക്കുന്നത്. എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കും. ഇന്ത്യയുമായി നല്ല ബന്ധമാണ് ആ​ഗ്രഹിക്കുന്നതെന്നും ദാരിദ്ര്യം ഇല്ലാതാക്കാനായി ഒരുമിച്ച് നിന്ന് പോരാടാമെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ച വേണമെന്ന് പാകിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

ദേശീയ അസംബ്ലിയിൽ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനിടയിൽ ഇമ്രാൻ അനുകൂലികൾ പാർലമെന്റിൽ നിന്നിറങ്ങിപ്പോയി. രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ മണിക്കൂറുകൾ നീണ്ട സഭാ നടപടികൾക്കൊടുവിലാണ് ശനിയാഴ്ച അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പ്രതിപക്ഷ സഖ്യം ഇമ്രാൻ ഖാനെ പുറത്താക്കിയത്.

  •  
  •  
  •  
  •  
  •  
  •  
  •