ബാലാകോട്ടിൽ ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തിയെന്ന് അന്തർദേശീയ മാധ്യമങ്ങള്‍.

Print Friendly, PDF & Email

ഇന്ത്യ ബാലാകോട്ടിൽ ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തിയെന്ന് അന്തർദേശീയ മാധ്യമങ്ങള്‍. തീവ്രവാദി അക്രമങ്ങള്‍ക്ക് എതിരെ ഇന്ത്യ നടത്തിയ തിരച്ചടിക്ക് വലിയ പ്രധാന്യമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ നല്‍കിയത്. അഞ്ച് പതിറ്റാണ്ടിന് ശേഷം ഇന്ത്യ അതിർത്തി കടന്ന പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തി എന്ന് മിക്ക അന്തർദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. രണ്ട് ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനുംതമ്മിലുള്ള സംഘർഷം വളരുന്നത് അതിർത്തിയിലെ സംഘർഷത്തിനപ്പുറം യുദ്ധസാഹചര്യത്തിലേക്ക് നീങ്ങിയേക്കുമോ എന്ന സംശയവും ആശങ്കയും ലോകമാധ്യമങ്ങൾ പങ്കുവയ്ക്കുന്നു.

ബിബിസി:
അതീവ പ്രാധാന്യത്തോടെയാണ് ബിബിസി ഇന്ത്യ നടത്തിയ തിരിച്ചടിയെപറ്റി വാർത്ത നൽകിയത്.’പാകിസ്ഥാനിൽ ഇന്ത്യയുടെ വ്യോമാക്രമണം’ എന്നാണ് ബലാകോട്ട് ആക്രമണത്തിന് ബിബിസി നൽകിയ തലക്കെട്ട്. പ്രധാന വാർത്തകൾക്കൊപ്പം 1971ന് ശേഷം ഇന്ത്യ ഇതാദ്യമായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാകിസ്ഥാന്‍റെ മണ്ണിൽ ആക്രമണം നടത്തിയെന്ന് ബിബിസി സ്ഥിരീകരിക്കുന്നു. രണ്ട് അയൽക്കാരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിരിക്കുകയാണെന്നും ഇപ്പോൾ പന്ത് പാകിസ്ഥാന്‍റെ കോർട്ടിലാണെന്നും ബിബിസിയുടെ റിപ്പോർട്ട് പറയുന്നു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം എന്തുകൊണ്ട്? ആരാണ് ജെയ്ഷെ മുഹമ്മദ്? കശ്മീർ സംഘർഷത്തിൽ മോദിക്ക് മുമ്പിലുള്ള സാധ്യതകൾ എന്തെല്ലാം? സർജിക്കൽ സ്ട്രൈക്ക് എന്തായിരുന്നു? എന്നിങ്ങനെ ഈ വാർത്തയുടെ ചരിത്രപരമായ വിശദാംശങ്ങൾ കൂടി സമഗ്രമായി ബിബിസി തരുന്നുണ്ട്.

റോയിറ്റേഴ്സ്:
‘ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാനിലെ തീവ്രവാദി ക്യാമ്പ് ആക്രമിച്ചുവെന്ന് ഇന്ത്യ’ എന്നാണ് അന്താരാഷ്ട്ര വാർത്താ എജൻസിയായ റോയിറ്റേഴ്സിന്‍റെ റിപ്പോർട്ട്. നിരവധി തീവ്രവാദികളെ കൊന്നുവെന്നും ഇന്ത്യ പറയുന്നു. എന്നാൽ പാകിസ്ഥാൻ അധികൃതർ ഇത് നിഷേധിക്കുകയാണ്. എന്നാൽ 1971ന് ശേഷം ഇന്ത്യ നിയന്ത്രണരേഖയ്ക്ക് അപ്പുറം കടന്ന് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ടിൽ തുടർന്ന് വിശദമാക്കുന്നു.

‘നിയന്ത്രണരേഖയ്ക്ക് 50 കിലോമീറ്റർ അപ്പുറമുള്ള ബാലാകോട്ടിലായിരുന്നു ആക്രമണം’ എന്ന് വാർത്തയുടെ രണ്ടാം പകുതിയിൽ റോയിറ്റേഴ്സ് ഇന്ത്യൻ ആക്രമണം സ്ഥിരീകരിക്കുന്നുണ്ട്. പാകിസ്ഥാൻ ഇന്ത്യൻ ആക്രമണത്തെ അപലപിച്ചുവെന്നും തക്ക സമയത്ത് തക്ക സ്ഥലത്ത് തിരിച്ചടി നൽകുമെന്ന് പ്രതികരിച്ചതായും റോയിറ്റേഴ്സിന്‍റെ റിപ്പോർട്ടിൽ തുടർന്ന് പറയുന്നു.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സംഘർഷത്തിലേക്കാണ് ഇന്ത്യ-പാക് ബന്ധത്തിൽ ഉരുത്തിരിഞ്ഞിരിക്കുന്നത് എന്നാണ് റോയിറ്റേഴ്സിന്‍റെ വിലയിരുത്തൽ.

സ്വയരക്ഷയെ കരുതി ഇന്ത്യ ആക്രമണത്തിന് നിർബന്ധിതമാവുകയായിരുന്നുവെന്ന ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ പ്രതികരണവും പാകിസ്ഥാൻ പട്ടാളവക്താവിന്‍റേയും പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതിയുടെ വിശദീകരണവും റോയിറ്റേഴ്സ് ഏതാണ്ട് തുല്യ പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും നിയന്ത്രണം പാലിക്കണം എന്ന ചൈനയുടെ പ്രതികരണവും റോയിറ്റേഴ്സ് പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

“മരങ്ങൾ വീഴുന്നത് കണ്ടു, ഒരു തകർന്ന വീടും.. ബോബുകൾ വീണ സ്ഥലങ്ങൾ അഗ്നിഗോളങ്ങളായി മാറി” മുഹമ്മദ് അജ്മൽ എന്ന ഇരുപത്തഞ്ചുകാരനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ പറക്കുന്ന ശബ്ദവും സ്ഫോടനശബ്ദങ്ങളും കേട്ടതായി പാകിസ്ഥാനി ഗ്രാമീണരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ന്യൂയോർക് ടൈംസ്:
സ്ഫോടനാത്മകമായ വിദ്വേഷത്തിന്‍റെ സാഹചര്യം ഇന്ത്യക്കും പാകിസ്ഥാനുമിടിയിൽ ഉയരുകയാണെന്നാണ് ന്യൂയോർക് ടൈംസിന്‍റെ റിപ്പോർട്ട്. ‘സൂര്യോദയത്തിന് മുമ്പ് പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒട്ടേറെ തീവ്രവാദികളെ വകവരുത്തിയതായി ഇന്ത്യ പറയുന്നു. അതേസമയം ബാലകോട്ടിൽ ആരും മരിച്ചിട്ടില്ലെന്നാണ് ഇസ്ലാമാബാദ് പറയുന്നത്’ ന്യൂയോർക്ക് ടൈംസിന്‍റെ ഈ വിഷയത്തിലെ പ്രധാന റിപ്പോർട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്.

 • 3
 •  
 •  
 •  
 •  
 •  
 •  
  3
  Shares