INDIANEWS MAIN

അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിക്കുകയായിരുന്നു – രാഹുല്‍ ഗാന്ധി

അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.രാജ്യത്തെ വിഭജിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. സമ്പന്നര്‍ക്കു വേണ്ടി മാത്രമുള്ള ഒരു ഇന്ത്യയും പാവപ്പെട്ടവര്‍ക്കുവേണ്ടി മറ്റൊരു ഇന്ത്യയും നിര്‍മ്മിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. 3.5 ലക്ഷം കോടി 15 സമ്പന്നര്‍ക്ക് വീതിച്ചു നല്‍കി. എന്നാല്‍ ഒരു രൂപയുടെ കര്‍ഷക വായ്പ പോലും എഴുതി തള്ളിയില്ല. നാലരവര്‍ഷം മോദി കര്‍ഷകരെ ഉപദ്രവിച്ചു.15 സമ്പന്ന ബിസിനസുകാരായ സുഹൃത്തുക്കള്‍ക്കാണ് മോദി മിനിമം വേതനം ഉറപ്പാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ . രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും കുറഞ്ഞ വേതനം ഉറപ്പുവരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തൊഴിലുറപ്പ് ഭക്ഷ്യസുരക്ഷ പദ്ധതികളില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. അധികാരത്തിലെത്തിയാല്‍ ഇന്ത്യയില്‍ എല്ലായിടത്തും കോണ്‍ഗ്രസ് പുരോഗതി കൊണ്ടുവരും. ചിലവു കുറഞ്ഞ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് ഉറപ്പാക്കും

സി.പി.എമ്മും ബി.ജെ.പിയും കേഡര്‍ പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് അതല്ലെന്നും പറഞ്ഞ് നിങ്ങള്‍ സ്വയം പരാജിതരാവരുത്. കോണ്‍ഗ്രസ് രാജ്യത്തിന്റെ ഹൃദയം പേറുന്ന പാര്‍ട്ടിയാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത പാര്‍ട്ടിയാണ്. രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ മറ്റു ആര്‍.എസ്.എസ് നേതാക്കള്‍ ബ്രിട്ടീഷുകാരോട് മാപ്പിരക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ എല്ലാ ഭരണഘടന സ്ഥാപനങ്ങളേയും തകര്‍ക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്. സ്വയം രക്ഷിക്കാനാണ് സി.ബി.ഐ ഡയറക്ടറെ മാറ്റിയത്. മോദിയും അമിത് ഷായും കോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ജി.എസ്.ടി തുടക്കം മുതലേ വന്‍ പരാജയമാണ്. അധികാരത്തിലെത്തിയാല്‍ നിലവിലെ ജി.എസ്.ടിയെ രാജ്യത്തിന്റെ പുരോഗതിക്ക് അനുസൃതമായി മാറ്റും. കൊടിയ പ്രളയം അനുഭവിച്ച കേരളത്തിന് പുനര്‍ നിര്‍മ്മാണത്തിന് കേന്ദ്രം ചെയ്തതെന്നും രാഹുല്‍ ചോദിച്ചു.

കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമാണ്. പ്രളയത്തെ മലയാളികള്‍ ഒറ്റക്കെട്ടായി അതിജീവിച്ചു. പ്രളയത്തെ അതിജീവിച്ച കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. കേരളത്തില്‍ സി.പി.എമ്മിനേയും കേന്ദ്രത്തില്‍ ബി.ജെ.പിയേയും തോല്‍പ്പിക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ നയിക്കുന്നുവെന്ന കാര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. കേരളം വെറുമൊരു സംസ്ഥാനമല്ല, ഇതൊരു ആശയമാണ്. കാരുണ്യവും മനുഷ്യത്വവും ബഹുമാനവും ഉള്‍ക്കൊള്ളുന്നതാണ് കേരളം എന്ന് രാഹുല്‍ പറഞ്ഞു.

 

.