പുതിയ വ്യോമയാന നിയമം ‘ഭാരതീയ വായുയാൻ വിധേയക്-2024’ രാജ്യസഭയിൽ.

നൂറ്റാണ്ടോളം പഴക്കമുള്ള എയർക്രാഫ്റ്റ് നിയമത്തിന് പകരമായി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡു ചൊവ്വാഴ്ച ഭാരതീയ വായുയാൻ വിധേയക്, 2024 രാജ്യസഭയിൽ അവതരിപ്പിച്ചു. ആഗസ്റ്റ് സമ്മേളനത്തിൽ ലോക്‌സഭയിൽ പാസാക്കിയ ബിൽ, രാജ്യത്തെ വ്യോമയാന ചട്ടങ്ങൾ നവീകരിക്കാനും ഇന്ത്യന്‍ വ്യോമയാന മേഖലയെ അന്താരാഷ്ട്ര നിലവാരത്തിൽ കൊണ്ടുവരാനും ലക്ഷ്യമിടുന്നു.

കാലഹരണപ്പെട്ട എയർക്രാഫ്റ്റ് നിയമം ഭേദഗതി ചെയ്യാനുള്ള ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ഐസിഎഒ) നിർദ്ദേശങ്ങൾക്കനുസൃതമാണ് ബില്ലെന്ന് നായിഡു പറഞ്ഞു. “ഡിജിസിഎ പോലുള്ള സ്ഥാപനങ്ങൾക്കായി ബില്ലിലെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്, ഉത്തരവാദിത്തങ്ങളുടെ വ്യക്തമായ അതിർത്തി നിർണയം ഉറപ്പാക്കുന്നു,” അദ്ദേഹം വിശദീകരിച്ചു. ഘടനാപരമായ പരിഷ്കാരങ്ങളുടെ ആവശ്യകത ഇന്നിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവള നിർമാണത്തിനുള്ള ഭൂമിയുടെ ദൗർലഭ്യം ഉൾപ്പെടെയുള്ള ഭാവി വെല്ലുവിളികൾ നേരിടാൻ സജീവമായ നടപടികൾ കൈക്കൊള്ളേണ്ടതിൻ്റെ പ്രാധാന്യം നായിഡു ഊന്നിപ്പറഞ്ഞു.

ഇന്ത്യന്‍ വ്യോമയാന മേഖലയുടെ വളർച്ച ചൂണ്ടിക്കാട്ടിക്കൊണ്ട്, 2014-ൽ 74 വിമാനത്താവളങ്ങളുടെ എണ്ണം 2024-ൽ 157 ആയി വർധിച്ചതായും ഫ്‌ളീറ്റിൻ്റെ എണ്ണം 2014-ൽ 400 വിമാനങ്ങളിൽ നിന്ന് 2024 ആയപ്പോഴേക്കും 813 ആയി വർധിച്ചതായും നായിഡു ചൂണ്ടിക്കാട്ടി. സാമ്പത്തിക വളർച്ചയിൽ വ്യോമയാന മേഖലയുടെ പങ്ക് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. “ഇന്ന്, എല്ലാവർക്കും അവരുടെ ജില്ലയിൽ ഒരു വിമാനത്താവളം വേണം, ഞങ്ങൾ അത് നിറവേറ്റാൻ ലക്ഷ്യമിടുന്നു” എന്ന് നായിഡു അവകാശപ്പെട്ടു.

നിലവിലുള്ള നിയമപരമായ അപാകതകൾ പരിഹരിക്കാനും പുതിയ നിയന്ത്രണ ചട്ടക്കൂട് നൽകാനും ബിൽ ശ്രമിക്കുന്നു. നിയമത്തിൽ മുമ്പ് ഇല്ലാതിരുന്ന വിമാന രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമുള്ള നിർവചനങ്ങളും വ്യവസ്ഥകളും പുതിയ ബില്ലിൽ അവതരിപ്പിക്കുന്നു. ഉത്തരവാദിത്തവും ന്യായമായ വിധിന്യായവും ഉറപ്പാക്കാൻ ഒരു അപ്പീൽ സംവിധാനം ബില്‍ മുന്നോട്ടു വക്കുന്നു. നിയമം ഭേദഗതി ചെയ്യുന്നതിലൂടെ, വ്യോമയാന നിയന്ത്രണങ്ങൾക്ക് ശക്തമായ നിയമ പിന്തുണ ബിൽ ഉറപ്പു നൽകുന്നു.
വിമാനയാത്ര എളുപ്പമാക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുക, ഇന്ത്യയുടെ വ്യോമയാന നിയമങ്ങളെ അന്താരാഷ്‌ട്ര കൺവെൻഷനുകളുമായി യോജിപ്പിക്കുക എന്നിവയും നിയമനിർമ്മാണം ലക്ഷ്യമിടുന്നു.

കോൺഗ്രസ് എംപി സയ്യിദ് നസീർ ഹുസൈൻ ബില്ലിൻ്റെ തലക്കെട്ട് ഹിന്ദിയിലായതിൽ ആശങ്ക ഉന്നയിച്ചു, ഇത് ഹിന്ദി സംസാരിക്കാത്ത ജനങ്ങളെ ഒഴിവാക്കുന്നതായി അദ്ദേഹം വിശേഷിപ്പിച്ചു. “ജനസംഖ്യയുടെ 60 ശതമാനവും ഹിന്ദി സംസാരിക്കാത്തവരാണ്. ബില്ലിന് ഹിന്ദിയിൽ പേരിടുന്നത് ഒഴിവാക്കേണ്ട പ്രവണതയാണെന്ന്” അദ്ദേഹം പറഞ്ഞു.

വ്യോമയാന നിയന്ത്രണ ഏജൻസികളുടെ സ്വയംഭരണാവകാശത്തെയും ഹുസൈൻ ചോദ്യം ചെയ്തു. ഡിജിസിഎ അല്ലെങ്കിൽ ബിസിഎഎസ് പോലുള്ള ബോഡികളുടെ തീരുമാനങ്ങൾക്കെതിരെയുള്ള അപ്പീലുകൾ കേന്ദ്ര ഗവൺമെൻ്റിന് മാത്രമായി പരിമിതപ്പെടുത്തുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു, “ഈ ഏജൻസികൾക്ക് നേരിട്ടുള്ള സർക്കാർ നിയന്ത്രണത്തിൽ എത്രത്തോളം തൊഴിൽപരമായും സ്വതന്ത്രമായും പ്രവർത്തിക്കാൻ കഴിയുമെന്ന് കാണേണ്ടതുണ്ട്.”

ഭാരതീയ വായുയാൻ വിധേയക്, 2024, ഇന്ത്യയുടെ വ്യോമയാന മേഖലയെ നവീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. ഇത് കാര്യക്ഷമമായ നിയന്ത്രണങ്ങളും സാമ്പത്തിക വളർച്ചയും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഉൾപ്പെടുത്തൽ, നിയന്ത്രണ സ്വയംഭരണം എന്നിവയെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങൾ അത്തരമൊരു പരിഷ്കരണം നടപ്പിലാക്കുന്നതിൻ്റെ സങ്കീർണ്ണതകളെ ഉയർത്തിക്കാട്ടുന്നു. ഇന്ത്യയിലെ സിവിൽ ഏവിയേഷൻ്റെ ഭാവി രൂപപ്പെടുത്തുന്ന ബിൽ രാജ്യസഭ പാസാക്കുകും അതിന് പ്രസിഡന്‍റ് അംഗീകാരം നല്‍കുകയും ചെയ്യുന്നതോടെ പുതിയ വ്യോമയാന നിയമം രാജ്യത്ത് നടപ്പില്‍ വരും.