പൊതുതിരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കിക്കൊണ്ട് പ്രതിപക്ഷ മഹാഐക്യം

Print Friendly, PDF & Email

2019ല്‍ നടക്കുവാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കിക്കൊണ്ട് പ്രതിപക്ഷ മഹാഐക്യത്തെ സാക്ഷിയാക്കി കര്‍ണാടകയുടെ 24ാം മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരവും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കര്‍ണാടക നിയമസഭയായ വിധാന്‍ സൗധയുടെ പുറത്ത് നടത്തിയ വലിയ ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

രാജ്യത്തെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിക്കല്‍ വേദിയായി മാറി സത്യപ്രതിജ്ഞ ചടങ്ങ.് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ നേതാവ്‌സോണിയ ഗാന്ധി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, തുടങ്ങിയവര്‍ കൈകള്‍ കോര്‍ത്ത് വേദിയിലെത്തി.

പ്രതിപക്ഷ ഐക്യത്തിന്റെ വലിയ വേദിയില്‍ അത്യപൂര്‍വ്വ കാഴ്ചകള്‍ക്കാണ് സത്യപപ്രതിജ്ഞ കാണുവാന്‍ എത്തിയ ജനക്കൂട്ടം സാക്ഷിയായത്. ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളായ മായാവതിയും എസ്.പി നേതാവ് അഖിലേഷ് യാദവും പരസ്പരം ചിരിച്ച് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു. ബംഗാളിലെ മമതാ ബാനര്‍ജിയും സീതാറാം യെച്ചൂരിയും പരസ്പരം ചിരിച്ച് കൈകൊടുത്തതും. രാഹുല്‍ ഗാന്ധിയും ചന്ദ്രബാബു നായിഡുവും കൈകോര്‍ത്തു, സോണിയ ഗാ്ന്ധിയാകട്ടെ മായാവതിയെ ആലിംഗനം ചെയ്തു. 2019ലെ തിരഞ്ഞെടുപ്പിന്റെ ഗതി എന്തായിരിക്കുമെന്ന കൃത്യമായ സൂചനയായിരുന്നു ബെംഗളൂരുല്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തിയത്.

വെള്ളിയാഴ്ച നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനു ശേഷം കുമാരസ്വാമി മന്ത്രസഭ വിശ്വസ വോട്ട് നേടും. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിലെ രമേശ് കുമാറിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനുമായിരിക്കും. കോണ്‍ഗ്രസിന് 22 ഉം ജെ.ഡി.എസിന് 12 ഉം എന്ന നിലയ്ക്ക് 34 മന്ത്രിമാരാണ് സഭയിലുണ്ടാവുക. നിലവില്‍ 117 അംഗങ്ങളുടെ പിന്തുണ സഖ്യത്തിനുണ്ട്. അതിനാല്‍ കുമാരസ്വാമി മന്ത്രിസഭക്ക് വിഷമം കൂടാതെ വിശ്വസവോട്ട് നേടാനാവും. എന്നാല്‍ അതുവരെ കോണ്‍. ദള്‍ എംഎല്‍എമാരുടെ റിസോര്‍ട്ട് വാസം തുടരും.

കര്‍ണാടകയിലെ വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയില്‍ നിന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ രാജിവച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ബി.ജെ.പി ജനവിരുദ്ധ അധികാരമേല്‍ക്കല്‍ ദിനമായിട്ടാചരിച്ച് സത്യപ്രതിജ്ഞ ചടങ്ങ് പഹിഷ്‌കരിച്ചിരിക്കുകയായിരുന്നു.