വൃദ്ധന്മാരുടെ പോളിറ്റ് ബ്യൂറോ… അഥവ, പോളിറ്റ് ബ്യൂറോയിലെ വാര്‍ദ്ധക്യ പുരാണം

Print Friendly, PDF & Email

അറബി കഥയിലെ കടല്‍കിഴവനേ പോലെ അധികാര കസേരയില്‍ കയറിയിരുന്നാല്‍ പിന്നെ ആ കസേര മറ്റുള്ളവര്‍ക്കായി ഒഴിഞ്ഞു കൊടുക്കുക പ്രയാസം. അതിന് ഒന്നാന്തരം തെളിവാണ് സിപിഐഎമ്മിന്റെ പുതുതായി തിരഞ്ഞെടുത്ത പുതിയ (പഴയ)പൊളിറ്റ് ബ്യൂറോയിലെ അംഗങ്ങള്‍. പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങളെല്ലാം വൃദ്ധന്മാര്‍. 60 വയസ്സിന് താഴെ പ്രായമുള്ള ഒരാളും ഇല്ല. കഴിഞ്ഞ ഫെബ്രുവരി 7 ന് 80ാം പിറന്നാള്‍ ആഘോഷിച്ച എസ് രാമചന്ദ്രന്‍ പിള്ളയില്‍ തുടങ്ങുന്നു പോളിറ്റ് ബ്യൂറോയിലെ വാര്‍ദ്ധക്യ പുരാണം. പുതുതായി പൊളിറ്റ് ബ്യൂറോയില്‍ എത്തിയ നീലോത്പല്‍ ബസുവാണ് കൂട്ടത്തില്‍ ഏറ്റവും ശിശു. അദ്ദേഹത്തിനാകട്ടെ പ്രായം 62. മറ്റൊരു പുതുമുഖം തപന്‍ സെന്‍ന് വയസ് 67. എംഎ ബേബിയും, കോടിയേരി ബാലകൃഷ്ണനുമടക്കം കേരളത്തില്‍ നിന്നുള്ളവരെല്ലാം 60 കഴിഞ്ഞവര്‍. ചുരുക്കി പറഞ്ഞാല്‍ പിബിയുടെ ശരാശരി പ്രായം 71.

ഇനി അല്‍പ്പം ചരിത്രം. 1992ല്‍ ചെന്നൈയില്‍ നടന്ന പതിനാലാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് സീതാറാം യെച്ചൂരിയും, പ്രകാശ് കാരാട്ടും, എസ് രാമചന്ദ്രന്‍ പിള്ളയും പൊളിറ്റ് ബ്യുറോയില്‍ എത്തുന്നത്. സീതാറാം യെച്ചൂരിക്ക് അന്ന് പ്രായം 40. പ്രകാശ് കാരാട്ടിന് 44. കൂട്ടത്തില്‍ മൂത്ത എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക പോലും അന്ന് വെറും 54 വയസ്സേ ഉണ്ടായിരുന്നുള്ളു. ഇഎംഎസ് ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞതും, സുര്‍ജിത്ത് ആ സ്ഥാനത്ത് വന്നതും ചെന്നൈ പാര്‍ട്ടി കോണ്‍ഗ്രസ്സിലായിരുന്നു. 1992ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടും, ബിടി രണദിബയും എം ബസവപുന്നയ്യയും, സുര്‍ജിത്തും, ജ്യോതി ബസുവും, ഒക്കെ ചേര്‍ന്ന് നടത്തിയ ആ പരീക്ഷണം, എന്തുകൊണ്ടാകും സീതാറാം യെച്ചൂരിയും, പ്രകാശ് കാരാട്ടും, എസ് രാമചന്ദ്രന്‍ പിള്ളയും, വൃന്ദ കാരാട്ടുമൊക്കെ ഇപ്പോള്‍ നടപ്പിലാക്കാത്തത്?. അവിടെയാണ് നമ്മുടെ നേതാക്കന്മാര്‍ വേതാളന്മാരാകുന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ന്യായീകരണങ്ങളുമായി അവര്‍ കസേരകളില്‍ ചടഞ്ഞുകൂടിയിരിക്കും.

പ്രത്യയശാസ്ത്ര വ്യക്തതയും, പ്രായോഗിക പരിജ്ഞാനവും, മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചുള്ള അനുഭവ പരിജ്ഞാനവുമുള്ള ചെറുപ്പക്കാര്‍ സിപിഎംല്‍ ഇല്ലാഞ്ഞിട്ടാണോ ഈ പഴംചാക്കുകളെ കുത്തിനിറച്ച പോളിറ്റ്ബ്യൂറോ തല്ലിക്കൂട്ടിയത്. അല്ലേ…അല്ല. അടുത്ത കാലത്ത് ജനത്തിന് സ്വീകാര്യമായ മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച നേതാക്കന്മാരെല്ലാം ചെറുപ്പക്കാരായിരുന്നു. അവര്‍ പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയൊന്നുമായിരുന്നില്ല ഈ മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചത്. അവയുടെ ജനസ്വീകാര്യത കണ്ട് പോളിറ്റ്ബ്യൂറോ പിന്നീട് അവയുടെ പിതൃത്വം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് മഹാരാഷ്ട്രയിലെ ലോങ്ങ് മാര്‍ച്ച്.

പുതുമയുള്ള ആശയങ്ങളും, സാങ്കേതിക വിദ്യയുടെ പുത്തന്‍ സാധ്യതകളുമൊക്കെ വിനിയോഗിച്ചാലേ ഇന്ന് ഇത്തരം ജനകീയമുന്നേറ്റങ്ങള്‍ സാധ്യമാകൂ. മുഖ്യധാര മാധ്യമങ്ങള്‍ ആദ്യ ദിവസങ്ങള്‍ ഒഴിവാക്കിയ ലോങ്ങ് മാര്ച്ചിന്റെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ജനങ്ങളില്‍ ആദ്യം എത്തിയത്. പിന്നീട് മറ്റ് സാധ്യതകള്‍ ഇല്ലാതെ മുഖ്യധാര മാധ്യമങ്ങള്‍ ആ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. ഇന്ന് സിപിഎം പോളി്റ്റ് ബ്യൂറോയിലെ വൃദ്ധക്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയില്‍ സജീവമായി ഇടപെടുന്നവര്‍ എത്രപേരുണ്ട്. ഒരു പക്ഷെ ഒരു യച്ചൂരി മാത്രം ഉണ്ടാവും പേരിനായിട്ടെങ്കിലും. യെച്ചൂരി തന്നെ വൈകിയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇവിടെയാണ് യുവാക്കള്‍ നേതൃത്വത്തില്‍ എത്തേണ്ടതിന്റെ പ്രസക്തി. പുതിയ തലമുറയുമായി ആശയവിനിമയം നടത്താന്‍ പഴയ തലമുറയേക്കാളും, ചെറുപ്പക്കാര്‍ക്കാകും. യെച്ചൂരി നേതൃത്വം നല്‍കുന്ന പൊളിറ്റ് ബ്യൂറോയില്‍ കൂടുതല്‍ യുവ പ്രാതിനിധ്യം ഉണ്ടാകേണ്ടതായിരുന്നു. പ്രത്യേകിച്ച് വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ സോഷ്യല്‍ മീഡിയകളിലൂടേയും മറ്റും യുവത്വം നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തില്‍.