ഉത്തരം മുട്ടുമ്പോള്‍ ചരിത്രം തിരയുന്നവര്‍…
ഫാസി എന്ന ഇറ്റാലിയന്‍ പദത്തിനും നാസി എന്ന ജര്‍മന്‍ പദത്തിനും അര്‍ത്ഥം ഒന്നുതന്നെ. സന്നദ്ധ സംഘം. ഈ സന്നദ്ധ സംഘടനകള്‍ക്ക് തീവ്രസ്വഭാവം കൈവരുമ്പോള്‍ അവര്‍ ചാവേര്‍ സംഘങ്ങളേ പോലെ പെരുമാറുവാന്‍ തുടങ്ങുന്നു. ഭിന്നസ്വരങ്ങളെ അവഗണിക്കുവാനും സ്വന്തം ആശയ ഗതികള്‍ അടിച്ചേല്‍പ്പിക്കുവാനും ആരംഭിക്കുന്നു. ഇതാണ് ഫാസിസം. ഫാസിസ്റ്റ് ശക്തികള്‍ സംഘടനകളെയും ഭരണ സംവിധാനങ്ങളേയും അതിനായി ഉപയോഗിക്കുവാന്‍ ആരംഭിക്കുന്നതോടെ ഫാസിസ്റ്റ് ഭരണം നിലവില്‍ വരുകയായി. അതിനായി അവര്‍ എപ്പോഴും ഉപയോഗിക്കുന്നത് ദേശഭക്തിയേയും രാജ്യസ്‌നേഹത്തേയും ചരിത്ര മാഹാത്മ്യത്തേയുമാണ്. തങ്ങളുടെ ചിന്താധാരകളെ അനുകൂലിക്കാത്തവരെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. അനുകൂലിക്കുന്നവരെല്ലാം രാജ്യസ്‌നേഹികള്‍. ഹിറ്റ്‌ലറും മുസോളിനിയും തുടങ്ങി ഉത്തരകൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്‍ വരെയുള്ള എല്ലാ ഫാസിസ്റ്റ് ഏക്ധിപതികളും എടുത്തണിഞ്ഞ വസ്ത്രം നമ്മുടെ രാജ്യത്തും വിറ്റഴിക്കുവാനുള്ള നീക്കം തകൃതിയായി നടന്നുവരുകയാണ്. അതിനു പ്രധാനമന്ത്രി തന്നെ ചുക്കാന്‍ പിടിക്കുന്നത് കാണുമ്പോള്‍ രാജ്യത്തിന്റെ വരും നാളുകളെ പറ്റി ഓര്‍ക്കുമ്പോള്‍ ഭയമാണ് തോന്നുന്നത്.
ഭയപ്പെടാതെന്തു ചെയ്യും. കഴിഞ്ഞ ദിവസം പാര്‍ലിമന്റില്‍ പധാനമന്ത്രി ആഞ്ഞുവീശിയത് അത്തരമൊരു ഫാസിസത്തി ന്റെ ആയുധമായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ താന്‍ രാജ്യത്തിനു വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് തല ഉയര്‍ത്തിനിന്ന് രാജ്യത്തോട് പറയേണ്ട അവസരത്തില്‍ പ്രധാനമന്ത്രിക്ക് പറയുവാന്‍ ഒന്നുമില്ലായിരുന്നു. അതിനാല്‍ അദ്ദേഹം പറഞ്ഞത് 1947ല്‍ ജവഹര്‍ലാല്‍ നെഹറു പ്രധാന മന്ത്രി ആകുന്നതിനു പകരം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രധാനമന്ത്രി ആകുകയായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ തലവിധി തന്നെ മാറുമായിരുന്നുവെന്നാണ്.
ചരിത്രത്തില്‍ എങ്കില്‍ എന്ന വാക്കില്ല എന്ന് പ്രധാനമന്ത്രി തിരിച്ചറിഞ്ഞിട്ടില്ല എന്ന് വിശ്വസിക്കുവാന്‍ വയ്യ. ചരിത്രത്തില്‍ പകരക്കാരില്ല. അത് നടന്നു കഴിഞ്ഞതാണ്. നരേന്ദ്ര മോദിക്കു പകരം മറ്റാരെങ്കിലുമായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ എന്ന ചോദ്യം എത്ര മണ്ടത്തരമാണ്. എത്രമാത്രം ജനാധിപത്യ വിരുദ്ധവും നിരര്‍ത്ഥകവുമാണ് ആ ചോദ്യം.
സാങ്കല്‍പ്പിക ചോദ്യങ്ങളിലേക്ക് എന്തുകൊണ്ടാണ് പധാനമന്ത്രിക്ക് ഇന്ത്യയെ വലിച്ചിടേണ്ടി വരുന്നത്?. യഥാര്‍ത്ഥ ചോദ്യങ്ങള്‍ അദ്ദേഹത്തിനു പൊള്ളുന്നതുകൊണ്ടുതന്നെ. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കൊണ്ട് സാധാരണക്കാരുടെ മുതുകിലേക്ക് കയറ്റിവക്കുന്ന ഭാണ്ഡക്കെട്ടുകളുടെ ഭാരം വര്‍ദ്ധിച്ചുവെന്നാല്ലാതെ എന്ത് ആശ്വാസമാണ് മോദിക്കു നല്‍കുവാനായിട്ടുള്ളത്.
ഉണര്‍ത്തിവിട്ട വൈകാരികത എന്ന ആയുധത്തിന്റെ മൂര്‍ച്ഛയിലാണ് 1914ല്‍ മോദിക്ക് ഇന്ദ്രപ്രസ്ഥത്തെ കീഴടക്കുവാന്‍ കഴിഞ്ഞതെന്ന് എല്ലാവരേക്കാള്‍ കൂടുതല്‍ മോദിക്കറിയാം. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കി വൈകാരികത വീണ്ടും ഉണര്‍ ത്തി വിടുവാനുള്ള മോദിയുടെ ശ്രമം തികച്ചും കോമാളിത്തരമായിപ്പോയി. 2014 അല്ല 2018 എന്ന് മോദി തിരിച്ചറിഞ്ഞിട്ടല്ല എന്ന് തോന്നുന്നു. പട്ടേല്‍ പരാമര്‍ശത്തില്‍ പുളങ്കിതരാവുന്ന കുറേപേര്‍ ഉണ്ടായെന്നിരിക്കാം. എന്നിരുന്നാലും ചരിത്രത്തിന്റെ ത്രേതായുഗത്തിലേക്ക് ഇന്ത്യന്‍ ജനതയെ നയിക്കുന്ന ഒരു പ്രധാനമന്ത്രിയേയല്ല ഭാവിയിലേക്ക് ജനതയെ കൈപിടിച്ചു നടത്തുന്ന ഒരു പ്രധാനമന്ത്രിയേയാണ് ഇന്ത്യന്‍ ജനതക്ക് ആ വശ്യമെന്നും അതിനു കഴിയാത്ത ഒരു പധാനമന്ത്രിക്ക് ജനമനസ്സുകളില്‍ സ്ഥാനമുണ്ടാവുകയില്ല എന്നും പ്രധാനമന്ത്രി തിരിച്ചറിയണം.
അതത്ര എളുപ്പമല്ല എന്ന് നരേന്ദ്രമോദിക്ക് കൃത്യമായി അറിയാം. അതിലേക്കുള്ള ചൂണ്ടുപലകകള്‍ മുന്നില്‍ നിരന്നു നില്‍ ക്കുമ്പോള്‍ ഇതില്ല ഇതിലപ്പുറവും നരേന്ദ്രമോദി പറയുമെന്ന് സമകാലീന ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടാണ് വര്‍ത്തമാനകാലത്തെക്കുറിച്ച് ഓര്‍മിക്കണമെന്നല്ല പലതും മറക്കണമെന്ന് പ്രധാനമന്ത്രി പറയുന്നത്. ഭാവിയെപ്പറ്റി സ്വപ്നം കാണുവാനല്ല ചരിത്രത്തെ ഓര്‍മ്മിച്ചു ജീവിക്കണമെന്ന് പ്രധാനമന്ത്രി നമ്മോടാവശ്യപ്പെടുന്നത്. ഭാവിയെപ്പറ്റി ഓര്‍ത്ത് ഉല്‍ക്കണ്ഠപ്പെടുവാനല്ല തിരുത്താനാകാത്ത ചരിത്രം ചികഞ്ഞ് വിദ്വേഷത്തില്‍ ജീവിക്കണമെന്ന് പ്രധാനമന്ത്രി നമ്മോട് ആഹ്വാനം ചെയ്യുന്നത്.
ജവഹര്‍ലാല്‍ നെഹറു ആരായിരുന്നുവെന്ന് ഇന്ത്യന്‍ ജനതക്കറിയാം. നരേന്ദ്ര ദാമോദര്‍ദാസ് മോദി ആരാണെന്നാണ് ഇന്ത്യന്‍ ജനതക്ക് അറിയേണ്ടത്. അദ്ദേഹത്തിന് ഇന്ത്യയെ എങ്ങനെ മാറ്റി മറിക്കുവാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ ജനതക്ക് അറിയേണ്ടത്. അല്ലാതെ നെഹറുവിനു പകരം പട്ടേല്‍ ഭരിച്ചിരുന്നുവെങ്കില്‍ പാലും തേനുമൊഴുകുമായിരുന്ന ഇന്ത്യയെന്ന അത്ഭുതദേശത്തെ സ്വപ്നജീവിയായി കഴിയുവാനല്ല; പ്രധാനമന്ത്രി ഓരോ ഇന്ത്യക്കാരനേയും ക്ഷണിക്കേണ്ടത്.
പട്ടേലൊരുക്കുമായിരുന്നുവെന്ന് പറയുന്ന ഏദന്‍ തോട്ടത്തിലല്ല ഇന്നത്തെ ഇന്ത്യന്‍ ജനത ജീവിക്കുന്നത്. നരേന്ദ്രമോദി ഭരിക്കുന്ന ഊഷര ഭൂമിയിലാണ്. അതിനാല്‍ പ്രിയപ്പെട്ട പ്രധാനമന്ത്രീ, പാതിരാത്രിയിലെ നോട്ടനിരോധനം എന്തിനുവേണ്ടിയായിരുന്നുവെന്ന് ഇനിയെങ്കിലും ജനങ്ങളോടു പറയുക… കള്ളപ്പണം തിരിച്ചുപിടിക്കുവാനുള്ള ശ്രമം എത്രത്തോളം വിജയിച്ചുവെന്ന ജനങ്ങളോടു പറയുക… ലോക മാര്‍ക്കറ്റില്‍ പെ ട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകുറയുമ്പോഴും ജീവിത ഭാരം കൂടുന്നതെന്തുകൊണ്ടാണെന്ന് പറയുക… ഒരു സുപ്രഭാതത്തില്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ തകര്‍ന്ന ജനകോടികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുവാന്‍ എന്തു നടപടികളാണ് കണ്ടിരിക്കുന്നതെന്ന് പറയുക… തലമുറകളായി തുടര്‍ന്നുകൊണ്ടിരുന്ന ഭക്ഷണരീതി ഒരു സുപ്രഭാതത്തില്‍ മഹാ പാപ മായി തീര്‍ന്നത് എന്തുകൊണ്ടാണെന്ന് പറയുക… റാഫേല്‍ ഇടപാടില്‍ മുന്‍കരാര്‍ റദ്ദാക്കിയപ്പോള്‍ രാജ്യത്തിനുണ്ടായ നേട്ടം എന്താണെന്ന് പറയുക… അങ്ങനെ ഈ രാജ്യത്തോട് ഉത്തരം പറയണ്ട നിരവധി ചോദ്യങ്ങള്‍ മുന്നിലുള്ളപ്പോള്‍ ചരിത്രത്തെ കൂട്ടുപിടിച്ച് രക്ഷപെടുവാന്‍ ശ്രമിക്കരുത്.
9 - 9Shares