റോബര്‍ട്ട് മുഗാബെ പടിയിറങ്ങുമ്പോള്‍…!!!
ഫ്രീ ഫ്രീ മണ്ടേല എന്ന മുദ്രാവാക്യം വിളിച്ച പൂര്‍വകാലം അനാഥമായിരുന്നെന്നു വിധിയെഴുതാന്‍ ഒരു ചരിത്രവൈപരീത്യത്തിനും സാധ്യമാവില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ദക്ഷിണാഫ്രിക്കയോടൊപ്പം, രണ്ടാം ലോകയുദ്ധത്തിനുശേഷം അവശേഷിച്ച കൊളോണിയല്‍ ഭരണത്തെ പിഴുതെറിഞ്ഞ സിംബാബ്‌വേ മൂന്നു ദശാബ്ദങ്ങല്‍ക്കിപ്പുറം ലോകത്തോട് എന്നതിന് പകരം മനുഷ്യനോട് എന്ത് പറയുന്നു എന്ന് അന്വേഷിക്കുന്നത് ഒരു വേള സംഗതമായിരിക്കില്ലേ?

ഒരു അധ്യാപകന്‍ സ്വാതന്ത്ര്യപോരാളിയായി മാറുന്നതിനിടയില്‍ പിന്നിട്ട വഴികള്‍ എന്തൊക്കെയായിരിക്കാം? ദീര്‍ഘകാലത്തെ ജയില്‍വാസത്തിനു ശേഷം സിംഹാസനത്തില്‍ ഇരുന്ന ജീവിതത്തിന്റെ രണ്ടാംപകുതി ആദ്യപകുതി-ജീവിതത്തെ നിരാകരിക്കുകയാണോ? എല്ലാ മനുഷ്യരും ബലാരിഷ്ടതകളെ കടന്നുവെക്കുന്ന നിമിഷം മുതല്‍ സംതൃപ്തി തീര്‍കുന്ന സുഷുപ്തിയില്‍ സ്വയം മറക്കുകയാണോ?.
റോബര്‍ട്ട് മുഗാബെയെന്ന അതികായന്‍ ലോക രാഷ്ട്രീയത്തില്‍ നിന്ന് നിഷ്ക്രമിക്കേണ്ടത് അദ്ദേഹത്തിന്റെ എതിരാളികളുടെ ആ മനുഷ്യനോളം പ്രായമുള്ള താല്പര്യമാണ്. അതു സാധിച്ചെടുക്കാനുള്ള ചട്ടുകങ്ങള്‍ മുഗാബെയുടെ കൈകളില്‍ നിന്ന് തന്നെ ഉതിര്‍ന്നുപോയിട്ടുണ്ടെങ്കില്‍ ആ ശ്രദ്ധക്കുറവു മുന്‍ചൊന്ന പരിണിതിയുടെ സ്വാഭാവികമായ ഉല്പന്നമായേ കരുതാനാവൂ.
വ്യക്തിയുടെ ശരികളും തെറ്റുകളും തീവ്രമായി സ്വാധീനിക്കപ്പെടാന്‍ മാത്രം എളുപ്പം ഭേദ്യമാകുന്ന ഒരു സമൂഹമാണ് മനുഷ്യകുലത്തിനു പൈതൃകമായുള്ളതെന്ന വസ്തുത ചിന്തോദ്ദീപകമായി മാറേണ്ടത്.
വര്‍ത്തമാനകാലത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ആവശ്യകതയാണ്. രാഷ്ട്രീയനേതൃത്വങ്ങളെ അനുകൂലിച്ചും എതിര്‍ത്തും പരിചയും പടവാളും ഒരുക്കുന്നവര്‍ തങ്ങളുടെ ചിന്ത കേവലം ഓര്‍മകളുടെ ഘോഷയാത്രയായി പോകുന്നോ എന്ന ചോദ്യം സ്ഥിരമായി സ്വയം ചോദിച്ചു കൊണ്ടേയിരിക്കണം. അതാണ് മുഗാബെ യുഗാന്ത്യത്തിന്റെ ബാക്കിപത്രം.