അയോദ്ധ്യക്കു ശേഷം കാശി യുദ്ധത്തിന് കളമൊരുങ്ങുന്നു…?

Print Friendly, PDF & Email

അയോധ്യ തോ ബാസ് ജാങ്കി ഹേ, കാശി മഥുര ബാക്കി ഹേ (അയോധ്യ ഒരു ടീസർ മാത്രമാണ്, കാശിയും മഥുരയും അടുത്ത നിരയിലാണ്)”. 1990 കളില്‍ ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ കാലത്ത് ഭാരതീയ ജനതാ പാർട്ടിയും വിശ്വഹിന്ദു പരിഷത്തും ഉപയോഗിച്ച ഈ യുദ്ധവിളി, 30 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ‘കാശി’യിൽ എത്തിയിരിക്കുന്നു.

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് നിൽക്കുന്ന ഗ്യാനവാപി മസ്ജിദ് സമുച്ചയത്തെച്ചൊല്ലിയുള്ള നിയമ തർക്കം 1991-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പിവി.നരസിംഹറാവു ആരാധനാലയത്തിന്റെ “മതസ്വഭാവം” സംരക്ഷിക്കുന്നതിനായി Places of Worship (Special Provisions) Act നിയമം കൊണ്ടുവന്നു. അതു പ്രകാരം 1947 ഓഗസ്റ്റ് 15 ന് അതിര്‍വരമ്പാക്കിക്കൊണ്ട് അതുവരെ നിലനിന്നിരുന്ന ആരാധനാ സ്ഥലങ്ങൾ അതേ സ്വഭാവത്തില്‍ തന്നെ നിലനില്‍ക്കുമെന്ന് പ്രത്യേക നിയമം പാസാക്കി.

എന്നാല്‍ കഴിഞ്ഞ ആഴ്‌ചയിൽ മാത്രം, വാരണാസിയിലെ ഒരു പ്രാദേശിക കോടതിയിലും സുപ്രീം കോടതിയിലും മുസ്‌ലിം പള്ളിയെക്കുറിച്ചുള്ള നൂറ്റാണ്ടുകള്‍ക്ക് മുന്പ് അത് ഹിന്ദു ക്ഷേത്രങ്ങളായിരുന്നുവെന്ന ഹിന്ദു സമൂഹത്തിന്റെ അവകാശവാദം ഒന്നിലധികം തവണ കേട്ടു, പഴയ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ടു. മസ്ജിദ് സമുച്ചയത്തിലെ ഒരു ശിവലിംഗം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രദേശം സീൽ ചെയ്യാൻ ഉത്തരവുകൾ പുറപ്പെടുവിച്ചു. അയോദ്ധ്യക്കു ശേഷം മറ്റൊരു തര്‍ക്കഭൂമി രൂപം കൊണ്ടു.

ചരിത്രത്തിലെ തെറ്റുകൾ
കാശി വിശ്വേശ്വർ ക്ഷേത്രം തകർത്ത് ഔറംഗസീബ് പണികഴിപ്പിച്ചതാണ് ഗ്യാനവാപി പള്ളിയെന്ന് ചരിത്രപരമായി വിശ്വസിക്കപ്പെടുന്നു. ഈ അവകാശവാദം തെളിയിക്കാൻ വിദഗ്ധർ ഉദ്ധരിച്ച സ്രോതസ്സുകളിലൊന്ന് ഔറംഗസേബിന്റെ സമകാലിക ചരിത്രകാരനായ സാഖി മുസ്തയിദ് ഖാന്‍ 353 വർഷങ്ങൾക്ക് മുമ്പു1669-ൽ എഴുതിയ പുസ്തകമാണ്. ഖാന്റെ പുസ്തകമായ മസിർ-ഐ-ആലംഗിരിയിൽ നിന്നുള്ള ഒരു ഭാഗത്തില്‍ “ഇസ്‌ലാമിക കാര്യങ്ങളെ സംബന്ധിക്കുന്ന ഉത്തരവുകളില്‍ ഇങ്ങനെ പറയുന്നു. തന്‍റെ സാമ്രാജ്യത്തിന്‍റെ എല്ലാ പ്രവിശ്യകളിലെയും ഗവർണർമാരും അവരവരുടെ പ്രദേശത്തുള്ള മതവിരുദ്ധരുടെ സ്‌കൂളുകളും ആരാധനാലയങ്ങളും പൊളിക്കലിന് വിധേയമാക്കണമെന്നും ഈ അവിശ്വാസി വിഭാഗങ്ങളുടെ അധ്യാപനവും പൊതു പ്രവർത്തനങ്ങളും അടിച്ചമർത്തപ്പെടണമെന്നും അത് വളരെ അടിയന്തിരമായി ചെയ്യേണ്ട രീതിയാണെന്നും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു“ എന്നാണ് .

എന്നിരുന്നാലും, ഈ ചരിത്രം എങ്ങനെ അംഗീകരിക്കപ്പെടുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുന്നു എന്നത് അത് എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന്, ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളും പൊളിക്കാൻ ഉത്തരവിട്ട ഔറംഗസേബ് ആലംഗീറിനെ ഒരു മതഭ്രാന്തനായി ചിത്രീകരിക്കാൻ ഹിന്ദു വലതുപക്ഷ ചരിത്രകാരന്മാർ ഈ ഭാഗം ഉപയോഗിക്കുമ്പോൾ, മതേതര ചരിത്രകാരന്മാർ അക്കാലത്തെ തകർക്കലുകൾ രാഷ്ട്രീയമായിരുന്നു എന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കുന്നു. കൂടാതെ “രാജ്യ സേവനത്തിൽ അവിശ്വസ്തരായ ഹിന്ദു ഓഫീസർമാരെ അവർ ബന്ധപ്പെട്ടിരുന്ന ക്ഷേത്രങ്ങളെ അശുദ്ധമാക്കികൊണ്ട്” ശിക്ഷിച്ചിരുന്നു.

ഗ്യാന്‍വാപി മസ്ജദില്‍ കണ്ടെത്തിയെന്നു പറയപ്പെടുന്ന ശിവലിംഗം

ചരിത്രം തിരുത്തപ്പെടുന്നു
എന്നാല്‍‍ ഈ ചരിത്രം ഉദ്ധരിച്ചുകൊണ്ട്, 1991-2021 കാലഘട്ടത്തില്‍ ഗ്യാൻവാപി മസ്ജിദ് പ്രദേശം തിരിച്ചുപിടിക്കാൻ ഹിന്ദു പക്ഷം നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ കേസിലെ യഥാർത്ഥ സ്യൂട്ട് 1991-ൽ ‘സ്വയംഭൂ ഭഗവാൻ വിശ്വേശ്വരന്റെ’ പേരിൽ ഫയൽ ചെയ്യപ്പെട്ടു, ഹിന്ദുക്കളെ “അവരുടെ ക്ഷേത്രം നവീകരിക്കാനും പുനർനിർമ്മിക്കാനും” അനുവദിക്കണം എന്നായിരുന്നു ആവശ്യം.

ഈ കേസ് നിലനിൽക്കെ, 1998-ൽ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ഗ്യാനവാപി പള്ളിയുടെ മാനേജ്‌മെന്റ് കമ്മിറ്റിയായ അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് നടപടികളിൽ സ്റ്റേ നേടാനായി.1991ലെ ആരാധനാലയ നിയമത്തിനെതിരാണ് ഈ പരാതി എന്ന് അവര്‍ വാധിച്ചു. അടുത്ത രണ്ട് പതിറ്റാണ്ടുകളായി ഈ സ്റ്റേ തുടരുമ്പോൾ, തർക്കഭൂമി ഹിന്ദുക്കൾക്ക് നൽകിയ സുപ്രീം കോടതിയുടെ അയോധ്യ വിധിക്ക് ഒരു മാസത്തിന് ശേഷം, 2019 ഡിസംബറിൽ സമർപ്പിച്ച ഒരു അപേക്ഷയിലൂടെ എഎസ്‌ഐ സർവേയ്‌ക്കായി മറ്റൊരു ശ്രമം നടത്തി.

ഹൈക്കോടതിയുടെ 1998 സ്റ്റേ നിലവില്‍ ഉണ്ടായിരുന്നിട്ടും, 2021 ഏപ്രിലിൽ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) അശുതോഷ് തിവാരി ഗ്യാനവാപി കോംപ്ലക്‌സിന്റെ എഎസ്‌ഐ സർവേ അനുവദിച്ച് ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതി വീണ്ടും രംഗത്തെത്തി, ഉത്തരവിനെ വിമർശിക്കുകയും സെപ്റ്റംബർ 9-ന് ആ ഉത്തരവ് വീണ്ടും സ്‌റ്റേ ചെയ്തു.

എന്നിരുന്നാലും, ഹൈക്കോടതിയുടെ ഇടപെടലിന് 22 ദിവസം മുമ്പ് തന്നെ പുതിയ പോരാട്ടത്തിന് കളമൊരുങ്ങിയിരുന്നു. ആഗസ്റ്റ് 18 ന്, വാരണാസിയിലെ മറ്റൊരു പ്രാദേശിക കോടതിയിൽ, ഡൽഹി ആസ്ഥാനമായുള്ള ഒരു സ്ത്രീയും വാരണാസി ആസ്ഥാനമായുള്ള നാല് സ്ത്രീകളും, മാ ശൃംഗർ ഗൗരി, ഗണേശൻ, ഹനുമാൻ, നന്തി വിഗ്രഹങ്ങൾ എന്നിവയെ ആരാധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. .

കോടതികളിൽ പ്രതീക്ഷിക്കപ്പെടുന്നതും എന്നാൽ സാധാരണയായി കാണാത്തതുമായ ഒരു അടിയന്തര അവസ്ഥ ചൂണ്ടികാണിച്ചുകൊണ്ട്, വാരാണസി കോടതി, ഹർജി വന്ന ദിവസം തന്നെ, സ്ഥലത്തിന്റെ സർവേ നടത്താൻ അഡ്വക്കേറ്റ് കമ്മീഷണർ അജയ് കുമാർ മിശ്രയെ നിയമിക്കാൻ ഉത്തരവിട്ടു. അടുത്ത ദിവസം, 2021 ഓഗസ്റ്റ് 19 ന്, പരിശോധന വീഡിയോഗ്രാഫ് ചെയ്യാനും നിർദ്ദേശിച്ചു.ഇതിനെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ ഏപ്രിൽ 21 ന് നിരസിക്കപ്പെട്ടു, 14 പേജുള്ള ആ വിധിന്യായത്തിൽ 1991 ലെ Places of Worship (Special Provisions) നിയമത്തെക്കുറിച്ച് പരാമർശിക്കപ്പെട്ടേയില്ല.

മെയ് ആറിനാണ് പള്ളിയുടെ സർവേ ആരംഭിച്ചത്. 1991-ലെ നിയമം ഉദ്ധരിച്ച് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സമർപ്പിച്ച ഹർജി കഴിഞ്ഞ മെയ് 13-ന് സുപ്രീം കോടതിയിലെത്തി. ഇതിന് മറുപടിയായി, 1991 ലെ നിയമം ഗ്യാനവാപി പള്ളിക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുസേനാ മേധാവി കോടതിയെ സമീപിച്ചു, കാരണം പള്ളി സമുച്ചയത്തിനുള്ളിലെ പഴയ കാശി വിശ്വനാഥ ക്ഷേത്രവും ശൃംഗർ ഗൗരി ക്ഷേത്രവും 1958 ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അവശിഷ്ടങ്ങളും നിയമ (Ancient Monuments and Archaeological Sites and Remains Act-1958) ത്തിന് കീഴിലാണ്. അതിനാല്‍1991 ലെ നിയമം ഇക്കാര്യത്തില്‍ ബാധകമല്ല എന്നായിരുന്നു അവരുടെ വാദം.

വിഷയം കേൾക്കുന്നതിന് മുമ്പ് തന്നെ, പരിശോധനയ്ക്കിടെ പള്ളിയുടെ പരിസരത്ത് ഒരു ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) രവികുമാർ ദിവാകർ മുമ്പാകെ ഒരു അപേക്ഷ സമർപ്പിക്കപ്പെട്ടു. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്രവെക്കാൻ ഉടന്‍തന്നെ ജഡ്ജി വാരണാസി ജില്ലാ മജിസ്‌ട്രേറ്റിനോട് നിർദ്ദേശിച്ചു ഉത്തരവിറക്കി. ബാരിക്കേഡിങ്ങിന് പുറത്തുള്ള ഭിത്തികളിൽ പഴയ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും തെഹ്ഖാനയിലെ തൂണുകളിൽ മണി, കലശം, പൂക്കൾ, ത്രിശൂലം തുടങ്ങിയ ഹൈന്ദവ രൂപങ്ങൾ ദൃശ്യമാണെന്നും വീഡിയോഗ്രാഫി സർവേയുടെ രണ്ട് റിപ്പോർട്ടുകൾകൂടി തൊട്ടടുത്ത ദിവസം വാരണാസി കോടതിയിൽ സമർപ്പിക്കപ്പെട്ടു.

ഈ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി അടിയന്തര ഇടപെടലിന് പള്ളിക്കമ്മറ്റി സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഈ ഉത്തരവ് തുടരാൻ സുപ്രീം കോടതി അനുമതി നൽകി, “മുസ്ലിംകൾക്ക് പള്ളിയിലേക്കുള്ള പ്രവേശനം തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുത് അല്ലെങ്കിൽ നമസ്‌കരിക്കുന്നതിനും മതപരമായ അനുഷ്ഠാനങ്ങൾക്കായി മസ്ജിദ് ഉപയോഗിക്കുന്നതിനും തടസ്സപ്പെടരുതെന്നും” നിർദ്ദേശം നൽകി.

കൂടാതെ സുപ്രിം കോടതി ബെഞ്ച് സർവേയിൽ ഇടപെടാൻ വിസമ്മതിച്ചു, എന്നാൽ “അൽപ്പം പരിചയസമ്പന്നനും പക്വതയുള്ളതുമായ ഒരു ഒരു കോടതി ഇത് കേൾക്കണം” എന്ന് പറഞ്ഞ് കേസ് ജില്ലാ ജഡ്ജിക്ക് കൈമാറി. മുൻ‌ഗണനാടിസ്ഥാനത്തിൽ ഹിന്ദു പക്ഷത്തിന്റെ കേസ് നിലനിർത്താനാകുമോ എന്ന് തീരുമാനിക്കാൻ സുപ്രീം കോടതി ജില്ലാ ജഡ്ജിയോട് ആവശ്യപ്പെട്ടു. “രണ്ട് സമുദായങ്ങൾക്കിടയിൽ സന്തുലിതവും സാഹോദര്യവും നിലനിർത്താൻ” വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നതെന്ന് കോടതി പറഞ്ഞു. പ്രധാനമായി, 1991 ലെ നിയമം ( Places of Worship (Special Provisions) Act-1991) മതപരമായ ആരാധനാലയങ്ങൾ പരിവർത്തനം ചെയ്യുന്നത് തടയുന്നു, എന്നാൽ ഈ സ്ഥലങ്ങളുടെ “മത സ്വഭാവം കണ്ടെത്തുന്നത്” തടയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

Places of Worship (Special Provisions) Act-1991 ആരാധനാലയങ്ങൾ-പള്ളികൾ, മോസ്‌കുകൾ, ക്ഷേത്രങ്ങൾ എന്നിവ-വ്യത്യസ്‌ത മതത്തിന്റെ ആരാധനാലയത്തിലേക്ക് മാറ്റുന്നത് നിരോധിക്കുന്നു. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം അത്തരത്തിലുള്ള ഏതെങ്കിലും മതപരിവർത്തനവുമായി ബന്ധപ്പെട്ട ഏത് കോടതി നടപടിയും അവസാനിപ്പിക്കുമെന്നും അതിൽ പറയുന്നു. നിയമം അയോധ്യ തർക്കത്തെയും അതുമായി ബന്ധപ്പെട്ട കോടതി നടപടികളെയും ഒഴിവാക്കിയിട്ടുണ്ട്. “ബാബറി വിധി ഭൂതകാലത്തിന്റെ മുറിവുണക്കാനുള്ള ഒരു ശ്രമമായരുന്നു” എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

1991 ലെ നിയമം സ്വാഭാവികമായും ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട ഏത് കോടതി നടപടിക്കും എതിരായ നിയമ പരിരക്ഷയായി ഉദ്ധരിക്കപ്പെടുന്നു. ബാബറി വിധിയിലെ നിയമത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്. 1991-ലെ നിയമം ഒരു മതേതര രാഷ്ട്രത്തിന്റെ ബാധ്യതകളുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അഞ്ചംഗ ബെഞ്ച് തറപ്പിച്ചുപറഞ്ഞു, ഈ നിയമം ഉപയോഗിച്ച്, “ചരിത്രവും അതിന്റെ തെറ്റുകളും അടിച്ചമർത്താനുള്ള ഉപകരണമായി ഉപയോഗിക്കരുതെന്ന് പാർലമെന്റ് ഉറപ്പുനൽകുന്നില്ല.”

എന്നിരുന്നാലും, ഈ തർക്കം ഈ നിയമത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായിട്ടുണ്ട്. എംപി ഹർനാഥ് സിംഗ് യാദവ്, മധ്യപ്രദേശ് ഇൻചാർജ് പി. മുരളീധർ റാവു, ഛത്തീസ്ഗഢ് മുൻ ആഭ്യന്തര മന്ത്രി ബ്രിജ്മോഹൻ അഗർവാൾ, മുൻ ഉത്തർപ്രദേശ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ നിയമത്തിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു.

1991-ൽ പാസാക്കിയ Places of Worship (Special Provisions) നിയമം, മതപരമായ സ്ഥലങ്ങളുടെ തൽസ്ഥിതി നിലനിർത്തുന്നതിന് ഇന്ത്യയുടെ സ്വാതന്ത്ര്യ തീയതി കട്ട് ഓഫ് തീയതിയായി നിശ്ചയിച്ചത് എന്തുകൊണ്ട്? കാരണം ഒന്നു മാത്രം. സ്വാതന്ത്ര്യം. ഈ നിയമം പാർലമെന്റിൽ ചർച്ച ചെയ്യപ്പെടുമ്പോൾ, ബി.ജെ.പി നേതാവ് ഉമാഭാരതി 1947 ആഗസ്ത് 15 കട്ട് ഓഫ് തീയതിയായി അംഗീകരിക്കുന്നില്ല. അത്തരം തർക്കങ്ങൾക്ക് പരിഹാരം കാണാനുള്ള ഏറ്റവും നല്ല മാർഗം, “എല്ലാ മതസ്ഥലങ്ങളുടെയും പഴയ പരമ്പരാഗത പ്രതാപം പുനഃസ്ഥാപിക്കുക എന്നതാണ്”എന്ന് അവര്‍ ആവശ്യപ്പെട്ടു. “ഈ പ്രതാപത്തിന്” വേണ്ടിയുള്ള അന്വേഷണം ഗ്യാന്‍വാപി മസ്ജിദ് നിരയിൽ എത്തിനില്‍ക്കുകയാണ്. അതോടെ അയോദ്ധ്യക്കു ശേഷം കാശി യുദ്ധത്തിന് കളമൊരുങ്ങുകയാണ്.

അതിനാൽ, ഗ്യാന്‍വാപി മസ്ജിദ് തർക്കവും 1991 ലെ നിയമവും അവയുടെ നിലനിൽപ്പിനായി പോരാടുകയാണ്. കോടതികളിലോ പാർലമെന്റിലോ യുദ്ധം വിജയിച്ചേക്കാം, പക്ഷേ ഫലം ഇന്ത്യയിലെ മൂർത്തമായ മത ഘടനകളുടെ മാത്രമല്ല, രാജ്യം കെട്ടിപ്പടുത്ത മതനിരപേക്ഷതയുടെയും മതസ്വാതന്ത്ര്യത്തിന്റെയും അദൃശ്യമായ അടിസ്ഥാന ഘടനകളുടെ ഭാവി കൂടിയാണ് തീരുമാനിക്കപ്പെടുക.

Pravasabhumi Facebook

SuperWebTricks Loading...