വികസനപാതയിൽ അതിവേഗം കുതിക്കാൻ ‘വന്ദേഭാരത് ട്രെയിന്‍’ കേരളത്തിലേക്ക്.
വികസനപാതയിൽ അതിവേഗം കുതിക്കാൻ വന്ദേഭാരത് ട്രെയിന്‍ കേരളത്തിലേക്ക്. ‘യുവം’ പരിപാടിയിൽ പങ്കെടുക്കാന്‍ 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഒരുക്കങ്ങൾക്ക് റെയിൽവെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കിട്ടി. തുടക്കത്തില്‍ തിരുവനന്തപുരം -കണ്ണൂർ റൂട്ടിലാകും വന്ദേ ഭാരത് ട്രെയിൻ സർവ്വീസ് നടത്തുക. പിന്നട് മംഗലാപുരത്തേക്ക് നീട്ടും. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ്. ആറ് സ്റ്റോപ്പുകളായിരിക്കും വന്ദേഭാരതിനുണ്ടായിരിക്കുക. കൊല്ലം, കോട്ടയം എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, എന്നിവയാണ് സ്റ്റോപ്പുകള്‍. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിക്കുവാനാണ് റെയില്‍വേ ശ്രമിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് രണ്ടര മണിക്കൂർ കൊണ്ട് എറണാകുളത്തും അഞ്ച് മണിക്കൂറിൽ കോഴിക്കോട്ടും ആറുമണിക്കൂറിൽ കണ്ണൂരിലുമെത്തും.
24-ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ്‌ഓഫ് ചെയ്തേക്കും. അതിനായി പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ തിരുവനന്തപുരം കൂടി ഉൾപ്പെടുത്തി എന്നാണ് പുതിയ വിവരം. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന. കേരളത്തിന്റെ റെയിൽവേ വികസനം നേരിട്ട് മനസ്സിലാക്കാനായി സംസ്ഥാനത്ത് എത്തുമെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു. വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം നരേന്ദ്ര മോദി തിരുവനന്തപുരത്ത് വെച്ച് നടത്താനാണ് നീക്കം.
ഉദ്ഘാടനത്തിനായി ഇതിനകം നിർമ്മാണം പൂർത്തിയായി കഴിഞ്ഞ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി കഴിഞ്ഞു. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ട്രെയിൻ എറ്റെടുത്തു. ട്രാക്ക് ക്ലിയറൻസ് കിട്ടുന്നതിന് അനുസരിച്ച് പാലക്കാട് വഴി കേരളത്തിലേക്ക് കൊണ്ടുവരും. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പരീക്ഷണയോട്ടം നടത്തും. ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. ചെന്നൈ കോച്ച് ഫാക്ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയിൽവേ ഓഫീസുകളിൽ ലഭിച്ചത്.
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്രചെയ്ത് പരിശോദനകള്‍ നടത്തും. അതിനായി ആർ.എൻ. സിങ് ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ചെന്നൈയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തികഴിഞ്ഞു.
തിരുവനന്തപുരം-കണ്ണൂർ റൂട്ടിലാകും വന്ദേഭാരത് സർവ്വീസ് എന്നാണ് വിവരം. 160 കിലോ മീറ്ററാണ് വന്ദേഭാരത് ട്രെയിനിന്‍റെ പരമാവധി വേഗത. പക്ഷെ കേരള സെക്ടറിൽ ട്രാക്കിന്‍റെ വളവും തിരിവും കാരണം പരാമവധി 110 കിലോ മീറ്ററാകും വേഗതയില്‍ മാത്രമേ വന്ദേഭാരത് ഓടിക്കുവാന്‍ കഴിയുകയുള്ളൂ ക്രമേണ പാളങ്ങളില്‍ വേണ്ട മാറ്റം വരുത്തി വേഗത 160തിലേക്ക് എത്തിക്കുവാനാണ് റെയില്‍വേയുടെതീരുമാനം. കേരള മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സിൽവർലൈനോട് മുഖം തിരിച്ചതോടെ കേന്ദ്രം വികസനവിരുദ്ധ നിലപാടെടുക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫ് ഉയർത്തിയിരുന്നു. വന്ദേഭാരത് വഴി ഇതിന് തടയിട്ട് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അതിവേഗ രാഷ്ട്രീയനേട്ടം കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു എന്നു വേണം കരുതുവാന്‍.