വന്ദേഭാരത് ‘ കേരളത്തിലും ഓടിത്തുടങ്ങുമ്പോൾ…

Print Friendly, PDF & Email

വന്ദേഭാരത് ‘ കേരളത്തിലും ഓടിത്തുടങ്ങുമ്പോൾ സഹസ്രകോടികൾ ചെലവിട്ടും പതിനായിരങ്ങളെ കുടിയിറക്കിയും ആരംഭിക്കാൻ പദ്ധതിയിട്ട കെ റെയിലിന്റെ പ്രസക്തി തന്നെ ഇല്ലാതാവുകയാണ് -)

കേരളത്തിൽ കെ .റെയിൽ വിവാദം കെട്ടടങ്ങുമ്പോൾ ,ഇന്ത്യൻ റെയിൽവേയുടെ അന്തപ്പുരങ്ങളിൽ രാജ്യത്തെ അഭിമാനപുളകിതമാക്കാൻ ഉതകുന്ന മാന്ത്രികപേടക വ്യൂഹം അണിഞ്ഞൊരുങ്ങുന്നുണ്ട് .മൂന്നുവർഷത്തിനകം രാജ്യത്തിന്റെ നാനാഭാഗത്തേക്കും നാനൂറ്‌ വന്ദേ ഭാരത് തീവണ്ടികൾ ഓടിക്കാനുള്ള ബ്രഹത് പദ്ധതിയാണത് .വന്ദേ ഭാരത് അത്യാധുനിക സൗകര്യങ്ങളുള്ള അതിവേഗ തീവണ്ടിയാണ് .ഇന്ത്യൻ റെയിൽ വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വപ്നപദ്ധതിയാണിത് .സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ചാണ്ടു പിന്നിടുമ്പോൾ വികസിത രാജ്യങ്ങൾക്കൊപ്പമെത്തുംവിധം ഇന്ത്യൻ ജനജീവിതത്തിന്റെ വേഗതയും നിലവാരവും വർധിപ്പിക്കാനാണ് കേന്ദ്ര ഗവണ്മെന്റും റെയിൽവേ വകുപ്പും പരിശ്രമിക്കുന്നത് . 2015 ലാണ് അതിവേഗ തീവണ്ടികളെപ്പറ്റിയുള്ള ആലോചന തുടങ്ങിയത് .പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒന്നോ രണ്ടോ അതിവേഗ തീവണ്ടികളെകുറിച്ചല്ല ,മറിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും അതിവേഗ തീവണ്ടികൾ ഓടിക്കാൻ കഴിയുന്നതും നാടിന്റെ തലവര മാറ്റുന്നതുമായ ഒരു വൻകിട പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാനാണ് കേന്ദ്രവും റെയിൽവെയും നീക്കമാരംഭിച്ചത് .പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി തന്നെയാണ് അനേകം കോടികൾ ചെലവ് വരുന്നതും ഹൈ റിസ്ക് ഉള്ളതുമായ ഈ പദ്ധതിയ്ക്ക് പിന്നിൽ .ആദ്യം ഒന്നോ രണ്ടോ റൂട്ടിൽ പരീക്ഷണാർത്ഥം ഓടിച്ച് വിജയിപ്പിച്ച ശേഷം വന്ദേ ഭാരത് തീവണ്ടികൾ രാജ്യത്തൊട്ടാകെ യുദ്ധകാലാടിസ്ഥാനത്തിൽ വ്യാപിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിട്ടത് . (മെയ്ക്ക് ഇൻ ഇന്ത്യ )

ആദ്യ തീവണ്ടിയുടെ കോച്ചുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌തെങ്കിലും ഉടൻതന്നെ മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെ ഐസിഎഫിൽ (ഇന്റഗ്രൽ കോച്ച് ഫാക്ടറി ) അത്യാധുനിക കോച്ചുകളുടെ നിർമ്മാണം ആരംഭിച്ചു .വീലുകളും അനുബന്ധ സാമഗ്രികളും ബംഗളുരുവിൽ റെയിൽവേയുടെ ഉടമസ്ഥതയിലുളള റെയിൽ വീൽ ഫാക്ടറിയിലാണ് നിർമ്മിക്കുന്നത് .വന്ദേ ഭാരത് എന്ന് പേരിട്ട ആദ്യ രണ്ട്‌ ഹൈ സ്പീഡ് തീവണ്ടികൾ 2019ൽ ഓടിത്തുടങ്ങി .ഒന്ന്‌ .ന്യൂദൽഹി -വാരാണസി റൂട്ടിൽ .മറ്റൊന്ന് ന്യൂ ദൽഹി- കാത്ര റൂട്ടിലും .രണ്ടും വൻവിജയമായി എന്നുമാത്രമല്ല യാത്രക്കാരുടെ പ്രിയ വാഹനമായി മാറുകയും ചെയ്തു .എന്നാൽ കോവിഡ് പിടിമുറുക്കിയതിനാൽ മറ്റു പദ്ധതികളെന്നപോലെ, കൂടുതൽ വന്ദേ ഭാരത് തീവണ്ടികൾ ഓടിക്കാനുള്ള ശ്രമവും മന്ദഗതിയിലായി .രണ്ടുവർഷക്കാലം മനുഷ്യരാശിയെ പിടിച്ചുലച്ച കോവിഡ് വിട്ടുമാറിയതോടെ വന്ദേ ഭാരത് കോച്ചുനിർമ്മാണവും പാത നവീകരിക്കലും മറ്റും ഇക്കൊല്ലം വേഗത്തിലായി .ആ സാഹചര്യത്തിലാണ് മൂന്നുവർഷത്തിനകം നാനൂറ്‌ വന്ദേ ഭാരത് തീവണ്ടികൾ ഓടിക്കാനുള്ള സ്വപ്നപദ്ധതി ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചത്.

ശതാബ്ദി ,രാജധാനി എന്നിവയാണ്‌ നിലവിൽ ഇന്ത്യൻ റെയിൽവേ ഓടിക്കുന്ന വേഗത കൂടിയതും കുറെയൊക്കെ ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ തീവണ്ടികൾ .ഇവയൊക്കെ ഓട്ടം തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു .തൊണ്ണൂറു കിലോമീറ്ററാണ് ഈ തീവണ്ടികളുടെ ശരാശരി വേഗത .വർഷങ്ങളോളം ഈ രംഗത്ത് കാലികമായ മാറ്റങ്ങളോ ഗവേഷണങ്ങളോ ഉണ്ടായിട്ടില്ല .ഒരു പദ്ധതി നടപ്പിലാക്കിയാൽ പറയത്തക്ക മാറ്റങ്ങളൊന്നും കൂടാതെ ദശകങ്ങളോളം അതേപോലെ തുടരുന്ന രീതിയാണ് റെയിൽവേ അനുവർത്തിച്ചിരുന്നത് .(മാറ്റങ്ങളുടെ പുതിയകാലം ) എന്നാൽ വന്ദേ ഭാരത് തീവണ്ടികൾ റെയിൽവേയിൽ ഇതുവരെ ഉണ്ടായിരുന്ന സാങ്കേതിക -സാമ്പത്തിക പരിമിതികളും ഭരണപരമായ ശൈഥില്യവും മറികടക്കുന്ന സ്വപ്നപദ്ധതിയാണ് .രണ്ട്‌ എക്സികുട്ടീവ് കമ്പാർട്ടുമെന്റുകൾ ഉൾപ്പെടെ പതിനാറ്‌ എയർ കണ്ടീഷൻഡ് കോച്ചുകൾ .ഓരോ കോച്ചിനും ആട്ടോമാറ്റിക് വാതിൽ .എയർലൈൻസ് സ്റ്റൈൽ സീറ്റിങ് .ഓരോ സീറ്റിലും

റീഡിങ് ലൈറ്റ് .കോച്ചുകളിൽ ശബ്ദ -ഗന്ധ നിയന്ത്രണ സംവിധാനം .ജിപിഎസ് അധിഷ്ഠിത ആഡിയോ വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം .പ്രത്യേകം പാൻട്രി സൗകര്യം ,വൈഫൈ ,സിസിടിവി ക്യാമറകൾ ,ബയോ വാക്വം ടോയ്‌ലെറ്റ് ,സെൻസർ ഘടിപ്പിച്ച വാട്ടർ ടാപ് …ഇതിനെല്ലാം പുറമെ ഇരുനൂറു കിലോമീറ്റർ വരെ വേഗതയിൽ കുതിക്കുമ്പോഴും തെല്ലും കുലുക്കം അനുഭവപ്പെടാത്ത മികച്ച നിർമ്മാണസംവിധാനം .വന്ദേ ഭാരത് അതിവേഗ തീവണ്ടി യാത്രക്കാർക്കായി റെയിൽവെ ഒരുക്കുന്നത് ഒരുകാലത്ത്‌ നമുക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്ത സൗകര്യങ്ങളാണ് .ടിക്കറ്റ് നിരക്കാകട്ടെ യാത്രക്കാർക്ക്‌ താങ്ങാവുന്നതാണുതാനും . മുമ്പത്തെപ്പോലെ ഒരേ അച്ചിൽ വാർത്തെടുത്ത കോച്ചുകൾ പഴകിപ്പൊളിഞ്ഞാലും ഇരുപതും മുപ്പതും കൊല്ലം ഉപയോഗിക്കുന്ന മടുപ്പും വെറുപ്പും ഉളവാക്കുന്ന രീതിയല്ല വന്ദേ ഭാരത് തീവണ്ടികളുടെ അത്യാധുനിക കോച്ചുകളുടെ നിർമാണത്തിലും ഫിറ്റിങ്ങിലും റെയിൽവേ അവലംബിച്ചിരിക്കുന്നത് .ഓരോ മാസവും തയ്യാറാകുന്ന ബാച്ചിൽ ആവശ്യമായ നവീകരണം ഉറപ്പാക്കിയാണ് ചെന്നൈയിലെ ഐസിഎഫിൽ കോച്ചുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്.

തുടക്കത്തിൽ ഒരു വന്ദേ ഭാരത് തീവണ്ടിയ്ക്ക് നൂറുകോടിയോളം രൂപ ചെലവ്‌ വന്നിരുന്നത് ഇപ്പോൾ ഇരുപത്‌ ശതമാനത്തോളം കുറഞ്ഞിട്ടുണ്ട് .കോച്ചുകളുടെ നിർമ്മാണത്തിന് സമാന്തരമായി റെയിൽപാത ,സിഗ്‌നൽ സംവിധാനം ,സ്റ്റേഷനുകളിലെ സൗകര്യം തുടങ്ങിയവയും നവീകരിക്കേണ്ടതുണ്ട് .നിലവിലുളള ബ്രോഡ് ഗയ്ജ് പാതയിലൂടെയാണ് വന്ദേ ഭാരത് തീവണ്ടികൾ ഓടിക്കുക .ഇക്കൊല്ലം തന്നെ നാൽപ്പത് വന്ദേ ഭാരത് തീവണ്ടികൾ ഓടിക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട് . തമിഴ്നാട്ടിലും കർണാടകത്തിലും ആന്ധ്രായിലും വന്ദേ ഭാരത് വന്നുകഴിഞ്ഞു .അടുത്ത ഊഴം കേരളത്തിന്റേതാണ് . കേരളത്തിൽ മാത്രമായി രണ്ട്‌ വന്ദേ ഭാരത് ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട് .തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ ഈ തീവണ്ടികൾ സർവീസ്

നടത്തും .അതിനകം റെയിൽ പ്പാതയും സിഗ്‌നൽ സംവിധാനവും മറ്റും നവീകരിക്കേണ്ടതുണ്ട് .റെയിൽപ്പാതയുടെ വളവും മറ്റു പരിമിതികളും കണക്കിലെടുക്കുമ്പോൾ കേരളത്തിൽ നൂറ്റമ്പതു കിലോമീറ്റർ വരെ വേഗതയിൽ വന്ദേ ഭാരത് തീവണ്ടികൾ ഓടിക്കാൻ കഴിയുമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം . (കെ .റെയിലിന്റെ പ്രശ്‌നങ്ങൾ ) സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കേരളം കെ .റെയിൽ പദ്ധതിയുമായി മുന്നോട്ട് പോയത് .കെ .റെയിൽ യാഥാർഥ്യമായാൽ കാസർഗോഡുനിന്ന് തിരുവനന്തപുരത്തേക്ക് നാലുമണിക്കൂർ കൊണ്ട്‌ ചെന്നെത്താൻ സാധിക്കും എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട മികവായി അധികൃതർ എടുത്തുകാട്ടുന്നത് .സമഗ്രവികസനത്തിനും വർദ്ധിച്ചുവരുന്ന വാഹനക്കുരുക്കിന്‌ പരിഹാരം കാണാനും കെ .റെയിൽ അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു .എന്നാൽ കെ .റെയിൽ ഇന്ത്യൻ റയിൽവേയുടെ പ്രൊജക്ടല്ല .സംസ്ഥാനത്തിന്റെ താൽപര്യപ്രകാരം രൂപീകൃതമായ ,കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കാളിത്തമുള്ള ഒരു കൂട്ടുകമ്പനിയുടെ പദ്ധതിയാണ്‌.

സഹസ്രകോടികളുടെ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയ്ക്ക് ഒരുപക്ഷെ സ്വകാര്യ പങ്കാളിത്തവും ആവശ്യമായിവന്നേക്കാം .കെ .റെയിൽ നിർമ്മിക്കാൻ പുതിയ റെയിൽപ്പാളങ്ങൾ നിർമ്മിക്കേണ്ടതുണ്ട് . പുതിയ റെയിൽപ്പാളവും അനുബന്ധ സംവിധാനങ്ങളുമുണ്ടാക്കാനായി ഹെക്ടർ കണക്കിന് ഭൂമി ഏറ്റെടുക്കേണ്ടിവരും .ജനസാന്ദ്രതയേറിയ നമ്മുടെ സംസ്ഥാനത്ത് പതിനായിരങ്ങളെ കുടിയിറക്കാതെ ഭൂമി ഏറ്റെടുക്കാനാവില്ല .ജനങ്ങളിൽനിന്ന് ശക്തമായ എതിർപ്പ് നേരിടേണ്ടിവരും .അടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാനമൊട്ടാകെ പ്രകടമായ പ്രതിഷേധം സൂചന മാത്രമായിരുന്നു .പാരിസ്ഥിതികാഘാതം ഇതിനൊക്കെ പുറമെയാണ് .അതുമാത്രമല്ല ജീവനക്കാർക്ക്‌ ശമ്പളം കൊടുക്കാൻ തന്നെ ക്ലേശിക്കുന്ന ഗവണ്മെന്റ് സഹസ്രകോടികൾ വായ്പയെടുത്താണ് കെ .റെയിൽ ആരംഭിക്കാൻ ഒരുമ്പെടുന്നത് .അതാകട്ടെ സംസ്ഥാനത്തെ വൻ കടക്കെണിയിലേക്ക് തള്ളിവിടുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് . (പച്ചക്കൊടി കാട്ടാം വന്ദേ ഭാരതിന് ) പ്രായോഗികമല്ലെന്ന് വിദഗ്ധരും ജനങ്ങളും ഒരുപോലെ അഭിപ്രായപ്പെടുന്ന കെ .റെയിൽ പദ്ധതി ഉപേക്ഷിച്ച് പകരം കേന്ദ്രവുമായി കൈകോർത്ത് വന്ദേ ഭാരത് അതിവേഗതീവണ്ടി എത്രയും വേഗം കൊണ്ടുവരാൻ കേരളം മുന്നിട്ടിറങ്ങണമെന്ന അഭിപ്രായം ശക്തിയാർജ്ജിക്കുന്നത് ഈ സാഹചര്യത്തിലാണ്‌.

സഹസ്രകോടികൾ കടമെടുക്കുകയോ അനേകം കുടുംബങ്ങളെ കണ്ണീർ കുടിപ്പിക്കുകയോ ചെയ്യാതെതന്നെ വികസന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഗവൺമെന്റിന് സാധിക്കും .പാതകളുടെ നവീകരണവും മറ്റും വേഗത്തിലാക്കാൻ കേന്ദ്രവുമായി കൂട്ടുചേർന്നാൽ ,സമ്മർദ്ദം ചെലുത്തിയാൽ ഈ വർഷം തന്നെ കേരളത്തിലൂടെ വന്ദേ ഭാരത് ഓടിക്കാൻ സാധിച്ചേക്കും .വന്ദേ ഭാരത് ശരാശരി നൂറ്റമ്പതു കിലോമീറ്റർ വേഗതയിൽ ഓടിക്കാനാവുമെന്നതിനാൽ കടബാധ്യതയോ മറ്റു പ്രയാസങ്ങളോ കൂടാതെ യാത്രക്കാരെ നാലുമണിക്കൂർ കൊണ്ട്‌ കാസർഗോഡുനിന്ന് എത്തിക്കുക എന്ന ഗവണ്മെന്റിന്റെ വികസനാധിഷ്ഠിത സ്വപ്നലക്ഷ്യം പൂവണിയുകയും ചെയ്യും .ഒട്ടും കൈപൊള്ളാതെ ഇതെല്ലം സാധിക്കാമെന്നിരിക്കെ രാഷ്ടീയഭിന്നതയും സങ്കുചിത താത്പര്യവും മാറ്റിവെച്ച് കേന്ദ്രവുമായി ഒത്തുചേർന്ന്‌ വന്ദേ ഭാരത് അതിവേഗ തീവണ്ടിയ്ക്ക് പച്ചക്കൊടി കാട്ടുകയാണ് കേരളം ചെയ്യേണ്ടതെന്ന് പ്രബുദ്ധമതികൾ അഭിപ്രായപ്പെടുന്നു .കേന്ദ്ര അനുമതി കിട്ടാത്തതിനാൽ കേരളം കെ റെയിൽ പദ്ധതി ഏതാണ്ട്‌ ഉപേക്ഷിച്ച മട്ടാണ് .വന്ദേഭാരത് ഓടിത്തുടങ്ങുന്നതോടെ കെ റെയിലിന്റെ പ്രസക്തിതന്നെ ഇല്ലാതാകും .

  • വിഷ്ണുമംഗലം കുമാർ

See translation

+2

All reactions:

7Dinesh Pisharody, Shiny Ajit and 5 others

Pravasabhumi Facebook

SuperWebTricks Loading...