ഫാദര്‍ സ്റ്റാന്‍സ്വാമി അടക്കമുള്ളവര്‍ക്കെതിരെയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് ഫോറിന്‍സിക്‍ റിപ്പോര്‍ട്ട്.
ഭീമ കൊരേഗാവ്- എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ മലയാളികളായ റോണ വില്‍സണ്‍,ഫാദർ സ്റ്റാൻസാമി തുടങ്ങിയ നിരവധി സാമൂഹ്യപ്രവർത്തകർക്കെതിരെ ദേശദ്രോഹകുറ്റം ചുമത്തി എന്‍ഐഎ കേസെടുത്തത് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഫോറിന്‍സിക്‍ റിപ്പോര്‍ട്ട്. രാജ്യദ്രോഹകുറ്റത്തിന്‍റെ പ്രധാന തെളിവായി എന്‍ഐഎ ചൂണ്ടിക്കാണിക്കുന്ന റോണ വില്‍സന്റെ ലാപ്‌ടോപില്‍ കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാക്കറെ ഉപയോഗിച്ച് തിരുകികയറ്റിയതാണെന്ന് മസാച്യുസെറ്റ്‌സിലെ ഡിജിറ്റല്‍ ഫോറന്‍സിക് ഫേം ആണ് കണ്ടെത്തിയിരിക്കുന്നത്. റോണ വില്‍സണാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലാകുന്നത്.
ആക്ടിവിസ്റ്റുകളിലൊരാളായ റോണ വിൽസന്റെ ലാപ്‌ടോപ്പിൽ നുഴഞ്ഞുകയറാൻ ആക്രമണകാരി മാല്‍വെയർ ഉപയോഗിക്കുകയും കുറഞ്ഞത് 10 കുറ്റകരമായ കത്തുകൾ കമ്പ്യൂട്ടറിൽ നിക്ഷേപിക്കുകയും ചെയ്തുവെന്ന് മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിംഗിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. വിൽസന്റെ അഭിഭാഷകരുടെ അഭ്യർത്ഥനപ്രകാരം ലാപ്ടോപ്പിന്റെ ഇലക്ട്രോണിക് പകർപ്പ് പരിശോദിച്ചാണ് ലോകപ്രസിദ്ധ ഫോറിന്‍സിക്‍ ലാബായ അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള ഡിജിറ്റല്‍ ഫോറന്‍സിക് ഫേം ആണ് കണ്ടത്തിയിരിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തോക്കുകളുടെയും വെടിമരുന്നിന്റെയും ആവശ്യകതയെക്കുറിച്ച് വിൽസൺ ഒരു മാവോയിസ്റ്റ് തീവ്രവാദിക്ക് കത്തെഴുതിയതായും മോഡിയെ വധിക്കാൻ നിരോധിത സംഘത്തെ പ്രേരിപ്പിച്ചതായും ഉള്ള ഡിജിറ്റല്‍ തെളിവുകളാണ് റോണ വില്‍സന്റെ ലാപ്‌ടോപില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയത്. അതിന്‍റെ അടിസ്ഥാനത്തിലാണ് മാവോയിറ്റുകളെന്ന് ആരോപിച്ച് മറ്റ് മോദി വിരുദ്ധരായ മറ്റ് സാമൂഹിക പ്രവര്‍ത്തകരിലേക്ക് എന്‍ഐഎ എത്തിയത്. എന്നാല്‍ ലാപ്ടോപ്പിനെ നിയന്ത്രിക്കാനും ചാരപ്പണി നടത്താനും മാല്‍വെയർ ഉപയോഗിച്ച ഒരു അജ്ഞാത ആക്രമണകാരി കത്ത് വിൽസന്റെ കമ്പ്യൂട്ടറിലെ മറഞ്ഞിരിക്കുന്ന ഫോൾഡറിൽ നട്ടുപിടിപ്പിച്ചതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 83 വയസുള്ള ഫാദര്‍ സ്റ്റാന്‍സ്വാമി അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ക്കെതിരെ ശൂന്യതയിൽനിന്നും സൃഷ്ടിച്ച തെളിവുകളുമായിട്ടാണ് ദേശീയ അന്വേഷണ ഏജൻസി (NIA) യുഎപിഎ ചുമത്തി കേസെടുത്തിരിക്കുന്നതെന്ന് തെളിഞ്ഞതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍
പശ്ചിമ ഇന്ത്യയിലെ ഭീമ കൊറേഗാവ് എന്നറിയപ്പെടുന്ന ഗ്രാമത്തിൽ 2018 ജനുവരി ഒന്നിന് നടന്ന കലാപമാണ് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ യുഎപിഎ ചുമത്തി അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. ജാതിവ്യവസ്ഥയില്‍ ദളിതരെ അടിച്ചമർത്തുന്നവർക്കെതിരായ യുദ്ധത്തിന്‍റെ വിജയമായി പല ദളിതരും കരുതുന്ന യുദ്ധ വിജയോത്സവത്തിന്‍റെ 200-ാം വാർഷിക ആഘോഷ വേളയില്‍ ഹിന്ദു ദേശീയവാദ ഗ്രൂപ്പുകളും ദളിതരും ഏറ്റുമുട്ടിയതോടെ സംഭവങ്ങളുടെ തുടക്കം. അന്വേഷണം അധികം താമസിക്കാതെ ഗതി മാറി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആക്ടിവിസ്റ്റുകളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തുകയായിരുന്നു. ദളിത് വിരുദ്ധരായ സംഘപരിവാര്‍ ശക്തികളുടെ സ്വാധീനമായിരുന്നു ഈ കൂട്ട അറസ്റ്റിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത്.
മൂന്ന് വർഷത്തെ അന്വേഷണത്തിന് ശേഷം, എന്‍ഐഎ സമര്‍പ്പിച്ച 17,000 പേജുള്ള ചാര്‍ജ് ഷീറ്റില്‍ ഭീമ കൊറേഗാവ് കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പതിറ്റാണ്ടുകളായി സർക്കാരിനെതിരെ സായുധ കലാപം നടത്തിവരുന്ന ഒരു സംഘം നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങളാണെന്ന് ആരോപിക്കുന്നു. 80വയസു പിന്നിട്ട ഗുരുതരമായ ആരോഗ്യ രോഗങ്ങളുള്ള മുതിർന്ന പൗരന്മാരാണ് പ്രവർത്തകരിൽ പലരും. പാർക്കിൻസൺസ് രോഗം ബാധിച്ച ഫാദര്‍ സ്റ്റാൻ സ്വാമി (83) എന്ന ജെസ്യൂട്ട് പുരോഹിതൻ, തെലിഗു കവി വരവര റാവു (80).എന്നിവരും ഉള്‍പ്പെടും. കേസിലെ കുറ്റാരോപണങ്ങളുടെ ഗുരുതരമായ സ്വഭാവം കാരണം ജാമ്യം പോലും ലഭിക്കാതെ തടവറക്കുള്ളിലാണ് അവരിപ്പോഴും. തടവിലാക്കപ്പെട്ട മറ്റൊരു പ്രമുഖ വ്യക്തിയാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യയില്‍ തിരിച്ചെത്തി ആദിവാസി സമുദായങ്ങളുടെ അവകാശങ്ങൾക്കായി പ്രവര്‍ത്തിക്കുന്ന തൊഴിലാളി അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജ്. രണ്ടു വർഷത്തിലേറെയായി അഴികള്‍ക്കുള്ളില്‍ കഴിയുന്ന അവര്‍ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, സന്ധിവാതം എന്നിവയാൽ ബുദ്ധിമുട്ടുകയാണെന്ന് മകള്‍ പറയുന്നു. . ഇവര്‍ക്കെല്ലാം എതിരെ തെളിവുകളായി കുറ്റാരോപിതരുടെ കംപ്യൂട്ടറുകളില്‍ നിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും എന്‍ഐഎ നിരത്തി. അവയാണ് സൃഷ്ടിച്ചെടുത്ത തെളിവുകളാണ് എന്ന് വിദേശത്തു നടത്തിയ ഫോറിന്‍സിക്‍ പരിശോദനയില്‍ തെളിഞ്ഞിരിക്കുന്നത്.
ദില്ലി ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ്, ലേബർ അഭിഭാഷകൻ, ഒരു പ്രമുഖ അക്കാദമിക്, കവി, പുരോഹിതൻ തുടങ്ങി രാജ്യദ്രോഹക്കുറ്റു ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് തടവിലാക്കപ്പെട്ടവര്‍ എല്ലാവരും“തൊട്ടുകൂടാത്തവർ” എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഗോത്രവർഗക്കാരും ദലിതരും ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കായി വാദിക്കുന്നവരാണ്. തീവ്രവാദ വിരുദ്ധ നിയമ പ്രകാരം നിരവധി സാമൂഹിക പ്രവർത്തകരെയാണ് വിചാരണ കൂടാതെ രണ്ട് വർഷത്തിലേറെ ജയിലിലടച്ചിരിക്കുന്നത്. മോദിയുടെ ഭരണകാലത്ത് സർക്കാർ വിമർശകർ ഭീഷണിപ്പെടുത്തലിനും അറസ്റ്റിനും വിധേയരാകുന്നുവെന്നും വിയോജിപ്പുകൾ അടിച്ചമർത്താനുള്ള ശ്രമമായാണ് രാജ്യത്ത് നടന്നുവരുന്നതെന്നുമാണ് മനുഷ്യാവകാശ ഗ്രൂപ്പുകളും നിയമ വിദഗ്ധരും കരുതുന്നത്.