‘വന്ദേ ഭാരത്’ നു പിന്നാലെ ‘വന്ദേ മെട്രോ’. യാത്രാ വിപ്ലവവുമായി ഇന്ത്യന്‍ റെയില്‍വേ

Print Friendly, PDF & Email

ഇന്ത്യന്‍ റെയില്‍വേ സമൂല മാറ്റത്തിനൊരുങ്ങുന്നു, ജനപ്രീതി ആര്‍ജിച്ച സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്കു പിന്നാലെ, ‘വന്ദേ മെട്രോ’ എന്ന പേരിൽ പുതിയ ഹ്രസ്വദൂര ഹൈ സ്പീഡ് ട്രെയിൻ രാജ്യത്തുടനീളമുള്ള വിവിധ റൂട്ടുകളിൽ സര്‍വ്വീസ് നടത്തുവാന്‍ റെയിൽവേ മന്ത്രാലയം തയ്യാറെടുക്കുന്നു. ഈ വർഷം ഡിസംബറോടെ ആദ്യത്തെ വന്ദേ മെട്രോ ട്രെയന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“വന്ദേ ഭാരതുമായി താരതമ്യപ്പെടുത്തുമ്പോൾ വന്ദേ മെട്രോ തികച്ചും വ്യത്യസ്തമായിരിക്കും. ദിവസത്തിൽ പലതവണ 100 കിലോമീറ്ററിൽ താഴെ ദൂരമുള്ള നഗരങ്ങൾക്കിടയിൽ അവ സര്‍വ്വീസ് നടത്തും. അവ സുഖകരവും താങ്ങാനാവുന്നതുമാണ്. ഡിസംബറിൽ ഇത് തയ്യാറാകും, ”റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എഎൻഐയോട് പറഞ്ഞു.

വന്ദേ ഭാരത് ട്രെയിനിന്റെ വിജയത്തിന് ശേഷം ലോകോത്തര നിലവാരത്തിലുള്ള പ്രാദേശിക ട്രെയിൻ വികസിപ്പിക്കണമെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ വർഷം തന്നെ ലക്ഷ്യം കാണണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നത്. അത് വന്ദേ മെട്രോ ആയിരിക്കും,ഈ ഡിസംബറോടെ നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വന്ദേ മെട്രോ ട്രെയിനുകളില്‍ കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യുവാന്‍ കഴിയും.” വൈഷ്ണവ് പറഞ്ഞു.

രാജ്യത്തെ അടിസ്ഥാന വികസനത്തില്‍ കുതിച്ചു ചാട്ടം നടത്തിയ പ്രധാനമന്ത്രി എന്ന പേരില്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലൂടെ ആധുനികതയുടെ പരിവേഷതയോടെ ഒരു പുതിയ ഇന്ത്യ നരേന്ദ്രമോദിയുടെ കീഴില്‍ രൂപപ്പെടുകയാണ്.