മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങളുടെ പെരുമഴ തീര്‍ത്തു പിസി ജോര്‍ജ്.

Print Friendly, PDF & Email

ജാമ്യത്തിലിറങ്ങിയ പിസി ജോര്‍ജ് മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും എതിരെ ആരോപണങ്ങളുടെ പെരുമഴ തീര്‍ത്തു. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയും ഫാരീസ് അബൂബക്കറുമാണെന്നായിരുന്നു ജോർജിന്‍റെ ആരോപണം. ഹാരിസിന്‍റെ നിക്ഷേപങ്ങളില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപിച്ച പി സി ജോര്‍ജ്, മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധം വിശദമായി അന്വേഷിക്കണമെന്നും ആരോപിച്ചു. ഇരുവരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടാണ്. മുഖ്യമന്ത്രിയുടെ നീക്കങ്ങളെ നിയന്ത്രിക്കുന്നത് ഫാരിസാണ്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. അമേരിക്കയിലെ ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളുമായി പിണറായിക്ക് പങ്കുണ്ടെന്നും ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ ഇഡി അന്വേഷിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. പീഡനക്കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ മകള്‍ വീണാ വിജയന്റെ കമ്പനി വഴിയാണ് നടക്കുന്നത്. വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും അദാനിയ്ക്ക് കൈമാറിയതില്‍ അഴിമതിയുണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചു. സര്‍ക്കാര്‍ ഡാറ്റാ കച്ചവടം നടത്തുകയാണെന്നും ഇത് സംബന്ധിച്ച തെളിവ് സമയമാകുമ്പോള്‍ പുറത്ത് വിടുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇക്കാര്യങ്ങള്‍ പറയാന്‍ പോവുകയാണെന്ന് അറിഞ്ഞിട്ടാണ് പീഡനക്കേസില്‍ തന്നെ അറസ്റ്റ് ചെയ്തതെന്നും പിസി ജോര്‍ജ് പറഞ്ഞു.