പിസിജോര്‍ജിനെ അകത്താക്കാന്‍ കച്ചകെട്ടി സര്‍ക്കാര്‍. മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും.

Print Friendly, PDF & Email

മതവിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷവും കുറ്റം ആവർത്തിച്ചെന്നതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുൻ എംഎൽഎ പിസി ജോർജ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അപേക്ഷ ഇന്ന് പരിഗണിക്കുന്പോള്‍‍ അത് സർക്കാരിനും പിസി ജോര്‍ജിനും ഒരുപോലെ നിര്‍ണായകമാവുകയാണ്. വെണ്ണലയില്‍ ശിവക്ഷേത്രത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലാണ് പിസി ജോര്‍ജിനെതിരെ ഐപിസി 153 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരം പുതിയ കേസ് എടുത്തത്. നേരത്തെ, തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്തു നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിസി ജോര്‍ജിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് സർക്കാരിന് തിരിച്ചടിയായി. അറസ്റ്റ് എന്തിനാണെന്ന് വിശദീകരിക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്ന വിമ‍ർശനവുമായാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സർക്കാർ വാദം പറയാൻ അഭിഭാഷകൻ ഹാജരായുമില്ല..

ഈ സാഹചര്യത്തിലാണ് വെണ്ണില പ്രസംഗത്തിന്‍റെ പേരില്‍ പിസി ജോര്‍ജിനെതിരെ പാലാരിവട്ടം പോലീസ് പുതിയ കേസ് എടുത്തിരിക്കുന്നത്. അതോടൊപ്പം മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപേക്ഷ ഇന്ന് കോടതി പരിഗണിക്കുകയായിരിക്കുകയാണ്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പു പ്രകാരം പുതിയ കേസെടുത്ത കാര്യം സർക്കാർ കോടതിയെ ഇന്ന് അറിയിക്കും. ജാമ്യം നൽകിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെയാണെന്നും പി സി ജോർജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ചൂണ്ടികാട്ടിയുമാണ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ സർക്കാർ അപേക്ഷ നൽകിയത്. പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പ്രോസിക്യൂഷൻ വാദങ്ങള്‍ക്ക് പുതിയ കേസ് ബലം പകരമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. പിസി ജോര്‍ജിന്‍റെ ജാമ്യം കോടതി റദ്ദാക്കിയില്ലെങ്കില്‍ കൊച്ചിയിൽ രജിസ്റ്റർ ചെയ് പുതിയ കേസിൽ പിസി ജോര്‍ജിനെ വീണ്ടും അറസ്റ്റ് ചെയ്യുവാനാണ് പൊലീസ് നീക്കം. കോടതി ജാമ്യം റദ്ദാക്കിയാൽ അക്കാരണത്താല്‍ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്യും. എന്തായാലും പിസി ജോര്‍ജ് തുറങ്കിലടക്കണമെന്ന പിടിവാശിയിലാണ് സര്‍ക്കാരും കേരള പോലീസും. മത വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ പിസി ജോര്‍ജിനെ തുറങ്കലിലടച്ചാല്‍ അക്കാരണത്താല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി ഏകീകരിക്കുമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പിസിജോര്‍ജ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. മതവിദ്വേഷം ഉണ്ടാക്കുന്ന ഭാഗങ്ങൾ ഒന്നും തന്‍റെ പ്രസംഗത്തിൽ ഇല്ലെന്നും തിരുവനന്തപുരത്തെ കേസിൽ ജാമ്യം റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസ് എന്നും ഹർജിയിൽ പിസി ജോർജ് പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ട് തടയുകയാണ് സർക്കാർ ചെയ്യുന്നതെന്നും അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് വാദിക്കുന്ന പിസിജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കുന്പോള്‍ അത് സര്‍ക്കാരിനും പിസി ജോര്‍ജിനും ഒരുപോലെ നിര്‍ണ്ണായകമാവുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •