രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. മൂന്നാം തരഗം ആരംഭിച്ചതായി ആരോഗ്യ വിദഗ്ധര്‍.

Print Friendly, PDF & Email

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളി‌ൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂൺ ആറിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മഹാനഗരമായ മുംബൈയിലും കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ വ്യാഴാഴ്ച 15,097 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 15.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് ഡിസംബര്‍ 28ന് ശേഷമുള്ള വര്‍ദ്ധനവ് 30 മടങ്ങാണ്.

മഹാനഗരമായ മുംബൈയില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. 20,181 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 16 ശതമാനം ആശുപത്രി കിടക്കകളും രോഗികളാല്‍ നിറഞ്ഞ അവസ്ഥയാണ് മുംബൈയില്‍. 500 കെട്ടിടങ്ങള്‍ നഗരത്തില്‍ സീല്‍ ചെയ്തു. മുംബൈയിലെ പുതിയ കേസുകളില്‍ 85 ശതമാനത്തിനും ലക്ഷണങ്ങളുണ്ടായിരുന്നില്ല. 1170 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 106 പേര്‍ക്ക് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നു. ഒമിക്രോണ്‍ കേസുകളിലും മഹാരാഷ്ട്രയാണ് മുന്നിലുള്ളത്. ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് സംസ്ഥാനത്തും മുംബൈ നഗരത്തിലും കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.

കര്‍ണാടകയില്‍ 5031 പേര്‍ക്ക് കൂടി കൊവിഡ്. 4324 കേസുകളും ബംഗ്ലൂരുവിലാണ്. ടിപിആര്‍ നാല് ശതമാനത്തിന് അടുത്തെത്തി. വാരാന്ത്യ കര്‍ഫ്യൂ നാളെ മുതൽ നടപ്പാക്കും. ബംഗ്ലൂരുവില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. പൊതുഗതാഗതത്തിന് അടക്കം കടുത്ത നിയന്ത്രണമുണ്ട്. കേരളാ അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റും രണ്ട് ഡോസ് കുത്തിവയ്പ്പിന്‍റെ രേഖകളുമായി എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ.

സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം.ഒമിക്രോണ്‍ (omicron)ബാധിതരുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരവും എറണാകുളവുമടക്കം രാജ്യത്തെ പതിനഞ്ച് ജില്ലകളിലെമരോഗ വ്യാപനത്തില്‍ ആരോഗ്യമന്ത്രാലയം ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണി വരേയാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.

ഇതിനിടെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.നാല് മണിക്ക് വെര്‍ചല്‍ യോഗമാകും നടക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും. അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും പത്താംതീയതി മുതല്‍ കരുതല്‍ ഡോസ് നല്‍കി തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.