പൗരകാര്‍മികര്‍ക്കിടയിലേക്ക് സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാംമ്പുമായി കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി

Print Friendly, PDF & Email

ബൃഹ്ത് ബെഗളൂരു മഹാനഗര പാലികയുടെ കീഴിലുള്ള 32000ത്തില്‍ പരം പൗരകാര്‍മികര്‍ക്ക് സൗജന്യ കാന്‍സര്‍ നിര്‍ണ്ണയത്തിനുള്ള ബൃഹ്ത് പദ്ധതി ആസുത്രണം ചെയ്ത് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി. കോടികള്‍ ചിലവു വരുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം എച്ച്ആര്‍ബിആര്‍ ബിബിഎംപി ഓഫീസില്‍ 14ന് നടക്കും. അന്നേദിവസം വാര്‍ഡ് നമ്പര്‍ 24ലെ 340 ഓളം വരുന്ന പൗരകാര്‍മികര്‍ക്കു സൗജന്യമായി ക്യാന്‍സര്‍ നിര്‍ണ്ണയ പരിശോധന നടത്തും.

ജനങ്ങള്‍ ഭയപ്പാടോടെ കാണുന്ന കാന്‍സര്‍; ഒരു മാരക രോഗമല്ലെന്നും, പ്രാരംഭ ഘട്ടത്തിലുള്ള രോഗനിര്‍ണ്ണയം സാദ്ധ്യമാക്കിയാല്‍ ഏത് കാന്‍സര്‍ രോഗത്തേയും പൂര്‍ണ്ണമായും സുഖപ്പെടുത്തുവാന്‍ കഴിയുമെന്നും വൈദ്യശാസ്ത്രം ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍, രോഗം വഷളാകുമ്പോളായിരിക്കും പലപ്പോഴും രോഗ നിര്‍ണ്ണയം സാധ്യമാകുന്നത്.ഇതിനൊരു അറുതി വരുത്തുകയാണ് സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ പദ്ധതിയിലൂടെ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്.
കാന്‍സര്‍ രോഗം ആരംഭദശയില്‍ തന്നെ നിര്‍ണ്ണയിക്കുന്നതിനുള്ള ദക്ഷിണേന്ത്യയിലെ തന്നെ ഏക മൊബൈല്‍ യൂണിറ്റാണ് കേരളസമാജം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ക്യാന്‍സര്‍ നിര്‍ണ്ണയ പരിശോധന യൂണിറ്റ് ആയ കാന്‍സര്‍ കെയര്‍ ഓണ്‍വീല്‍. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയാല്‍ പൂര്‍ണ്ണമായും വികസിപ്പിച്ചെടുത്ത ലാബട്ടറി സംവിധാനത്തോടു കൂടിയ മൊബൈല്‍ യൂണിറ്റാണ് ഇത്. ഏതാണ്ട് ഒന്നര കോടിയോളം ചിലവു വന്ന ഈ മൊബൈല്‍ യൂണിറ്റ് സംസ്ഥാനത്തു തന്നെ ആദ്യത്തേതാണ്. ഏതെങ്കിലും ഒരു സാമൂഹിക സംഘടന പ്രാരംഭദശയില്‍ തന്നെ കാന്‍സര്‍ കണ്ടെത്തുന്നതിനായിയുള്ള മൊബൈല്‍ യൂണിറ്റുമായി സമൂഹ മധ്യത്തിലേക്ക് ഇറങ്ങുന്നതു ഇന്ത്യയില്‍ തന്നെ നാടാടെയാണ്.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിനുള്ള അനലൈസറായ വിഡാസ്, രക്ത പരിശോധനക്കുള്ള ഹെമിറ്റോളജി അനലൈസര്‍ ശരീരകോശങ്ങളിലെ താപവിതിയാനങ്ങള്‍ കണ്ടെത്തി രോഗനിര്‍ണ്ണയം നടത്തുന്ന ഇന്‍ഫ്രാറെഡ് തെര്‍മല്‍ ഇമാജിങ് സിസ്റ്റം തുടങ്ങി ഒരു കോടിയിലേറെ ചിലവ് വരുന്നതും ഫലനിര്‍ണ്ണയം തികച്ചും കംപ്യൂട്ടറൈസ്ഡ് ആയതുമായ ആധുനിക ടെക്‌നോളജിയുടെ ഈ സഞ്ചരിക്കുന്ന സമ്പൂര്‍ണ്ണ കാന്‍സര്‍ നിര്‍ണ്ണയ യൂണിറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളെല്ലാം ഇറക്കുമതി ചെയ്തതാണ്.

ഓങ്‌ങ്കോളജിസ്റ്റ്, ഗൈനകോളജിസ്റ്റ്, യൂറോളജിസ്റ്റ് തുടങ്ങിയ സ്പഷ്യലിസ്റ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന രോഗ നിര്‍ണ്ണയ പരിശോധനയില്‍ സ്ത്രീകള്‍ക്ക് സാധാരണയായി കാണപ്പെടുന്ന ബ്രെസ്റ്റ് കാന്‍സര്‍, യൂട്രസിയല്‍ കാന്‍സര്‍ കൊളോറിറ്റയല്‍ കാന്‍സര്‍, പുരുഷന്മാര്‍ക്ക് സാധാരണയായി കണ്ടുവരുന്ന, പ്രോസസ്ട്രിയല്‍ കാന്‍സര്‍, ലങ്‌സ്, ലിവര്‍ കാന്‍സര്‍ തുടങ്ങി കാന്‍സര്‍ രോഗത്തിന്റെ എല്ലാ വകഭേദങ്ങളേയും ആരംഭദശയില്‍ തന്നെ കണ്ടെത്തുവാന്‍ കഴിയുമെന്നതാണ് ഈ പരിശോധനകളുടെ ഏറ്റവും വലിയ നേട്ടം. മനുഷ്യശരീരത്തില്‍ കാന്‍സര്‍ ബീജാവാപം നടത്തുന്നതോടൊപ്പം തന്നെ രോഗനിര്‍ണ്ണയം സാധ്യമാകുന്നതോടെ കാന്‍സര്‍ പരിപൂര്‍ണ്ണമായും സുഖപ്പെടുത്തുവാന്‍ കഴിയും. സാധാരണയായി രണ്ടും മൂന്നും ഘട്ടങ്ങള്‍ കഴിയുമ്പോഴായിരിക്കും രോഗം ശ്രദ്ധയില്‍ പെടുന്നത്. അപ്പോഴേക്കും രോഗം ശരീരത്തില്‍ മാരകമായി വളര്‍ന്നു കഴിഞ്ഞിരിക്കും. ഈ സാഹചര്യമാണ് സാധാരണയായി കാന്‍സര്‍ രോഗികളില്‍ രോഗം സങ്കീര്‍ണ്ണമാക്കുന്നതും അവരെ മരണത്തിലേക്കു നയിക്കുന്നതും.

പൗരന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം ആണ്. എന്നാല്‍ അക്കാര്യത്തില്‍ നമ്മുടെ ആരോഗ്യവകുപ്പ് പറ്റേ പരാജയമാണ്. കതിരിനു വളംവക്കുന്ന നടപടികളായിരിക്കും പലപ്പോഴും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അതുകൊണ്ടാണ്; സമൂഹത്തില്‍ കാന്‍സര്‍ രോഗം വ്യാപകമായി കൊണ്ടിരിക്കുന്നത്. കാന്‍സര്‍ രോഗം പിടിപെടുന്നതിനുള്ള കാരണം പൂര്‍ണ്ണമായും ശാസ്ത്രത്തിന്റെ മുമ്പില്‍ തെളിയിക്കപ്പെട്ടിട്ടില്ലങ്കില്‍ പോലും ജീവിത ചുറ്റുപാടുകളും ജീവിത ശൈലികളും കാന്‍സര്‍ പിടിപെടുന്നതിനുള്ള ഒരു കാരണമായി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആ കാരണങ്ങള്‍ ഇല്ലാതാക്കുന്നതിനു പകരം പാലിയോറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലാണ് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ. ഈ സാഹചര്യത്തിലാണ് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റിയുടെ കാന്‍സര്‍ കെയര്‍ ഓണ്‍ വീല്‍ പദ്ധതി ശ്രദ്ധേയമാകുന്നത്.

നഗരത്തെ മാലിന്യ വിമുക്തമാക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ബെഗളൂര്‍ മഹാനഗരത്തിലെ 32000ത്തില്‍ പരം പൗരകാര്‍മികരുടെ കാര്യം മാത്രം എടുക്കാം. എല്ലാവിധ മാലിന്യങ്ങളുടേയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക്,  കാര്യക്ഷമമായ യാതൊരു വിധ ആരോഗ്യ സംരക്ഷണ നടപടികളും ആരോഗ്യ വകുപ്പ് നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. അതിനാല്‍ തന്നെ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ അവരുടെ ഇടയില്‍ വ്യാപകമാകുന്ന കാഴ്ച അസാധാരണമല്ല. ഏറ്റവും ചുരുങ്ങിയത് അരകിലോമീറ്റര്‍ ദൂരത്തെ മാലിന്യങ്ങള്‍ മുഴുവനും ശേഖരിച്ച് ശുചീകരിക്കുവാനാണ് ഓരോ പൗരകാര്‍മികരേയും ചുമതലപ്പെടുത്തിയിരിക്കു ന്നത്. പക്ഷെ, പലപ്പോഴും അതിലിരട്ടി പ്രദേശത്തെ മാലിന്യം ശേഖരിക്കുവാന്‍ അവരില്‍ പലരും നിര്‍ബ്ബന്ധിരാവുകയാണ്.

ബിബിഎംപി 24-ാം വാര്‍ഡായ എച്ച്ബിആര്‍ ലേഔട്ടിന്റെ കാര്യം മാത്രം എടുക്കാം. 4.6 കിലോമീറ്റര്‍ ചുറ്റളവുള്ള എച്ച്ബിആര്‍ലേ ഔട്ടില്‍ 120ഓളം കിലോമീറ്റര്‍ നീളം വരുന്ന ചെറുതും വലുതുമായ 916 റോഡകളാണ് ഉള്ളത്. ഏതാണ്ട് 21000 വീടകളിലായി 80000ത്തില്‍ പരം ജനങ്ങള്‍ വസിക്കുന്നു. ഇവിടെനിന്നും ഉണ്ടാകുന്ന മാലിന്യങ്ങള്‍ മുഴുവന്‍ ശേഖരിക്കുന്നത് ഏതാണ്ട് 340ഓളം വരുന്ന പൗരകാര്‍മ്മികരാണ്. ഓരോ പൗരന്റേയും ആരോഗ്യ സംരക്ഷണത്തിന് ഉത്തരവാദിത്വമള്ള സര്‍ക്കാരാകട്ടെ അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പോലും അനുവദിച്ചു നല്‍കിയിട്ടില്ല. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പിടിപെടുവാന്‍ സാധ്യത ഏറെയുള്ള ചുറ്റുപാടുകളില്‍ ജോലിചെയ്യുവാന്‍ നിര്‍ബ്ബന്ധിതരാകുന്ന ബെംഗളൂരു ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ 100 ശതമാനം ഉത്തരവാദിത്വവും സര്‍ക്കാരിന്റേത് മാത്രമായിരിക്കേ; അവരുടെ ഇടയിലേക്കാണ് സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ പരിശോധന ക്യാംപുമായി കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ കടന്നുചെല്ലുന്നത്.

പ്രാരംഭദശയില്‍ തന്നെ കാന്‍സര്‍ നിര്‍ണ്ണയിക്കുന്ന പരിശോധനകള്‍ നടത്തണമെങ്കില്‍ ഏത് ഹോസ്പിറ്റലുകളിലുംഏറ്റവും ചുരുങ്ങിയത് 15000രൂപയെങ്കിലും ഫീസ് നല്‍കേണ്ടി വരും. കാന്‍സര്‍ കെയര്‍ഓണ്‍ വീല്‍ എന്ന മൊബൈല്‍ കാന്‍സര്‍ പരിശോധന യൂണിറ്റിലൂടെ ഒരാളെ പരിശോധിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് 1000 രൂപയാണ് അസല്‍ ചിലവു വരുന്നത്. അതായത് 32000 പൗരകാര്‍മ്മികര്‍ക്ക് കാന്‍സര്‍ രോഗ നിര്‍ണ്ണയ പരിശോധന നടത്തണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 3,20,00,000 രൂപ വേണ്ടി വരുമെന്ന് സാരം. അതിനാല്‍ തന്നെ, ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിക്കുവാന്‍ കഴിയില്ല. പ്രാരംഭദശയില്‍ തന്നെ കാന്‍സര്‍ നിര്‍ണ്ണയിക്കുവാനും ആരംഭഘട്ടത്തില്‍ തന്നെ നല്‍കുന്ന ചികിത്സ യിലൂടെ രോഗമുക്തി നല്‍കി; കാന്‍സര്‍ രോഗത്തിന്റെ കരാള ഹസ്ത പിടിയില്‍ നിന്ന് മുക്തമായ ഒരു ജനതയെ സൃഷ്ടിക്കുവാനുമുള്ള ഈ പദ്ധതി വിജയിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനത്തിന്റെ സഹകരണം പ്രതീക്ഷിക്കുകയാണ് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍.

Pravasabhumi Facebook

SuperWebTricks Loading...