കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ സ്ഫോടനം

Print Friendly, PDF & Email

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയതിന്‍റെ പിന്നാലെ ഇരട്ട സ്ഫോടനം. ഭീകരാക്രമണത്തില്‍ 11 യു.എസ്. ദൗത്യസംഘാംഗങ്ങളും ഒരു ഡോക്ടറും ഉള്‍പ്പെടെ 72-ല്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടു. താലിബാനികളടക്കം 140 പേര്‍ക്ക് പരിക്കേറ്റു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) അഫ്ഗാന്‍ ഘടകമായ ഐ.എസ്. ഖൊരാസന്‍ പുലര്‍ച്ചേ 2.30 ഓടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അമേരിക്കന്‍ സേനയേയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയില്‍ ഇവര്‍ അറിയിച്ചു. കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ ആണ് ആദ്യം സ്ഫോടനം നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന രണ്ടാമത്തെ ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്. 30 പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ വിവരം. ഇവരിൽ എത്ര പേരുടെ നില ഗുരുതരമാണെന്ന് വ്യക്തമല്ല.സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താക്കളും സ്ഥിരീകരിച്ചു.

മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരിൽ അഞ്ച് അമേരിക്കൻ സൈനികരുണ്ട്. മരിച്ചവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ ഇന്നലെ ആക്രമണം നടക്കുമെന്നാണ് വിവരം നൽകിയത്. എന്നാൽ ഇന്നാണ് ആക്രമണം നടന്നിരിക്കുന്നത്.

ഈ സാഹചര്യത്തിൽ അഫ്ഗാനിലെ സ്ഥിതിഗതികൾ ലോകമനസാക്ഷിയുടെ മുന്നിൽ കൂടുതൽ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളാവുകയാണ്. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റവും താലിബാന്റെ മുന്നേറ്റവുമായിരുന്നു ഇതുവരെയെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം കൂടിയായതോടെ അഫ്ഗാനിസ്ഥാൻ ഭീകരരുടെ പിടിയിൽ പൂർണമായും അകപ്പെട്ടുവെന്ന് വ്യക്തമായിരിക്കുകയാണ്. ഇതോടെ വിവിധ രാജ്യങ്ങള്‍ നടത്തുന്ന കുടിയൊഴിപ്പിക്കല്‍ താറുമാറായിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •