സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ…

Print Friendly, PDF & Email

സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് പ്രതിരോധ മാര്‍ഗ്ഗനിര്‍‍ദ്ദേശങ്ങള്‍ പരാജയമാണെന്ന് തെളിഞ്ഞതോടെ പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് (Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ. ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ-മുൻസിപ്പൽ വാർഡുകളിലെയും കൊവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തിൽ എത്ര പേർക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഈ ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.

പുതിയ ഉത്തരവനുസരിച്ച് വാരാന്ത്യ ലോക്‍ഡൗണ്‍ ഞായറാഴ്ചകളില്‍ മാത്രമായിരിക്കും ഉണ്ടാവുക. എന്നാല്‍, സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗൺ ഉണ്ടാവില്ല. കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, മറ്റു വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും തിങ്കൾ മുതൽ ശനി വരെ തുറക്കാം. കടകൾ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെയായിരിക്കും പ്രവർത്തിക്കുക. ഒരു ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർ, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്കൊപ്പം കുട്ടികൾക്ക് പുറത്തു പോകാം.

എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും. തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ വാക്സിൻ എടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പരസ്യപ്പെടുത്തണം. ഒരു ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർ, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്ക് മാത്രമേ വ്യാപാരശാലകളിലും മാർക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ആയിരിക്കും കടകളിൽ പ്രവേശനം.

ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ എല്ലാ ദിവസവും തുറക്കാം. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി ഇവിടെ പാലിക്കണം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. എന്നാൽ ഓപ്പൺ ഏരിയയിലും കാറുകളിലും പാർക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകൾക്ക് ഭക്ഷണം വിളമ്പാം. രാത്രി 9.30 വരെ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും ഓൺലൈൻ ഡെലിവറിയും അനുവദനീയമാണ്.

എല്ലാവിധ സാമൂഹിക – സാംസ്കാരിക കൂട്ടായ്മകളും നിരോധിച്ചിരിക്കുന്നു. എന്നാൽ ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് പ്രവേശിക്കാം. വലുപ്പം കുറഞ്ഞ ആരാധനാലയങ്ങളില്‍ അത്രയും പേര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ഒരാൾക്ക് ചുരുങ്ങിയത് 25 ചതുരശ്ര അടി സ്ഥലമെങ്കിലും ഉറപ്പാക്കണം. മരണ – വിവാഹ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെൻ്റുകൾ, സിനിമാ തീയേറ്ററുകൾ എന്നിവ തുറക്കാൻ അനുമതിയില്ല. ഓൺലൈൻ വിൽപ്പനയ്ക്കായി മാത്രം മാളുകൾ തുറക്കാം. ഓൺലൈൻ ക്ലാസുകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാം.

സംസ്ഥാനത്തെ വ്യാപാര സമൂഹം പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും കോവിഡ് നിയന്ത്രണത്തിന്‍റെ പേരില്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ വേട്ടയാടുന്നത് തുടരുമോഎന്ന ആശങ്ക അവരില്‍ തുടരുകയാണ്. ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

  •  
  •  
  •  
  •  
  •  
  •  
  •