സാമ്പത്തിക തകർച്ചയുടെ ചിത്രം വരച്ചുകാട്ടി സിഎജി റിപ്പോർട്ട്…

Print Friendly, PDF & Email

കേരളത്തിന്റെ സാമ്പത്തിക തകർച്ചയുടെ കാരണങ്ങൾ നിരത്തിയ റിപ്പോർട്ട് സിഎജി പുറത്തുവിട്ടു, കേരളം അതിന്റെ ഇടക്കാല ധനകാര്യ പദ്ധതിയിൽ നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ല എന്നും നികുതി വരുമാനം കഴിഞ്ഞാൽ സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്നത് ലോട്ടറി ആണെന്ന ദയനീയ ചിത്രമാണ് സിഎജി വരച്ചു കാട്ടുന്നത്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 2016-17ൽ 75,611.72 കോടി രൂപയിൽ നിന്ന് 2020-21ൽ ₹97,616.83 കോടി വർധിച്ച്, 29.10 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ സംസ്ഥാനത്തിന്റെ റവന്യൂ ചെലവ് 2016-17ൽ 91,096.31 കോടി രൂപയിൽ നിന്ന് 2020-21ആയപ്പോഴേക്കും 1,23,446.33 കോടി രൂപ വർദ്ധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സിഎജി പുറത്തു വിടുന്നത്, അതായത് റവന്യൂ വരുമാനത്തിൽ 29.10 ശതമാനം വളർച്ചയാണുള്ളതെങ്കിൽ റവന്യൂ ചെലവിൽ 35.51 ശതമാനം വളർച്ച. വരവിനേക്കാൾ കൂടുതൽ ചിലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കടംമേടിച്ച് ജീവിക്കുന്ന ഒരു സംസ്ഥാനമാണ് കേരളമെന്നും 2020-21 കാലയളവിൽ, സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 21.49 ശതമാനം പലിശ പേയ്‌മെന്റുകൾക്കാണ് ഉപയോഗിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സർക്കാർ 2020-21 കാലയളവിൽ ബജറ്റിന് പുറത്ത് കടമെടുത്തുത് 9,273.24 കോടി രൂപയാണ്. ഇത്തരം കടമെടുപ്പ് മൂലം സംസ്ഥാനത്തിന്റെ നെറ്റ് ബോറോയിംഗ് സീലിംഗിനെ (NBC) മറികടക്കാമെങ്കിലും ഇത് ഒരു നിശ്ചിത കാലയളവിൽ സംസ്ഥാനത്തെ കടക്കെണിയിലേക്ക് നയിക്കുമെന്ന് സിഎജി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഈ വായ്പകൾ ബജറ്റിൽ വെളിപ്പെടുത്താത്തതിനാൽ അത്തരം ബാധ്യതകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിയമസഭയ്ക്ക് അറിയില്ല എന്നും അത് സംസ്ഥാനത്തിന്റെ സാമ്പത്തിക സുതാര്യത നഷ്ടപ്പെടുത്തുന്നുവെന്നും സിഎജി പറയുന്നു.

ഒരു നിശ്ചിത കാലയളവിൽ സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമാണ് മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം (ജിഎസ്ഡിപി). GSDP യുടെ വളർച്ച സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന സൂചകമാണ്, സംസ്ഥാനത്തിന്റെ ജിഎസ്ഡിപി 2019-20ൽ 8,54,689 കോടി രൂപയിൽ നിന്ന് കുറയുകയും 2020-21ൽ 11.20 ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. സ്റ്റേറ്റ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച്, 1969 മുതലുള്ള സംസ്ഥാനത്തിന്റെ ഡാറ്റ ജിഎസ്ഡിപിയിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയിട്ടില്ല, ചരിത്രത്തിലാദ്യമായിട്ടാണ് 2020-21 ൽ സംസ്ഥാനത്തിന്റെ ജിഎസ്ഡിപി കണക്കുകൾ നെഗറ്റീവ് വളർച്ച കാണിക്കുന്നത്. ഈ വർഷത്തെ ദേശീയ ജിഡിപിയും നെഗറ്റീവ് ആണ് കാണിക്കുന്നത്.

നികുതി ഈടാക്കലിലും പിഴവ്
നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റവന്യു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയിൽ സർക്കാറിനെതിരെ രൂക്ഷ വിമര്ശനമാണ് സിഎജി ഉയർത്തിയത്. നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും ചൂണ്ടിക്കാടുന്ന സിഎജി റിപ്പോർട്ട് സർക്കാറിന് തിരിച്ചടിയുണ്ടാക്കുന്നതാണ്. വിവിധ വകുപ്പുകൾ പിരിച്ചെടുക്കാനുള്ള നികുതി തുക 22,258 കോടി രൂപയായി വർധിച്ചെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. ആകെ വരുമാനത്തിൻറെ 22.33 ശതമാനം വരുമിത്. 12 വകുപ്പുകളിലായി അഞ്ച് വർഷത്തിലേറ പഴക്കമുള്ള 7100 കോടി രൂപ നികുതി കുടിശികയുണ്ട്. 1952 മുതൽ എക്സൈസ് വകുപ്പ് വരുത്തിയ കുടിശിക പോലുമുണ്ട് ഇകൂട്ടത്തിൽ. എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്ക് എത്തിയ 1905 കോടിയുടെ കാര്യത്തിലും തുടർ നടപടി ഉണ്ടായിട്ടില്ല. 6143.28 കോടി വിവിധ സ്റ്റേകളിൽ പെട്ടുകിടക്കുന്നുണ്ട്. 2 രൂപ ഇന്ധന സെസ് വഴി ധനവകുപ്പ് 750 കോടി പ്രതീക്ഷിക്കുമ്പോഴാണ് 7000 കോടിയുടെ വൻകുടിശ്ശിക പിരിച്ചെടുക്കാതെ കിടക്കുന്നത്. സ്റ്റേ ഒഴിവാക്കി കുടിശ്ശിക തുക തിരിച്ചെടുക്കാൻ വകുപ്പുതല നടപടി വേണമെന്നും കുടിശിക പിരിക്കാനുള്ള തടുർ പ്രവർത്തനങ്ങൾക്ക് ഡാറ്റാ ബേസ് ഉണ്ടാക്കണമെന്നും സിഎജി നിർദ്ദേശിക്കുന്നു. ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകൾ പരിശോധിക്കാത്തതാണ് നികുതി നഷ്ടം വരുത്തിയത്. ബാർ ലൈസൻസ് അനധികൃതമായി കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ ലൈസൻസുകൾ അനുവദിക്കുന്നതിന് പകരം അനധികൃതമായി കൈമാറ്റം അനുവദിച്ചതാണ് നഷ്ടം വരുത്തിയതെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. ആർടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു.

ക്ഷേമപെൻഷനുകളിലും വൻ നഷ്ടം
സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ചും നികുതി ചുമത്തിയത് സംബന്ധിച്ചും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിഎജി റിപ്പോർട്ട്. സാമൂഹികസുരക്ഷാ പെൻഷൻ കമ്പനിവഴി വിതരണംചെയ്ത ക്ഷേമപെൻഷനുകൾക്ക് കൃത്യമായ കണക്കോ രേഖകളോ ഇല്ലെന്ന ഗുരുതരമായ കണ്ടെത്തലാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നടത്തിയിരിക്കുന്നത്. 2018 മുതൽ 2021 വരെ ആകെ ലഭിച്ചതും വിതരണംചെയ്ത തുകയും തമ്മിൽ 4478 കോടിയുടെ വ്യത്യാസമുണ്ട്. ഇതിന്റെ കാരണം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സി.എ.ജി. റിപ്പോർട്ട് പറയുന്നു. 2018-19, 2019-20 വർഷങ്ങളിൽ പെൻഷൻ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ(ഡി.ബി.ടി.) സെല്ലിന്റെയും പെൻഷൻകമ്പനിയുടെയും ഇടപാടുകണക്കുകൾ പൊരുത്തപ്പെടുന്നതല്ല. കോടിരൂപ പെൻഷൻകമ്പനി പഞ്ചായത്ത് ഡയറക്ടറേറ്റിന് നൽകിയതായിട്ടാണ് ഡി.ബി.ടി. സെല്ല് സി.എ.ജി.ക്ക് നൽകിയ കണക്ക്. എന്നാൽ, 9699.48 കോടി നൽകിയതായിട്ടാണ് കമ്പനി നൽകിയ കണക്കിലുള്ളത്. അക്കൗണ്ടുകൾ ഒത്തുനോക്കാൻ പഞ്ചായത്ത് ഡയറക്ടർക്കും പെൻഷൻകമ്പനിക്കും നിർദേശം നൽകിയതായി സർക്കാർ സി.എ.ജി.യെ അറിയിച്ചിട്ടുണ്ട്. അക്കൗണ്ടുകളുടെ ദുരുപയോഗം അഴിമതിക്ക് വഴിവെക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അർഹതയില്ലാത്ത പലർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയെന്നും അപേക്ഷ സമർപ്പിക്കാത്തവർക്ക് പോലും പെൻഷൻ നൽകിയെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടി പറയുന്നു. പരേതരായ 1698പേർക്ക്സാമൂഹ്യസുരക്ഷ പെൻഷൻ നൽകിയതിലൂടെ സർക്കാരിന് 2.63കോടി നഷ്ടമുണ്ടായതായി നിയമസഭയിൽ വച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ടിൽ വിമർശനം. മരിച്ചവർക്കുമാത്രമല്ല, അപേക്ഷിക്കാത്തവർക്കും സർക്കാർ ജീവനക്കാർക്കും സർവീസ്പെൻഷൻകാർക്കും സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നതായി സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 96,285പെൻഷൻകാർ മരിച്ചതായി സഹകരണ സൊസൈറ്റികൾ അറിയിച്ചിട്ടും അവർക്കുള്ള 118.16കോടി പെൻഷൻതുക സംഘങ്ങൾക്ക്കൈമാറിയതായും റിപ്പോർട്ടിലുണ്ട്. ഫണ്ട്കൈമാറ്റം തടഞ്ഞെങ്കിലും സർക്കാരിന് പലിശയിനത്തിൽ 0.87കോടി നഷ്ടമുണ്ടായി. ജില്ലകളിൽ 4701പരേതർക്ക്പെൻഷനായി 5.93കോടി കൈമാറ്റം ചെയ്തെന്നും സി.എ.ജി കണ്ടെത്തി.

കുന്നത്തുകാൽ, ചാത്തന്നൂർ പഞ്ചായത്തുകളിൽ അപേക്ഷിക്കാത്ത 2പേർക്ക്പെൻഷൻ അനുവദിച്ചു. തള്ളിയ 17,278അപേക്ഷകരിൽ 513പേരെ പുതിയ അപേക്ഷകരായി അംഗീകരിച്ച്പെൻഷൻ നൽകി. കൃത്യമായ പരിശോധനയില്ലാത്തത്മുതലെടുത്ത് 9201സർവീസ്പെൻഷൻകാരും സർക്കാർ ജീവനക്കാരും 39.27കോടി പെൻഷൻ വാങ്ങി. ഇത്തിരിച്ചുപിടിച്ചിട്ടില്ല. ആധാർ ഉപയോഗിച്ചുള്ള പരിശോധനയിൽ 3990പേർ വിധവ, അവിവാഹിത എന്നീയിനങ്ങളിലെ ഇരട്ടപെൻഷൻ വാങ്ങുന്നതായി കണ്ടെത്തി. ഇതിലൂടെ നഷ്ടം 3.83കോടി. രേഖകളില്ലാതെ 278 പേർക്ക്പെൻഷൻ അനുവദിച്ചു. അനർഹർക്ക് 68ലക്ഷം രൂപ പെൻഷനായി നൽകി. ഗുണഭോക്താക്കളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചപ്പോൾ 39.27കോടി രൂപ ക്രമരഹിതമായി നൽകിയെന്ന് കണ്ടെത്തി. 19.69% ഗുണഭോക്താക്കൾ അനർഹരെന്ന് സർവേയിൽ തെളിഞ്ഞു. സാക്ഷ്യപത്രങ്ങൾ ഹാജരാക്കാതെയും പെൻഷൻ അനുവദിച്ചു. സർക്കാർ സർക്കുലറിന്വിരുദ്ധമായി 585 വിവാഹമോചിതർക്കും ഭർത്താക്കന്മാർ ഉപേക്ഷിച്ചവർക്കും വിധവാ പെൻഷനായി 1.8കോടി നൽകി. ഗുണഭോക്താക്കളുടെ യോഗ്യതയുറപ്പാക്കാതെ 1500രൂപ നിരക്കിൽ പെൻഷൻ നൽകിയതിലൂടെ 10.11കോടി ക്രമവിരുദ്ധമായി ചെലവിട്ടു. പെൻഷൻ നേരിട്ട് അക്കൗണ്ടിൽ നൽകുന്നതിന് പകരം സഹകരണ സംഘങ്ങൾ വഴി വീട്ടിലെത്തിക്കുന്നതിൽ ക്രമക്കേടിന് പഴുതുകളേറെയുണ്ട്.ഗുണഭോക്താവിനെ ചേർക്കുന്നത്മുതൽ പെൻഷൻ വിതരണം വരെ നടത്തുന്ന സേവന പെൻഷൻ സോഫ്‌റ്റ്‌വെയറിൽ വീഴ്ചയുണ്ട്. മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും പെൻഷൻ സോഫ്റ്റ്‌വെയർ നവീകരിക്കണമെന്നും സി.എ.ജി ശുപാർശ ചെയ്തു.

കടമെടുത്ത് സാമൂഹിക ക്ഷേമപെൻഷൻ സാമൂഹിക ക്ഷേമ പെൻഷനുകൾ നൽകുവാനായി ആവശ്യത്തിലധികം കടമെടുക്കുന്ന രീതി 2018 മുതൽ ഓരോ വർഷവും ഉണ്ടായതായി സിഎജി കുറ്റപ്പെടുത്തുന്നു. 2019-20 ൽ പെൻഷൻവിതരണത്തിന് ആവശ്യമായ തുകയെക്കാൾ 4049 കോടിയാണ് അധികമായി കമ്പനി വായ്പയെടുത്തത്. തെറ്റായി എടുത്തതാണെന്നാണ് സർക്കാർ നൽകിയ വിശദീകരണം. 2018-19 വർഷത്തിൽ ബെവ്‌കോയിൽനിന്ന് 1000 കോടി കമ്പനിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും വിവരങ്ങളോ വിശദീകരണങ്ങളോ ഇല്ലാത്തതിനാൽ ഇടപാടുകൾ പരിശോധിക്കാനായിട്ടില്ലെന്ന് ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, 2018-19 മുതൽ 2020-21 വരെയുള്ള കാലയളവിൽ 1596 കോടിരൂപ കമ്പനി പലിശയായി അടച്ചിട്ടുണ്ട്. അത് വായ്പത്തുകയിൽ നിന്നാണ് അടച്ചത്. പെൻഷൻവിതരണത്തിനായി കമ്പനിയെടുക്കുന്ന വായ്പയുടെ ബാധ്യത സർക്കാരിനായിരിക്കുമെന്നാണ് ധാരണ. കമ്പനി പലിശയടച്ചത് ഈ വ്യവസ്ഥയുടെ ലംഘനമാണ്. പെൻഷൻ വിതരണത്തിനായി കമ്പനി എടുത്ത വായ്പകൾക്ക് 10,848 കോടിരൂപയുടെ കുടിശ്ശികയുണ്ട്. ഇത് സർക്കാരിന്റെ സഞ്ചിതനിധിയിൽനിന്ന് തിരിച്ചടയ്ക്കുമ്പോൾ സംസ്ഥാനത്തിന്റെ ചെലവനനുസരിച്ച് കൂടും.

പെൻഷൻ വിതരണത്തിന് വലിയതുകയാണ് കമ്പനി കൈകാര്യംചെയ്യുന്നത്. എന്നാൽ, പണമിടപാടുകൾ സംബന്ധിച്ച് പാസ്ബുക്ക് അല്ലാതെ മറ്റൊരു രജിസ്റ്ററും കമ്പനി സൂക്ഷിക്കുന്നില്ല. രേഖകളുടെ അഭാവംകാരണം വിതരണംചെയ്ത പെൻഷൻ, തടഞ്ഞുവെച്ചിരിക്കുന്ന തുക, പെൻഷൻ വിതരണത്തിന്റെ സ്ഥിതി ഇവയൊന്നും പരിശോധിച്ച് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കമ്പനി ഓഡിറ്റർമാർതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതൊക്കെ ദുർബലമായ നിയന്ത്രണസംവിധാനത്തിന്റെ സൂചനയാണ്. കൃത്യമായ നിരീക്ഷണസംവിധാനമില്ലാത്തത് സാമ്പത്തിക ക്രമക്കേടുകൾക്കും ദുരുപയോഗങ്ങൾക്കും കാരണമായേക്കാം. ഇവ ഉടനടി പരിഹരിക്കണമെന്നും സി.എ.ജി. നിർദേശിക്കുന്നു.

കെഫോണിലും നഷ്ടം
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ-ഫോൺ പദ്ധതി നടത്തിപ്പിന് ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സിഎജി നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടുന്നത്. 1531 കോടിക്കായിരുന്നു ടെണ്ടർ ഉറപ്പിച്ചത്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അത് വഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയതിലുമാണ് സിഎജി സർക്കാരിനോട് വ്യക്തത തേടിയിട്ടുള്ളത്. ബെൽ കൺസോർഷ്യത്തിന് നൽകിയ കെ.ഫോൺ നൽകിയ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി രൂപയെന്ന് സിഎജി പരാമർശം. മൊബിലൈസേഷൻ അഡ്വാൻസ് വ്യവസ്ഥകൾ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തി സിഎജി സർക്കാരിനോട് വിശദീകരണം തേടി. കെഎസ്ഇബി ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം പോലും അവഗണിച്ചാണ് കരാറുമായി മുന്നോട്ട് പോയത്. ആദ്യ കരാറിൽ ഇല്ലാതിരുന്നിട്ടും എം ശിവശങ്കറിന്റെ വാക്കാലുള്ള നിർദ്ദേശം പരിഗണിച്ചാണ് 10 ശതമാനം മൊബിലൈസ്ഷൻ അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ തയ്യാറായത്.

Pravasabhumi Facebook

SuperWebTricks Loading...