കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍. പോലീസ് കൊള്ള തുടരുമോ എന്ന ആശങ്കയില്‍ ജനം.

Print Friendly, PDF & Email

സംസ്ഥാനത്ത് ലോക്ഡൗണ്‍ രീതിയിലും നിയന്ത്രണങ്ങളുടെ ഘടനയിലും മാറ്റം വരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിതല സമിതിയുടെ ഉള്‍പ്പെടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ ഞായര്‍ മാത്രമാക്കി. ഇതോടെ ശനിയാഴ്ച ഉള്‍പ്പെടെ ആറ് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കടകളുടെ പ്രവര്‍ത്തന സമയവും ദീര്‍ഘിപ്പിക്കും. സ്വാതന്ത്ര്യദിനം, അവിട്ടം എന്നീ ദിവസങ്ങള്‍ ഞായറാഴ്ച ആയതിനാല്‍ അന്നേ ദിവസസങ്ങളില്‍ ലോക് ഡൗണ്‍ ഒഴിവാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിലവിലെ രീതി മാറ്റി. ഇനി മുതല്‍ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. ഒരാഴ്ചയിലെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മേഖലതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആയിരം പേരില്‍ എത്ര രോഗികള്‍ എന്ന കണക്കില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ വിവിധ മേഖലകളില്‍ നിന്ന് രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിക്ക് മാറ്റം വരുത്തുന്നത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്, ട്രാഫിക്ക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു. കൊവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.

കോവിഡ് മഹാമാരിയിൽ നട്ടംതിരിയുന്ന ജനങ്ങളെ പെറ്റിയടിച്ച് പിഴിയാൻ നിർദേശം നൽകിയത് സർക്കാർ തന്നെയെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം പൊലീസ് കേസെടുത്ത് പെറ്റി അടിയ്ക്കുന്നത് നിശ്ചിത ക്വാട്ട തികയ്ക്കാൻ വേണ്ടിയാണെന്ന് റിപ്പോർട്ടുകളുണ്ട്. നിശ്ചിത തുക ദിവസേന പെറ്റിയടിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ ജില്ലകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാന വ്യാപകമായി പോലീസ് ഒരു ദയയും കാണിക്കാതെ പെറ്റിയടിച്ച് തുടങ്ങിയത്. നിശ്ചിത തുക സ്വരൂപിക്കാത്ത പോലീസുകാർക്കെതിരെ നടപടിക്കും നീക്കമുണ്ടെന്നാണ് വിവരം. മാസ്‌ക് വച്ച് പശുവിന് പുല്ലരിയാൻ പോയ ആളിനുൾപ്പെടെ പൊലീസ് പെറ്റി അടിച്ചിരുന്നു.

ഹെൽമറ്റ് വയ്ക്കാതെ പോകുന്നവനും ഇപ്പോൾ പകർച്ചവ്യാധി നിയന്ത്രണം ലംഘിച്ചെന്നാണ് കേസ്. പുതിയ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസിനും സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കും കൂടുതൽ അധികാരം കിട്ടിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടയോ വിധിക്കാം. ഈ അധികാരം ഉപയോഗിച്ചാണ് പൊലീസ് നടപടി. വർക്കലയിൽ നിന്ന് മീൻ വിൽപനക്ക് പാരിപ്പള്ളിയിലെത്തിയ മൽസ്യത്തൊഴിലാളി സ്ത്രീയുടെ മീൻ പൊലീസ് വലിച്ചെറിഞ്ഞതും ഈ നിയമപ്രകാരം. എന്നാൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇതുവരെ ഒരു കോടിയിലേറെ രൂപ പിഴ ഇനത്തിൽ പിരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതോടെ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന കൊള്ളയടി നിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കേരളീയര്‍.