ലോക കായിക മാമാങ്കം ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു.
കൊറോണ ഭീതിയില്‍ നാളുകള്‍ നീക്കുന്ന ലോകത്തിന് പ്രതീക്ഷയേകി ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. ഒരുമയുടെ സന്ദേശമുയര്‍ത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ സമയം 4.30നാണ് ആരംഭിച്ചത്. കോവിഡ് മഹാമാരിയില്‍ ജീവന് നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ആരംഭിച്ച ടോക്യോ ഒളിമ്പിക്സില്‍ ജപ്പാന് ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ ആധുനിക ചരിത്രത്തിലെ 32-ാം ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
1964ലെ ഒളിമ്പിക്സിന്റെയും ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായിരുന്ന നാഷണൽ സ്റ്റേഡിയത്തിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബാച്ച്, ജാപ്പനീസ് ചക്രവർത്തി നരുഹിതോ, അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ തുടങ്ങിയ ലോക നേതാക്കളടക്കം1000ത്തിൽ താഴെ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിലാണ് ചരിത്രത്തിലാദ്യമായി കാണികളെക്കൂടാതെ നടത്തുന്ന ഒളിമ്പിക്സിന് തുടക്കമായി. രാജ്യത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന പരിപാടികളോടെ ആയിരുന്നു ഒളിമ്പിക്സിന് തിരിതെളിഞ്ഞത്. 42 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 339 ഇനങ്ങളിലായി 206 രാജ്യങ്ങളില്‍ നിന്നായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.
ഇന്ത്യന്‍ സംഘത്തില്‍ നിന്ന് 26 പേരാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. ബോക്സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തി. കൊവിഡ് സാഹചര്യം മുൻനിറുത്തി താരങ്ങളും ഒഫിഷ്യൽസുമടക്കം 25 പേർമാത്രമാണ് ഇന്ത്യൻ പതാകയ്ക്ക് പിന്നിൽ അണിനിരന്നത്.

