കനത്ത മഴ ബംഗളുരു നഗരത്തിൽ നാശം വിതച്ചു.
ബെംഗളൂരു നഗരത്തില്‍ പെയ്തിറങ്ങിയ കനത്ത മഴ നഗരവാസികളെ ദുരിതത്തിലാക്കി. ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ 3 മണിയോടെ ആലിപ്പഴ വര്‍ഷത്തോടെ കനക്കുകയായിരുന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളം കയറി റോഡുകള്‍ വെള്ളത്തിലായി. നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആര്‍ സര്‍ക്കിളിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്. യുവതിയ്‌ക്കൊപ്പം മറ്റ് അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന യുവതി പുറത്തിറങ്ങാനാവാതെ കുടുങ്ങി പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഭാനുരേഖയുടെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച യുവതിയുടെ കൂടെ അപകടത്തില്‍ പെട്ടവരെ കാണാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി. ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഇതിന് പിന്നാലെ ബംഗളുരു നഗരത്തിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നും അപകടമുണ്ടായി. ബംഗളുരു വിദ്യാരണ്യ പുരയിലാണ് മഴയിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ ഫോഴ്‌സും പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തുകയാണ്. സുരക്ഷിതമായി കെട്ടിട അവശിഷ്ടങ്ങൾ മാറ്റാൻ ശ്രമിക്കുകയാണ് രക്ഷാ സേന.