രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ 6-8 ആഴ്ചയിൽ നിന്ന് 12-16 ആഴ്ചയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.

Print Friendly, PDF & Email

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉദ്പാദിപ്പിക്കുന്ന ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ ആയ ‘കോവിഷീൽഡ്’ ന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള അന്തരം 12-16 ആഴ്ചയായി ഉയർത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ‌ടി‌ഐ‌ജി) ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ഐസിഎംആര്‍ (Indian Council of Medical Research)ന്‍റെ തീരുമാനം. നിലവിൽ, കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നാല് മുതൽ എട്ട് ആഴ്ച വരെയാണ്. രണ്ട് ഡോസ് കോവാക്സിനുകള്‍ തമ്മിലുള്ള കാലാവധി നിലവിലുള്ളതു പോലെതന്നെ തുടരും. കോവിഡ് -19 ന് പോസിറ്റീവ് ആയവര്‍ സുഖം പ്രാപിച്ച് ആറുമാസത്തേക്ക് വാക്സിനേഷൻ മാറ്റിവയ്ക്കണമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ‌ടി‌ഐ‌ജി) ശുപാർശ ചെയ്തിരുന്നു. ഈ നിര്‍ദ്ദേശവും ഐസിഎംആര്‍ അംഗീകരിച്ചിരിക്കുകയാണ്.

ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ ഡോസുകൾ തമ്മിലുള്ള മൂന്ന് മാസത്തെ ഇടവേള ആറ് ആഴ്ചത്തെ ഇടവേളയേക്കാൾ ഉയർന്ന വാക്സിൻ ഫലപ്രാപ്തിക്ക് കാരണമാകുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. ആദ്യ ഡോസിന് രണ്ട് മാസങ്ങൾക്കിടയിലുള്ള മാസങ്ങളിൽ 76 ശതമാനം വരെ പരിരക്ഷ നൽകാമെന്ന് പുതിയ പഠനത്തിലെ കണ്ടെത്തല്‍. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഡോസുകൾ തമ്മിലുള്ള ഇടവേള മൂന്ന് മാസത്തേക്ക് സുരക്ഷിതമായി നീട്ടാൻ കഴിയുമെന്നും അത് ഒരു ഡോസ് നൽകുന്ന പരിരക്ഷയുടെ ഫലപ്രാപ്തിയുടെ കാലാവധി വര്‍ദ്ധിപ്പിക്കുമെന്നും പറയുന്നു.“രണ്ടാമത്തെ ഡോസ് ദീർഘകാല പ്രതിരോധശേഷി ഉറപ്പാക്കുന്നതിനാല്‍ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച എല്ലാവരും രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ആൻഡ്രൂ പൊള്ളാർഡ് പറയുന്നു.