ഗോപാലകൃഷ്ണന്റെ പരിണാമം (സിനിമാസ്‌കോപ്പ്)
കാല്‍നൂറ്റാണ്ട് മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 1993 ല്‍. ഹൈദരാബാദിലും ബാംഗല്‍രിലുമായി സൈന്യം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. സൂപ്പര്‍ താരം മമ്മൂട്ടിയാണ് നായകന്‍. സൂപ്പര്‍ സംവിധായകനായ ജോഷിയുടെ സിനിമയാണ്. അക്കാലത്തുതന്നെ കലാമൂല്യവും താരമൂല്യവും ഒപ്പം പണക്കൊഴുപ്പുമുള്ള വമ്പന്‍ സിനിമകളുടെ സെലിബ്രിറ്റി സംവിധായകരാണ് ജോഷിയും പ്രിയദര്‍ശനും. ഇപ്പോഴും ആ പരിവേഷം അവര്‍ നിലനിര്‍ത്തിപ്പോരുന്നുണ്ട്. എല്ലാ താരങ്ങളെയും അണിനിരത്തി ആരുടെ ഇമേജിനും കോട്ടംതട്ടാത്ത വിധത്തില്‍ ട്വന്റി 20 പോലുള്ള സിനിമയെടുക്കാന്‍ ജോഷിയ്ക്കല്ലാതെ മറ്റാര്‍ക്ക് കഴിയും?.
ബാംഗല്‍രിലും ഹൈദരാബാദിലും മലയാള സിനിമകളുടെ ചിത്രീകരണം നടക്കുമ്പോള്‍ കേരളശബ്ദത്തിന്റെ സഹോദര പ്രസിദ്ധീകരണമായ നാന സിനിമാവാരികയ്ക്ക് വേണ്ടി സെറ്റുകള്‍ കവര്‍ ചെയ്തിരുന്നത് ഈ കുറിപ്പുകാരനാണ്. സിനിമാലോകവുമായി അത്ര അടുപ്പമില്ലെങ്കിലും, പതിവായി സെറ്റുകളില്‍ പോകാറില്ലെങ്കിലും കവറേജ് ഞാന്‍ ‘ംഗിയായി ചെയ്യും എന്ന വിശ്വാസം എന്തുകൊണ്ടോ പ്രസിദ്ധീകരണ ശൃംഖലയുടെ ഉടമസ്ഥയും നാനയുടെ മാനേജിംഗ് എഡിറ്ററുമായ വിമലാരാജകൃഷ്ണന്‍ വെച്ചുപുലര്‍ത്തിയിരുന്നു. ആ വിശ്വാസവും പ്രേരണയുമാണ് സിനിമാസെറ്റുകള്‍ കവര്‍ ചെയ്യാനുള്ള ആത്മവിശ്വാസം എനിക്ക് നല്‍കിയത്. സിനിമാലോകം അടിമുടി മാറുകയും ജാടയും അധോലോക വാഴ്ചയും രൂഢമൂലമാവുകയും ചെയ്തതോടെ എന്റെ ആത്മവിശ്വസം നഷ്ടമായി എന്നുകൂടി പറഞ്ഞുവെക്കട്ടെ. സൈന്യത്തിന്റെ ലൊക്കേഷനില്‍ മൂന്നുതവണകളായി ആറേഴുദിവസം ഞങ്ങളുണ്ടായിരുന്നു. ഹൈദരാബാദില്‍ എന്നോടൊപ്പം ഫോട്ടോഗ്രാഫറായി വന്നത് സോമന്‍ വയനാട് ആണ്. ബാംഗ്ലൂരില്‍ രമണറെഡിയും. മമ്മൂട്ടിയെ കൂടാതെ സുകുമാരന്‍, സോമന്‍, മുകേഷ്, ദേവന്‍ തുടങ്ങി വലിയൊരു താരനിര സൈന്യത്തിലുണ്ട്. പ്രിയാരാമനും മോഹിനിയുമാണ് നായികമാര്‍. രണ്ടാം നിരയില്‍ വിക്രം, പ്രേംകുമാര്‍ എന്നിവരുണ്ട്. ഇവരെയെല്ലാം അണിനിരത്തി ഞങ്ങള്‍ എക്‌സ്‌ക്ല്യൂസീവ് ഫോട്ടോസെഷനുകള്‍ ചെയ്തു. ഇന്റര്‍വ്യൂകള്‍ എടുത്തു. തിരക്കിനിടയില്‍ ഞങ്ങളെ വിളിച്ചിരുത്തി ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാന്‍ ജോഷിയും സമയം കണ്ടെത്തി. ഷിബു ചക്രവര്‍ത്തിയും കൂടെ ഉണ്ടായിരുന്നു. ഞങ്ങള്‍ മടങ്ങുന്ന ദിവസം യലഹങ്കയിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലായിരുന്നു ഷൂട്ടിംഗ്. വലിയ താരങ്ങളോടൊപ്പം ഓഫിസര്‍ ട്രെയിനികളായി അഭിനയിക്കുന്ന ചില പുതുമുഖനടന്മാരും സെറ്റിലുണ്ട്. മമ്മൂട്ടിയുടേയും മറ്റും എക്‌സ്‌കല്‍സീവുകള്‍ എടുക്കാനുള്ള ബദ്ധപ്പാടില്‍ ഞങ്ങള്‍ക്കവരെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഷൂട്ടിംഗിന്റെ ഇടവേളയില്‍ മമ്മൂട്ടിയെയും മറ്റു പ്രമുഖ താരങ്ങളെയും കമാന്‍ഡന്റ് ഓഫിസിന്റെ മുന്‍വശത്തു നിര്‍ത്തി ഞങ്ങള്‍ ഏതാനും വേറിട്ട ചിത്രങ്ങളെടുത്തു. അതുകഴിഞ്ഞു രമണറെഡിയും ഞാനും ഒരു വശത്തേക്ക് മാറി എന്തോ സംസാരിക്കുകയായിരുന്നു.
ഞങ്ങളെയൊന്നും നിങ്ങള്‍ മൈന്‍ഡ് ചെയ്യില്ല അല്ലേ. പാവപ്പെട്ട ഞങ്ങളും ഉണ്ട് ഈ ചിത്രത്തില്‍. ഞങ്ങളെയും ഒന്ന് പൊക്കിവിട് ചേട്ടാ…! സൈന്യത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുന്ന യുവനടനാണ്. ഉയരം കുറവാണ്. ഇരുനിറം. കണ്ണില്‍ പ്രതീക്ഷയുടെ തിളക്കമുണ്ട്. അയ്യോ അങ്ങനെയൊന്നുമില്ല. നാനയ്ക്ക് എല്ലാവരും ഒരുപോലെയാണ്’ഞാന്‍ പറഞ്ഞു. അതിനിടയില്‍ അയാളുടെ കൂട്ടുകാരും വന്നെത്തി. അവര്‍ ഒന്‍പത് പേരുണ്ട്. കൂട്ടത്തില്‍ ടിവിയില്‍ കോമഡി ചെയ്യുന്ന അബിയെ മാത്രമെ ഞങ്ങള്‍ക്ക് മുഖപരിചയമുള്ളൂ. മുജീബ്, ഷാജില്‍, മുകുന്ദന്‍, കൃഷ്ണന്‍, സൂരജ്, സ്‌റ്റെയിന്‍സ് ജോസഫ്, ജോസ് ടറന്‍സ് അവരെയെല്ലാം പരിചയപ്പെട്ടു. ഒന്നിച്ചുനിര്‍ത്തി ഗ്രൂപ്പ് ഫോട്ടോ എടുത്തു. എന്റെ സ്‌ക്രിബ്ബ്‌ലിങ് പാഡില്‍ ഓരോരുത്തരായി പേരും വിലാസവും എഴുതിത്തന്നു. സൈന്യത്തിലെ മൂന്നാംനിര എന്ന തലക്കെട്ടില്‍ ആ ഫോട്ടോയും റിപ്പോര്‍ട്ടും നാനയില്‍ പ്രാധാന്യത്തോടെ അച്ചടിച്ചുവന്നു. ആദ്യം പരിഭവം പറഞ്ഞ യുവാവിന്റെ പേര് ദിലീപ്. അതെ, പിന്നീട് മലയാളസിനിമയെ അതിക്രമിച്ച് കീഴടക്കുകയും ഇപ്പോള്‍ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത സൂപ്പര്‍ സ്റ്റാര്‍ ദിലീപ് തന്നെ!. ദിലീപിന്റെ കളര്‍ ഫോട്ടോ ഒരു പ്രമുഖ സിനിമാവാരികയില്‍ അച്ചടിച്ചുവന്നത് ആദ്യമായിട്ടായിരുന്നു. ചെങ്കോലില്‍ ഏറ്റവും ഇളയ കീരിക്കാടനെ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ സൂരജും, ദിലീപ്, സ്‌റ്റെയിന്‍സ് ജോസഫ്, ജോസ് ടറന്‍സ് എന്നിവരും സൈന്യത്തിന്റെ മൂന്നാം നിരയിലുണ്ട്’എന്ന് ഞാന്‍ ആ റിപ്പോര്‍ട്ടില്‍ എഴുതിയ വാചകത്തിലുണ്ട് അക്കാലത്തെ ദിലീപിന്റെ പ്രാധാന്യം.
പിന്നീട് 1999ല്‍ ഗുണ്ടല്‍പേട്ടയില്‍ വെച്ചാണ് ദിലീപിനെ നേരില്‍ കണ്ടത്. ലാല്‍ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍. അതിനിടയില്‍ ഉത്സാഹിയായ ആ ചെറുപ്പക്കാരന്‍ നായകനായും ജനപ്രിയതാരമായും വളര്‍ന്നുകഴിഞ്ഞിരുന്നു. മലയാളികളുടെ പ്രിയങ്കരിയായ നടി മഞ്ജുവാര്യരെ ജീവിതസഖിയാക്കുക എന്ന മഹാഭാഗ്യവും അയാള്‍ക്ക് കൈവന്നിരുന്നു. അനി കാരുവള്ളിലാണ് ഫോട്ടോഗ്രാഫര്‍. കാവ്യാ മാധവന്‍ ആദ്യമായി നായികാവേഷം ചെയ്യുന്ന ചിത്രം, ദിലീപും കാവ്യയും ആദ്യമായി ജോടിചേരുന്ന ചിത്രം അങ്ങനെ ചന്ദ്രനുദിക്കുന്ന ദിക്കിന് സവിശേഷതകള്‍ പലതുണ്ടായിരുന്നു. മഞ്ജുവാര്യരെയും കൂട്ടിയാണ് ദിലീപ് സെറ്റിലെത്തിയത്. ലാല്‍ജോസിന്റേയും ക്യാമറാമാന്‍ എസ്. കുമാറിന്റെയും സഹായത്തോടെ ഞങ്ങള്‍ ദിലീപും കാവ്യവും ഒന്നിച്ചുള്ള കുറെ ചിത്രങ്ങളെടുത്തു. ചന്ദ്രനുദിക്കുന്ന ദിക്കിലെ മുകുന്ദനും രാധയും എന്ന തലക്കെട്ടില്‍ മനോഹരമായ നിരവധി ഫോട്ടോകള്‍ സഹിതം ആ റിപ്പോര്‍ട്ട് നാനയില്‍ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പിന്നീട് പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ ദിലീപ് കാവ്യ ജോടിയെപ്പറ്റി ആദ്യമായി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയും ചിത്രങ്ങളുമായിരുന്നു അത്. മഞ്ജു വാര്യരെ ജീവിതത്തിലും കാവ്യമാധവനെ സിനിമയിലും നായികമാരാക്കി പിന്നീട് ദിലീപ് നടത്തിയത് സകലതും കീഴടക്കുന്ന, സര്‍വ്വതും കൈയടക്കുന്ന അശ്വമേധമാണ്. പണത്തിന്റെ, സുഖസമൃദ്ധിയുടെ, ഗ്ലാമറിന്റെ, അധികാര സ്വാധീനത്തിന്റെ മാസ്മരലഹരിയില്‍ അഹങ്കാരത്തിന്റെ സുദര്‍ശനം കറക്കി അരങ്ങും അണിയറയും അടക്കിവാഴുകയായിരുന്നു ദിലീപ്. മഞ്ജു പോയപ്പോള്‍ കാവ്യയെ അയാള്‍ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അതിനിടയില്‍ നാടകങ്ങള്‍ പലതും അരങ്ങേറി.
സുസ്‌മേര വദനത്തിനും സൗമ്യമായ പെരുമാറ്റത്തിനും ഉള്ളില്‍ പ്രതികാരദാഹിയും ക്രൂരനുമായ, പ്രേക്ഷകര്‍ക്കും സമൂഹത്തിനും അപരിചിതനായ മറ്റൊരാളെ ദിലീപ് ഉള്ളിന്റെ ഉള്ളില്‍ വളര്‍ത്തിയെടുത്തിരുന്നു എന്ന് വിശ്വസിക്കാന്‍ നമുക്ക് വല്ലാതെ പ്രയാസപ്പെടേണ്ടിവരുന്നു.
പഴയ ഗോപാലകൃഷ്ണന്റെ, സൈന്യത്തിന്റെ സെറ്റില്‍ ഞങ്ങള്‍ കണ്ട ഉത്സാഹിയായ ചെറുപ്പക്കാരന്റെ വിനയവും മനുഷ്യപ്പറ്റും എങ്ങോട്ടോ ഒലിച്ചുപോയിരുന്നു. അല്ലെങ്കില്‍ ഞങ്ങളെപ്പോലുള്ള പാവങ്ങളെ നിങ്ങള്‍ മൈന്‍ഡ് ചെയ്യില്ലല്ലോ എന്ന് നിഷ്‌കളങ്കതയോടെ പരിഭവം പറഞ്ഞ അയാള്‍ക്കെങ്ങിനെയാണ് സുഹൃത്തും സഹപ്രവര്‍ത്തകയുമായ നടിയെ നിര്‍ദാക്ഷിണ്യം ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാനാവുക? പ്രതികാരചിന്തയാല്‍ തിളയ്ക്കുന്ന രോഷം അതുകൊണ്ടും തീരുന്നില്ല. പോലീസ് ശേഖരിച്ച തെളിവുകള്‍ വിശ്വസിക്കാമെങ്കില്‍, അതിക്രമം നടത്തുമ്പോഴുള്ള ദൃശ്യമെടുക്കുമ്പോള്‍ ഇരയുടെ ചിരിക്കുന്ന മുഖവും വിവാഹ മോതിരമണിഞ്ഞ വിരലും അതില്‍ പതിയണം. എനിക്കത് കാണണം എന്ന ഡയലോഗുമുണ്ട്. നാം ഇതുവരെ കണ്ടും കേട്ടും ത്രില്ലടിച്ച സിനിമകളെയെല്ലാം വെല്ലുന്നതാണിത്. ക്രൂരതയുടെ, സാഡിസത്തിന്റെ പാരമ്യം. എല്ലാ പരിധികളും ലംഘിക്കുന്ന ഈ അധമസംസ്‌കാരത്തിന്റെ അടിവേരുകള്‍ സിനിമാരംഗത്തുനിന്ന് സിനിമയില്‍ നിന്ന് തന്നെയും പിഴുതെറിയുകതന്നെ വേണം. നമുക്ക് വേണ്ടത് ദിലീപിനെ പോലുള്ള ക്രൂരതയുടെ പര്യായങ്ങളായ കൊച്ചിരാജാക്കന്മാരല്ല, വിനയവും മനുഷ്യപ്പറ്റുമുള്ള ഗോപാലകൃഷ്ണന്മാരെയാണ്.
-വിഷ്ണുമംഗലം കുമാര്‍-