14 മത് എൻ.എൻ. കക്കാട് ബാല സാഹിത്യ പുരസ്‌കാരം ധ്യാൻ ചന്ദിന്
ജനുവരി 20-ന് തിരുവനന്തപുരത്ത് പുരസ്കാരം സമ്മാനിക്കും 🛑 2020 ലെഎസ്.കെ പൊറ്റക്കാട് സാഹിത്യ അവാർഡ് സമിതിയുടെ പ്രത്യേക പ്രോത്സാഹന സമ്മാനം 🛑 2019 ൽ ആദ്യചെറുകഥാ സമാഹാരം “പൂഞ്ചേരിക്കനാലിലെ പാമ്പ് 🛑 2020 ൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ കഥാമത്സരത്തിൽ ഒന്നാം സ്ഥാനം.
കോഴിക്കോട് : മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന 14 മത് എൻ.എൻ. കക്കാട് ബാല സാഹിത്യ പുരസ്‌കാരം ധ്യാൻ ചന്ദ് ന്. കോഴിക്കോട് ജില്ലയിലെ മൊടക്കല്ലൂരാണ് സ്വദേശം.
കേരള സർക്കാരിന്റെ 2020 ലെ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2019 ൽ ആദ്യചെറുകഥാ സമാഹാരം “പൂഞ്ചേരിക്കനാലിലെ പാമ്പ് ” പ്രസിദ്ധീകരിച്ചു. 2020 ലെഎസ്.കെ പൊറ്റക്കാട് സാഹിത്യ അവാർഡ് സമിതിയുടെ പ്രത്യേക പ്രോത്സാഹന സമ്മാനം ഈ പുസ്തകത്തിനു ലഭിച്ചു. കാഞ്ഞങ്ങാട് സപര്യ കലാവേദിയുടെ ആദ്യ ആതിരസ്മൃതി ബാലസാഹിത്യ പുരസ്കാരം പൂഞ്ചേരിക്കനാലിലെ പാമ്പ് എന്ന കൃതിക്കു ലഭിച്ചു. 2020 ൽ അക്ബർ കക്കട്ടിൽ അനുസ്മരണ സമിതിയുടെ അവാർഡ്
ധ്യാൻചന്ദിന്റെ “കുറ്റപത്രം ” എന്ന ചെറുകഥയ്ക്ക് ലഭിച്ചു.
” കുറ്റപത്രം ” എന്ന ചെറുകഥ 2020 ൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഓൺലൈൻ കഥാമത്സരത്തിൽ ഒന്നാം സമ്മാനാർഹമായി. 2019 ൽ കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാമുദ്ര പേരാമ്പ്രയുടെ ആദ്യ കലാമുദ്രപുരസ്കാരം നേടി .
2022 ലെ കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതിയുടെ കൃഷ്ണൻ മേത്തല അവാർഡ് ലഭിച്ചു. രണ്ടാമത്തെ പുസ്തകം “പിന്നോട്ടു നടക്കുന്ന ഘടികാരം ” 2022 ൽ ഹരിതം ബുക്സ് പ്രസിദ്ധീകരിച്ചു. 2023 ൽ ഫസ്ഫരി പ്രഥമ ബാലസാഹിത്യ അവാർഡിന് അർഹനായി. 2023 ൽ കഴക്കൂട്ടം യുവകലാസാഹിതിയുടെ അഖിലകേരള ചെറുകഥാ പുരസ്കാരം നേടിയിട്ടുണ്ട്.
2023 ൽ തൃശൂർ ടി.വി. കൊച്ചുബാവ അഖില കേരള ചെറു കഥാപുരസ്കാരം നേടി. യു.പി ക്ലാസുകളിൽ വെച്ച് എഴുതാൻ തുടങ്ങിയിട്ടുണ്ട്. തളിര്, യുറീക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം തുടങ്ങിയവയിലുമൊക്കെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായന , അഭിനയം,ചിത്രരചന ,ചെസ് ഇവയിലൊക്കെ താൽപര്യമുണ്ട്. ഇപ്പോൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
ഗോവ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ , ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ , കെ.പി ബാബുരാജൻ മാസ്റ്റർ , സി.കെ ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതി ആണ് അവാർഡ് നിർണയയിച്ചത്.
2024, ജനുവരി 20-ന് തിരുവനന്തപുരത്ത് അവാർഡ് സമ്മാനിക്കും .പതിനായിരം രൂപയും , പ്രശസ്തി പത്രവും, ശില്പവും അടങ്ങുന്നതാണ് കക്കാട് അവാർഡ്.