ബില്ലുകളില്‍ ഗവര്‍ണറുടെ പൂഴിക്കടകന്‍; ഏഴ്‌ ബില്ലുകള്‍ രാഷ്ട്രപതിക്കു വിട്ടു.

Print Friendly, PDF & Email

ഗവര്‍ണര്‍മാര്‍ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായതിനു പിന്നാലെ ഒപ്പിടാത്ത ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു വിട്ടുകൊണ്ട് ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. അതോടെ ഈ ബില്ലുകളുടെ ഭാവി ഫ്രീസറിലായി. പ്രസിഡന്‍റിനയക്കുന്ന ബില്ലുകള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പരിഗണിക്കണമെന്ന യാതൊരു നിബന്ധനകളും ഇല്ലന്നതാണ് അതിനു കാരണം. സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകള്‍ (2021,2022), സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന രണ്ടു ബില്ലുകള്‍, സര്‍വ്വകലാശാല സെര്‍ച്ച് കമ്മറ്റി പരിഷ്‌കരണ ബില്‍, ലോകായുക്ത ബില്‍, സഹകരണബില്‍ എന്നിവ ഉള്‍പ്പെടെയുള്ള ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്. അതേസമയം പൊതു ജനാരോഗ്യ ബില്ലിൽ ഗവ‍ര്‍ണര്‍ ഒപ്പിട്ടു.