സാമൂഹിക ക്ഷേമ പദ്ധതികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്…?
കേരളത്തില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് മൂര്‍ദ്ദന്യത്തില്‍ എത്തിയതോടെ ഉയര്‍ത്തിക്കാട്ടാന്‍ ഒന്നുമില്ലാതെ ആശയ ദാരിദ്ര്യത്തിലാണ് പിണറായി വിജയന്‍ നയിക്കുന്ന ഇടതു മുന്നണി സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച വികസന പ്രവര്‍ത്തനങ്ങളില്‍ ചിലതെല്ലാം പൂര്‍ത്തീകരിച്ചു എന്നല്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്ന പിണറായി സര്‍ക്കാരിന് എടുത്തുകാട്ടാന്‍ തക്ക ഒരു പദ്ധതിയും അവര്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടില്ല. ഒരു ഭാഗത്ത് സ്വര്‍ണ്ണക്കടത്തു മുതല്‍ റിവേഴ്സ് ഹവാല വരെ എത്തിനില്‍ക്കുന്ന മാഫിയ ബന്ധങ്ങളെ ക്കുറിച്ചുള്ള ആരോപണങ്ങള്‍ നിയമസഭയേയും സ്പീക്കറേയും കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിനില്‍ക്കുന്നു. പ്രതിരോധത്തിക്കുവാന്‍ കെട്ടിപ്പൊക്കിയ കിഫ്ബിയും അതുവഴി നടപ്പിലാക്കിയ ചെറുതും വലുതുമായ ഓരോ പദ്ധതികളും സംശത്തിന്‍റെ നിഴലില്‍ ആയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം ഏര്‍പ്പെടുത്തിയ കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ഉയരുന്നത് ലക്ഷങ്ങളില്‍ നിന്ന് കോടികളിലേക്കുയരുന്ന കമ്മീഷനുകളുടെ കഥകള്‍. സര്‍ക്കാരിന്‍റെ ചെറുതും വലുതുമായ ഓരോ പദ്ധതികളില്‍ നിന്നും അഴിമതിയുടെ ദുര്‍ഗന്ധമുയരുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ ആകെ കണ്ടിരിക്കുന്ന വഴി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാത്രം. സിപിഎംന്‍റെ സൈബര്‍ പടയാളികള്‍ സോഷ്യല്‍ മീഡിയകളില്‍ എടുത്തു വീശുന്ന ഏക ആയുധമായി ഇത് മാറികഴിഞ്ഞു.
ഈ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ പൊള്ളത്തരവും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. സാമൂഹ്യക്ഷേമ മിഷനിലൂടെയും മറ്റും സൂഹത്തിലെ ഏറ്റവും ദുര്‍ബ്ബല വിഭാഗത്തിന് നല്‍കൊണ്ടിരുന്ന ധനസഹായം നിക്ഷേധിച്ച്, ക്ഷേമപെന്‍ഷനുകളെക്കുറിച്ച് പെരുമ്പറ കൊട്ടി പ്രചാരണം നടത്തുന്ന ഇടതുസര്‍ക്കാര്‍ യാതൊരു അര്‍ഹതയുമില്ലത്തവര്‍ക്ക് കടം വാങ്ങി പെന്‍ഷന്‍ കൊടുത്തിട്ട് അഭിമാനിക്കുകയാണ്…!!!. പത്ത് വോട്ടിനു വേണ്ടി പെന്‍ഷനുകള്‍ കൊടുക്കുമ്പോള്‍ മറുവശത്ത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയുടെ കഥകളാണ് പുറത്തുവരുന്നത്.
*1.5 ലക്ഷത്തോളം രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ പദ്ധതി ഇപ്പോള്‍ പ്രതിസന്ധിയിലാണ്. യുഡിഎഫ് സര്‍ക്കാര്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി നല്കിയ കാരുണ്യ ധനസഹായ പദ്ധതിയാണിത്. ഈ പദ്ധതിയെ ഇപ്പോള്‍ ആയുഷ്മാന്‍ പദ്ധതിയുടെ കീഴിലാക്കി. ഇതൊരു ഇന്‍ഷ്വറന്‍സ് പദ്ധതിയാണ്. നേരത്തെ അനായാസം മുന്‍കൂറായി ചികിത്സാ സഹായം കിട്ടിയിരുന്ന പദ്ധതി ആയുഷ്മാന്റെ കീഴിലാക്കിയതോടെ കടമ്പകളേറെയായി. ബഹു ഭൂരിപക്ഷം പേര്‍ക്കും അപ്രാപ്യവുമായി.
*ഡയാലിസിന് വിധേയമാകുന്നവര്‍ക്കും വൃക്കമാറ്റിവച്ച് തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും പ്രതിമാസം നല്കുന്ന 1100 രൂപയുടെ സമാശ്വാസം പദ്ധതിയില്‍ 2019 ഒക്‌ടോബര്‍ മുതല്‍ ധനസഹായം കുടിശികയാണ്. ഒരു കാരണവശാലും മുടങ്ങാന്‍ പാടില്ലാത്ത ഡയാലിസിസ് തുടരാനാവാതെ രോഗികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നു.
*കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസം കിരണം പദ്ധതിയില്‍ 2019 മെയ് മുതല്‍ കുടിശിക. 2018 ഏപ്രില്‍ മുതലുള്ള അപേക്ഷ പരിഗണിച്ചിട്ടില്ല. പ്രതിമാസം 600 രൂപയാണ് ധനസഹായം. കിടപ്പുരോഗികളെ പരിചരിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍.
*മാതാവിനെയോ പിതാവിനെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്കു ധനസഹായം നല്കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ 2019, 2020 എന്നീ വര്‍ഷങ്ങളിലെ തുക ഇതുവരെ നല്കിയില്ല. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ നല്‌കേണ്ട തുകയാണ്.
*ഭിന്നശേഷിക്കാരിലെ അതിതീവ്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചു. ഇവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള യാത്രാബത്തയായ 12,000 രൂപ നല്കുന്നില്ല. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുകയായ 28,500 രൂപയില്‍ നിന്ന് 12,000 രൂപ കിഴിച്ച് 16,500 രൂപയേ നല്കൂ. ഓട്ടിസം, സെറിബ്രല്‍ പള്‍സി തുടങ്ങിയവയുള്ള കുട്ടികളാണിവര്‍.
*8700 എച്ചഐവി ബാധിതര്‍ക്ക് നല്കുന്ന പ്രതിമാസ 1000 രൂപ ധനസഹായം നിലച്ചിട്ട് 18 മാസം. 2019 സെപ്റ്റംബര്‍ മുതല്‍ കുടിശിക. ചികത്സയ്ക്കും മറ്റു ജീവിതച്ചെലവുകള്‍ക്കും പണം കണ്ടെത്താനാവാതെ സമൂഹത്തില്‍നിന്നും വീട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ട അവര്‍ നട്ടംതിരിയുന്നു.
*വയനാട്ടിലെ 1000 അരിവാള്‍ രോഗികള്‍ക്ക് 2000 രൂപവച്ചുള്ള ധനസഹായം മാസങ്ങളായി മുടങ്ങി.
*കാന്‍സര്‍ രോഗികള്‍ക്ക് ആര്‍സിസി വഴി നല്കിവരുന്ന 1000 രൂപ ധനസഹായം ഒരു വര്‍ഷമായി നിലച്ചു. 8700 രോഗികളുണ്ട് ഈ വിഭാഗത്തില്‍.
ഈ അവശ വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍ നിക്ഷേധിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ആരുമില്ല..!. അവര്‍ വോട്ടുബാങ്കുമല്ല…!!. ഇവിടെ ഒരു ചോദ്യം ഉയരുന്നു. ആര്‍ക്കാണ് പെന്‍ഷന്‍ നല്‍കേണ്ടത്….? സമൂഹത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനോ..??. അതോ പത്ത് വോട്ടു കിട്ടുമെന്നതിന്‍റെ പേരില്‍ യാതൊരു അര്‍ഹതയുമില്ലത്തവര്‍ക്കോ…???. ഒരു തൊഴിലും ചെയ്യാതെ മുദ്രാവാക്യം വിളിച്ചു നടക്കുന്ന ചെറുപ്പക്കാര്‍ക്കോ…?. മക്കളെയെല്ലാം അമേരിക്കയിലും ഇംഗ്ലണ്ടിലും ജോലിക്കുവിട്ട് സുഭിക്ഷതയില്‍ കഴിയുന്ന 65 വയസ് കഴിഞ്ഞവര്‍ക്കോ…?? ഇതില്‍ അഭിമാനിക്കാന്‍ എന്തുണ്ട് ഈ സര്‍ക്കാരിന്…???